Saturday, March 31, 2012

മുപ്പത്തി രണ്ടാം രാവ്...

അവള്‍
ഒരു അപ്പൂപ്പന്‍താടി ...
കൂട്ടം കൂടി പറന്ന് പറന്ന് ....
ഒടുവില്‍കൂട്ട് വിട്ട് തനിച്ചുള്ള യാത്ര....
കാറ്റിന്റെ ഉന്മാദ കൈകളില്‍ ഊഞ്ഞാലയാടി
കാടിനോടും കിളികളോടും കിന്നാരം ചൊല്ലി
കഥ കേട്ടുറങ്ങുന്ന മലയും പുഴയും കടന്ന്.....
ആകാശത്തിനോട് ആശകള്‍ പങ്കു വെച്ച്
പൂമ്പാറ്റയോട് പിന്നെ വരാമെന്ന് പൊളി പറഞ്ഞ്
പറക്കാന്‍ കഴിയാത്ത പൂക്കളോട് പൊങ്ങച്ചം പറഞ്ഞ്
തുരുത്തിന്റെ ഏകാന്ത സ്വപ്നങ്ങളെ വകഞ്ഞു മാറ്റി
എത്തപെട്ടത് കണ്ണീര്‍ പോല്‍ തെളിഞ്ഞു പലവഴി ഒഴുകുന്ന
ഒരു പാവം പുഴയുടെ പിടക്കുന്ന മാറിലേക്ക്‌ ....
കൈ ചൂണ്ടി പുഴ പറഞ്ഞു അരുത് സാഹസം
അതിരുകള്‍ കൈവിട്ട അല്‍പ ജ്ഞാനിയുടെ അവിവേകം
വീഴാതെ കൈ നീട്ടി പുഴയുടെ കാരുണ്യം....
പുഴ ഒഴുകും വഴി പുഴയെ പുണര്‍ന്ന്
അവളുമൊഴുകി പുഴ പോലുമറിയാതെ...
പ്രണയ തീര്‍ഥത്താല്‍ ഒന്നാകെ നനഞ്ഞ്..
പിന്നീടെപ്പോഴോ പുഴ അറിയാതെ അവളെ പുണര്‍ന്നു
ഒരിക്കലും പിരിഞ്ഞു പറക്കാന്‍ കഴിയാത്ത വണ്ണം..
അപ്പോഴേക്കും അവള്‍ പുഴയെ വരിച്ചു കഴിഞ്ഞിരുന്നു....
വര്‍ണ്ണ കാഴ്ച്ചയുടെ മായാ ലോകത്തേക്കാള്‍
ഇന്നവളുടെ ലോകം പുഴയിലേക്കൊതുങ്ങി...
അവനിലലിഞ്ഞു അവനോടൊപ്പം ഒഴുകി ...
ആ പ്രണയ തുരുത്തിലെ ചുഴികളില്‍ വട്ടം കറങ്ങി
അവസാന നിമിഷം വരെ പുഴയെ പിരിയാതെ
പുഴയെല്ലാം ഒഴുകുന്നിടത്തേക്ക് ...
ആ സ്നേഹ സാഗരത്തിലേക്ക്.....
അവിടെന്നും ഒഴുകി ഒടുവില്‍..
ആ ത്രിവേണി സംഗമത്തിലേക്ക് !

No comments:

Post a Comment