Wednesday, March 7, 2012

പന്ത്രണ്ടാം രാവ്

ഫ്രഞ്ചധീന മയ്യഴി മാഹിയാവുന്നത്, സ്വതന്ത്രമാകുന്നത് വളരെ വൈകിയാണ്, ചരിത്ര വസ്തുതകളെ ചികയാതെ ഞാന്‍ നീങ്ങുകയാണ്.. ഡെല്‍ഹിയിലേക്കുള്ള പറിച്ച് നടല്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ന് ഈ വരവിനെ ഇത്ര ഗൃഹാതുരത്വമുള്ളതാക്കില്ലായിരുന്നു.

പണ്ട് നടന്ന് പിന്നിട്ട ഇടവഴികളെല്ലാം മാഞ്ഞിരിക്കുന്നു, ടാറിട്ട ചെറുറോഡുകളും ഗ്രില്ലിട്ട ചെറുതും വലുതുമായ വീടുകളും കോണ്ട് നിറങ്ങിരിക്കുന്നു ഈ കുഞ്ഞു ദേശം.

യാദൃശ്ചികതയെന്ന് പറയാം, മയ്യഴിയെ ഹൃദയത്തിലേറ്റിയ എഴുത്തുകാരനെ ആദ്യമായി വായിക്കുന്നത് ഡെല്‍ഹി എന്ന നോവലിലൂടെയാണ്, അതും ഡെല്‍ഹിയില്‍ വെച്ച്, പിന്നീട് എന്നോ കണ്ടു, ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം. മാഹി എന്ന പഴയ മയ്യഴിയുടെ വൈകാരികത ഇത്ര നിറയുന്ന ദൃശ്യത എന്നില്‍ നിറഞ്ഞത് ആ നോവല്‍ തേടിപ്പിടിച്ച് വായിക്കുന്നതില്‍ എത്തിച്ചിരുന്നു.

മാന്തികനും ദയാലുവുമായ എല്ലാത്തിലുമുപരി നിസ്സഹായനുമായ അല്‍ഫോണ്‍സച്ചന്റെ ഇടറി വീഴ്ചയില്‍ വായന അവസാനിച്ചിരുന്നെങ്കിലും അതിന്റെ ആഴം എന്നും ഉറക്കത്തിനെ സ്വപ്നശകലമായ് തൊട്ടുണര്‍ത്തിയിരുന്നു..

ഓഹ്.. നിശബ്ദചിന്തയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുന്നു, മാഹി പള്ളിയുടെ സാന്നിദ്ധ്യം.. പ്രാര്‍ത്ഥനയ്ക്കിനിയും സമയമുണ്ട്, ഇത്തിരി കൂടി കഴിഞ്ഞാവട്ടെ, അതുവരെക്കും ഇവിടമൊക്കെ ചുറ്റി നടക്കാം..

പള്ളി മണി ഉയരുന്നത് ആസ്വദിച്ച് നടന്ന് പടികളിറങ്ങുവാന്‍ തുടങ്ങി..


“അയ്യോ‍ാ..” ഒരടി തെറ്റി താഴേക്ക് പതിക്കാന്‍ തുടങ്ങിയ എന്നെ താങ്ങിയത് ആരാണ്.. മുഖം തിരിഞ്ഞ് നോക്കി ഞാന്‍..

“എന്താഡീ, ദിവാ സ്വപ്നം കാണുകാണോ?”
‘ദൈവത്തിന്റെ വികൃതികള്‍’ പുസ്തകവും മാറിലേക്കമര്‍ത്തി കസേരയില്‍ കഴുത്തൊടിഞ്ഞുറക്കം തൂങ്ങിയ എന്നെ തട്ടിയുണര്‍ത്തിയ മമ്മയുടെ ചോദ്യം..

“മമ്മാ, ഇങ്ങനെ പേടിപ്പിക്കരുത്” എന്റെ ദയനീയ ഭാവം മമ്മയില്‍ ചിരിയുണര്‍ത്തി..

“മമ്മാ, മമ്മാ, നമുക്കൊരിക്കല്‍ മാഹിയില്‍ പോകണം, എന്റെ ഒരു ആഗ്രഹമാ, ദാ ഇപ്പോള്‍ തോന്നിയത്, ഞാനെന്തൊക്കെയോ സ്വപ്നം കണ്ട് ആകെ വല്ലാതായി..”

പോകാമെന്നോ ഇല്ലെന്നോ എന്നൊന്നും പറയാതെ, ഒരു പുഞ്ചിരി വിടര്‍ത്തി അപ്പോഴേക്കും മമ്മ അടുക്കളയിലേക്ക് നിങ്ങിയിരുന്നു..

ഞാന്‍ സ്വയം തലയ്ക്ക് ഒരു കിഴുക്ക് കിഴുക്കി കണ്‍പോളകള്‍ പിടിച്ച് വിടര്‍ത്തി വാഷ് ബേസിനരികിലേക്കും നടന്നു..

..
മേഘമാത്യു


|||||||image courtesy 'google'|||||||

1 comment:

  1. പോസ്റ്റുകളുടെ വൈവിധ്യം നല്ലത് ആണ്. നല്ല സ്വപ്നം

    ReplyDelete