Wednesday, July 27, 2011

എട്ടാം രാവ്...

കാത്തിരുന്ന കണ്ണുകളില്‍ ഗസല്‍പൂക്കള്‍ വിരിയിച്ചു കൊണ്ട് 
ചാന്ദിനീ രാവ്അതാ മാടി വിളിക്കുന്നു.

ഈ രാവില്‍ നിന്‍റെ ചാരത്തിരുന്നു...അത്തറിന്റെ മണമുള്ള  അറേബ്യന്‍ നഗരങ്ങളെ കുറിച്ച് വാചാലമാകുമ്പോള്‍...കാരക്കയുടെ നാട്ടിലെ പ്രൌഡ സുന്ദരമായ പഴയ കാല ചരിത്രങ്ങള്‍ മണല്‍ കാറ്റിനെ ഉമ്മ വെച്ച് ...മോസപോട്ടാമിയന്‍ സംസ്കാരത്തിനെ മാടി വിളിക്കുന്നു.


ഒട്ടകത്തിന്റെ പുറത്തേറി അതാ രാജകിങ്കരന്മ്മാര്‍ കാരാവാന്‍ യാത്രയിലാണ്.അറേബ്യന്‍ സംസ്കാരത്തിലെ മിത്തുകളും സത്യങ്ങളും ഇഴ പിരിച്ചു പറയുന്നതിന്  എന്‍റെ മുത്തിന്റെ ഹൃത്തടം തന്നെ എനിക്കു തല ചായ്ക്കാന്‍ കിട്ടുന്ന ഈ രാവ്...പുലരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്.


രാത്രി ഏറെ വൈകി .കഥകളിലേക്ക് പോകും മുന്‍പ് നിന്‍റെ കാതുകളില്‍ ഒരു രഹസ്യം പറയട്ടെ? വേണ്ട...അത് പിന്നീടാകാം...ഇന്ന് നീ യുദ്ധഭൂമിലെ തിളയ്ക്കുന്ന സൂര്യനെപോലെ സുന്ദരനായിരിക്കുന്നു എന്ന് മാത്രം മൊഴിഞ്ഞു കഥന പ്രിക്രിയയിലെക്ക് കടക്കട്ടെ?


ഷാരിയറുടെ രാജമഞ്ചത്തിലിരുന്ന് ഷേരാസാദ് നടത്തിയ 
കഥാകഥനമെന്ന അഖണ്ഡയജ്ഞത്തില്‍ പറഞ്ഞുകൂട്ടിയ
 കഥകളില്‍ ലോകപ്രസിദ്ധങ്ങളായ 
പല മറുനാടന്‍ കഥകളും ഉള്‍പ്പെട്ടിരുന്നു-
ഇന്ത്യന്‍, ചൈനീസ്, ഹീബ്രു, സിറിയന്‍, 
ഗ്രീക്, ഈജിപ്ഷ്യന്‍ കഥകള്‍. ഈ കഥകള്‍
 പില്ക്കാലത്ത് അറബിഭാഷയിലേക്കു 
വിവര്‍ത്തനം ചെയ്യപ്പെട്ടു. 


ക്രമേണ അറേബ്യന്‍ ജീവിതഗന്ധികളായ 
പല പുതിയ കഥകളും ഇവയോടുകൂടിച്ചേര്‍ന്ന്
 ഇന്നറിയപ്പെടുന്നതരത്തിലുള്ള 
അറബിക്കഥാസമാഹാരമുണ്ടായി. 
കപ്പലോട്ടക്കാരനായ സിന്‍ബാദ്,
 കഴുതയും കാളയും കൃഷിക്കാരനും, 
മുക്കുവനും ഭൂതവും, എണ്ണക്കച്ചവടക്കാരന്‍, 
യഹൂദവൈദ്യന്‍, തയ്യല്‍ക്കാരന്‍, 
ബാഗ്ദാദിലെ ക്ഷുരകന്‍, 
ഒരു സുന്ദരിയും അഞ്ചു കാമുകരും,
 മൂന്നു ലന്തപ്പഴം, സമുദ്രപുത്രിയായ ഗയര്‍, 
അബു ഹസ്സന്‍, അലാവുദ്ദീനും അദ്ഭുതവിളക്കും, 
ഹാറൂണ്‍-അല്‍-റഷീദ്, ആലിബാബയും 
നാല്പതു കള്ളന്മാരും, മാന്ത്രികക്കുതിര,
അസൂയാലുക്കളായ സഹോദരിമാര്‍, 
ബുക്കിയാത്ത് എന്ന നപുംസകം, 
ആശാരിയും പക്ഷികളും മൃഗങ്ങളും,
 വിഡ്ഢിയായ സ്കൂള്‍ മാസ്റ്റര്‍, 
കെയ്റോയിലെ പൊലീസ് മേധാവി, 
മാരഫ് എന്ന ചെരുപ്പുകുത്തിയും ഭാര്യ ഫാത്തിമയും 
എന്നിങ്ങനെ പല പ്രസിദ്ധ കഥകളും ഇതില്‍പ്പെടുന്നു.


 കുസൃതിനിറഞ്ഞ വിപരീതാര്‍ഥദ്യോതകമായ 
നര്‍മഭാഷിതങ്ങലാല്‍ മുഖരിതവുമായ കഥാപ്രപാതം. 
ഈ കഥകളില്‍ അതിശയോക്തിയുടെ
 അതിപ്രസരമുണ്ടെന്നത് വാസ്തവമാണെങ്കിലും 
ഇവ എഴുതിയ ജനതയുടെ വൈകാരികജീവിതവുമായി
 ഈ കഥകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ടെന്നതില്‍ സംശയമില്ല.
ആത്മാഭിമാനം, കുശാഗ്രബുദ്ധി, ഊര്‍ജസ്വലമായ നര്‍മബോധം,
 ഭാവാര്‍ദ്രത, നൈരാശ്യത്തെ ദൈവനിന്ദയിലെത്തിക്കാത്ത
 ആദര്‍ശാത്മകമായ ഈശ്വരഭക്തി, ലോകത്തിലെ 
നല്ല വസ്തുക്കളില്‍ നിര്‍ഹേതുകമായ പ്രേമം,
 മരണത്തെപ്പറ്റി കൂസലില്ലായ്മ, കീഴ്വഴക്കങ്ങളോടുള്ള കൂറ്, 
പുതുമയ്ക്കുള്ള കൊതി, അമ്പരിപ്പിക്കുന്ന അവസരവാദം,
 അമര്‍ഷം കൊള്ളിക്കുന്ന വിധിവിശ്വാസം-സര്‍വോപരി സമുദായത്തിന്റെ 
അടിമുതല്‍ മുടിവരെ പ്രസരിച്ചുകൊണ്ടിരിക്കുന്നതും 
കുബേരകുചേലാന്തരങ്ങളെ സഹ്യമാക്കിത്തീര്‍ക്കുന്നതും
 അപഗ്രഥനാതീതവുമായ മനുഷ്യസ്നേഹം-
ഇവയെല്ലാമാണ് ഈ കഥാസാഗരത്തിന്റെ 
മുകള്‍പ്പരപ്പിലേക്ക് അവിരാമമായി 
പൊന്തിവരുന്ന മാനസികഭാവങ്ങള്‍....
അവയെ കുറിച്ച് ആധികാരികമായി 
നമുക്ക് സംസാരിക്കാന്‍ ഇനിയും അവസരം ലഭിക്കും
 എന്നിരിക്കെ ഇന്നിവിടെ വിരമിക്കട്ടെ...

നിന്നോടുള്ള പ്രണയം മാത്രമാണ് 
ഈ കഥനത്തിന്റെ കാതല്‍ ആയ വശം 
എന്ന് നിന്നോട് വീണ്ടും ഓര്‍മ പെടുത്തിക്കൊണ്ട് 
ഇന്ന് വിട ചോദിക്കുന്നു...

വീണ്ടും സന്ധിക്കുന്നതുവരെ
 നിന്നോടുള്ള ആദരവ്  ഗസലുകളുടെ 
മധു ശാലയില്‍ ഒരു ശ്യാമ മേഘമായി
 പെയ്തൊഴിഞ്ഞു കൊണ്ട്...

ആ പാദാരവിന്ദങ്ങളില്‍ ..ആ സങ്കല്പതല്പത്തില്‍
 തലചായ്ച്ചു ഞാനിന്നു മയങ്ങട്ടെ......
ശുഭരാത്രി നേര്‍ന്നു കൊണ്ട് വിട ചൊല്ലുന്നു 
നിന്റെ മാത്രമായ ഞാന്‍............


Monday, July 25, 2011

ഏഴാം രാവ്‌.....ഇന്ന് ഈ രാവിനെ വരവേല്‍ക്കാം നമുക്കൊരുമിച്ച്....
സാഗരങ്ങള്‍ക്ക് ചുടു ചുംബനം  നല്‍കി സന്ധ്യയുടെ
 തേരിലേറി  ചൈത്ര സൂര്യന്‍  അതാ പോയ്‌ മറഞ്ഞു.
നാളെ പുത്തന്‍ പ്രതീക്ഷയില്‍ നമ്മെ വരവേല്‍ക്കാനായി. 

കുളിരിന്റെ കരിമ്പടത്തില്‍ പുതച്ചു 
നിതംബം മറഞ്ഞു കിടക്കുന്ന 
ശ്യാമ മുകില്‍ പോലുള്ള 
വാര്‍മുടിക്കെട്ടഴിച്ചിട്ട് 
അലസയായി നിശീഥിനി 
അതാ കടന്നു വരുന്നു... 

സോമശേഖരന്റെ വെള്ളി പ്രഭയില്‍
 പ്രപഞ്ചം സായൂജ്യം അടയുന്നു..
ഈ രാവില്‍ നമുക്ക് ഒന്നിച്ചിരിക്കാന്‍
ഇതാ ഒരു ധന്യ മുഹൂര്‍ത്തം കൂടി 
സമാഗതമായിരിക്കുന്നു.വരൂ ...
നമുക്കീ  രാവിനെ ഒന്നിച്ചു ഇളവേള്‍ക്കാം....ഓര്‍മയുടെ ഏടുകള്‍ നിവര്‍ത്തി
 നാം കഴിഞ്ഞ രാവില്‍ സായൂജ്യമടഞ്ഞു....
ഇന്നീ രാവില്‍ നമുക്ക് ആ താഴ്വാരത്തെക്ക് യാത്രയാകാം... 

അവിടെ ആ ഗ്രാമങ്ങളില്‍ ചെന്ന് നമുക്ക് രാപാര്‍ക്കാം 
അതി രാവിലെ എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി 
മുന്തിരി വള്ളികള്‍ തളിര്‍ത്തോ എന്നും  മാതള നാരകം പൂത്തോ


 എന്നും നോക്കാം ..."അവിടെ വെച്ച് 
ഞാന്‍ നിനക്കെന്‍റെ പ്രേമം തരും.." 
എന്ന പ്രസിദ്ധമായ ബൈബിള്‍ കഥയിലെ 
വരികളിലൂടെ നമുക്കീ രാത്രിയെ വാരി പുണരാം..


പഴയ നിയമം പ്രതിപാദിക്കുന്നത് 
കടമകളും ഉത്തരവാദിത്വങ്ങളും 
എപ്രകാരം നിറവേറ്റ പെടാം 
എന്നതിനെ കുറിച്ചായിരുന്നു. 

പ്രണയത്തിലും...ജീവിതത്തിലും 
പലപ്പോഴും പലരും കടമകള്‍ 
നിറവേറ്റാന്‍ കഴിയാതെ 
പകച്ചു നില്‍ക്കാറുണ്ട്...
സ്നേഹബന്ധങ്ങള്‍ക്കിടയിലെ 
സമദൂര സിദ്ധാന്തങ്ങള്‍ 
പാലിക്കപെടുമ്പോഴും   
പലരും തന്‍റെ കര്‍ത്തവ്യങ്ങളില്‍ നിന്ന്
 വ്യെതിചലിക്കാറുണ്ട്  
അത് സ്വാഭാവികം മാത്രം.

ഇത് ഇന്നും ഇന്നലെയും
തുടങ്ങിയത് അല്ല.
കര്‍ത്തവ്യങ്ങള്‍ക്കും 
കര്‍മങ്ങള്‍ക്കും 
ഏറെ മൂല്യം നല്‍കിയാണ്‌ 
ബൈബിള്‍ കഥകള്‍ 
നമ്മോടു സംവദി ച്ചിരിക്കുന്നത്‌.
മനുഷ്യന്‍ എവിടെ വിതക്കണമെന്നും..
എന്ത് കൊയ്യണമെന്നും
 ബൈബിള്‍ നമ്മെ പഠിപ്പിച്ചു തരുന്നു ... 

ആകാശത്തിലെ പറവകള്‍ വിത്ക്കുന്നില്ല...
കൊയ്യുന്നില്ല എന്ന് പറയുമ്പോഴും...
ഓരോ ധാന്യത്തിലും അത് തിന്നാനുള്ള 
പറവയുടെ പേര് കൊത്തി 
ദൈവം പുറത്തു വിടുന്നു എന്ന് കൂട്ടിചേര്‍കുന്നു.


 പരസ്പര വിശ്വാസത്തെ കുറിച്ചും ബൈബിള്‍ പ്രതിപാദിക്കുന്നത് വളരെ പ്രാധാന്യത്തോടെയാണ്.അതുപോലെ തന്നെ പ്രണയിക്കുന്നവര്‍ക്കിടയിലും  വിശ്വാസത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്.സ്നേഹത്തിന്‍റെ അതിര്‍വരമ്പുകള്‍ ആകാശത്താണെങ്കില്‍ ഒരു വേള ആ അതിര്‍ത്തിയെ ഭേദിച്ച് കൊണ്ട് ചില സ്വപ്നങ്ങളും വ്യാകുലതകളും,അപ്രതീക്ഷിതമായി കടന്നു വന്ന് വിവേകത്തെയും വിചാരങ്ങളും കീഴ്മേല്‍ മറിക്കുംബോളും തകരാതെ പിടിച്ചു നിലക്കുന്നത് നീ ഒരിക്കല്‍ പറഞ്ഞ വാക്കിന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ്.അന്ന് നീ എഴുതിയത് ഇപ്പോഴും എന്‍റെ അന്തരാത്മാവില്‍ അലയടിക്കുന്നു..."അതെ വിശ്വാസം അതല്ലേ എല്ലാം"? നീ എന്നെ വിട്ട് മറ്റു തുരുത്തുകളിലേക്ക് ചെക്കേരില്ലെന്ന് എന്‍റെ മനം എന്നോട് ആവര്‍ത്തിച്ച് ഓര്മപെടുത്തുമ്പോള്‍ നിന്നിലെ  അനുപമമായ ദാര്‍ശനികത ഓര്‍മിക്കുമ്പോള്‍ ,എന്നിലെ സ്നേഹത്തിന്‍റെ കടലിരമ്പല്‍ വിശ്വാസത്തിന്‍ തീരങ്ങളില്‍ ചെന്ന് അലയടിക്കുന്നു. ..

അര്‍ഹതയുള്ളത് വൈകിയാണെങ്കിലും 
കൈവരിക്കും എന്നതിന്‍റെ 
ഉത്തമ ദ്രെഷ്ട്ടാന്തം നമുക്ക് ബോധ്യപെടുത്തി തരുന്നു.
സ്നേഹത്തിന്റെയും...
ത്യാഗത്തിന്റെയും...
വേദനയുടെയും...
കഥകള്‍ പറയുന്ന 
ബൈബിളിലെ ഒരു കഥ 
ആ കാലഘട്ടങ്ങളിലെ മനുഷ്യരുടെ 
ധാര്‍മികതയും നീതി ബോധവും 
എടുത്തു കാണിക്കുന്നു.

നിന്നോട് ചേര്‍ന്നിരുന്നു 
നീതി ബോധത്തെ കുറിച്ച് 
സംസാരികുമ്പോള്‍ 
ഒരു ന്യായാധിപന്റെ
 മുന്നിലെ പരിചാരികയെ പോലെ 
ഞാന്‍ സങ്കോചികുന്നു...

കാരണം എന്‍റെ അറിവിലെ നീ.. 
ഉത്തമനായ...ശ്രേഷ്ടന്‍ ആയ ഒരു നീതിമാന്‍ ആണ്.
കാരണം ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും
 നീ അസാമാന്യമായ ധര്‍മിഷ്ഠ കാത്തു സൂക്ഷിച്ചത് ഞാന്‍ മനസിലാക്കിയിട്ടുണ്ട്.


തന്മൂലംതന്നെ പലപ്പോഴും 
നിന്നോടുള്ള എന്‍റെ സ്നേഹം 
ആദരവായി വഴി മാറി പോകുന്നത്.


നീതി ബോധത്തിന്റെ
 വഴിമരങ്ങളില്‍ നിന്നെ
 പോലെ ഒറ്റ പെട്ടവര്‍ ഉണ്ട് 
എന്ന് ചരിത്രാതീത  കാലം 
നമ്മെ ബോധ്യപെടുത്തുന്നു...
പ്രസിദ്ധമായ ബൈബിള്‍ കഥയിലെ 
വരികളിലൂടെ നമുക്കീ രാത്രിയെ വാരി പുണരാം..   

   പേര്‍ഷ്യന്‍  ഭരണകാലത്ത് പ്രവാസം 
അവസാനിപ്പിച്ച് ജറുസലേമിൽ 
മടങ്ങിയെത്തിയ നവീകരണവാദികളായ 
ജനനേതാക്കൾ എസ്രായും നെഹാമിയയും , 
ഇസ്രായേൽക്കാർ മറ്റു ജാതികളിൽ നിന്ന്
 വിവാഹം കഴിക്കുന്നതിനെ എതിർക്കുകയും 
അങ്ങനെ വിവാഹം കഴിച്ച ഭാര്യമാരെ 
പരിത്യജിക്കാൻ ഭർത്താക്കന്മാരെ 
നിർബ്ബന്ധിക്കുകയും ചെയ്തു. 

ആധുനികകാലത്തെ 
മൗലികവാദികളുടേതിന് 
സമാനമായ 
ഒരു നവീകരണസംരംഭമായിരുന്നു
 അവരുടേത്. 
സങ്കുചിതമായ ഈ നിലപാടിനെ 
വിമർശിച്ച് എഴുതപ്പെട്ടതാണ് 
റൂത്തിന്റെ പുസ്തകം.

നാല് അദ്ധ്യായങ്ങൾ മാത്രമുള്ള 
റൂത്തിന്റെ പുസ്തകത്തിന് 
ആധുനിക കാലത്തെ
 ഒരു ചെറു കഥ യുടെ വലിപ്പമാണ്.
ആ കഥയുടെ സൗന്ദര്യം 
ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ട്. 
അതിന്റെ ഏതാണട് മൂന്നിൽ ര
ണ്ടോളം ഭാഗം സംഭാഷണമാണ്. 
"ഹെബ്രായ ബൈബിളിലെ 
ഏറ്റവും സുന്ദരമായ ലഘുശില്പം"
 എന്നാണ് ജർമ്മൻ കവി ഗാഥെ  
അതിനെ വിശേഷിപ്പിച്ചത്.

ഒരു ദിവസം ശ്വശ്രുവായ നവോമി 
റൂത്തിനോടു പറഞ്ഞു: എന്റെ മകളേ, 
നിന്റെ നന്മക്കായി നിനക്കൊരു ഭവനം 
ഞാൻ അന്വേഷിക്കണ്ടതില്ലേ? നോക്കൂ, 
ഇന്നു രാത്രി ബോവസ് മെതിക്കളത്തിൽ 
യവത്തിന്റെ പതിരു പാറ്റുന്നുണ്ട്. 
നീ കുളിച്ചു സുഗന്ധം പൂശി 
നല്ല വസ്ത്രങ്ങൾ ധരിച്ച് 
മെതിക്കളത്തിലെക്കു ചെല്ലുക. 

നീ അവിടെ ഉണ്ടെന്ന് അയാൾ അറിയരുത്. 
അയാൾ കിടന്നു കഴിയുമ്പോൾ ചെന്ന് 
കാലിലെ പുതപ്പു പൊക്കി അവിടെ കിടക്കുക.
നീ എന്തു ചെയ്യണമെന്ന് അയാൾ പറഞ്ഞുതരും.

പാതിരാക്ക് ബോവസ് ഞെട്ടിത്തിരിഞ്ഞു ചോദിച്ചു:
 'നീ അരാണ്?' അവൾ മറുപടി പറഞ്ഞു: 
"അങ്ങയുടെ ദാസിയായ റൂത്ത് ആണു ഞാൻ. 
അങ്ങ് ഏറ്റവും അടുത്ത ചാർച്ചക്കാരനാണല്ലോ. 
അതുകൊണ്ട് അങ്ങയുടെ ഉടുമുണ്ട് 
ഈ ദാസിയുടെമേൽ വിരിക്കുക." 


ബോവസ് മറുപടി പറഞ്ഞു:
 "എന്നേക്കാൾ അടുപ്പമുള്ള 
മറ്റൊരു ചാർച്ചക്കാരനുണ്ട്. 
ഈ രാത്രി കഴിയട്ടെ. 
ഉറ്റ ചാർച്ചക്കാരനു നിന്നോടുള്ള 
കടമ നിറവേറ്റാൻ അയാൾ 
ഒരുക്കമല്ലെങ്കിൽ, നിന്നോടുള്ള 
കടമ ഞാൻ നിറവേറ്റും.


പിറ്റേന്ന് പ്രഭാതത്തിൽ 
നഗരകവാടത്തിൽ 
വിളിച്ചുകൂട്ടപ്പെട്ട 
അടുത്ത ചാർച്ചക്കാരന്റേയും
 സമൂഹനേതാക്കളുടേയും 
സമ്മതം വാങ്ങി ബോവസ് 
റുത്തിനെ ഭാര്യയായി 
സ്വീകരിച്ചു. 


അവരുടെ പുത്രൻ 
ഒബേദ് ഇസ്രായേലിന്റെ 
രാജാക്കാന്മാരിൽ ഏറ്റവും 
പ്രസിദ്ധനായ ദാവീദിന്റെ 
പിതാമഹനായിത്തീർ‍ന്നു. 
ദാവീദിന്റെ
 വംശാവലിയോടെയാണ് 
റുത്തിന്റെ പുസ്തകം സമാപിക്കുന്നത്.


ധര്‍മ അധര്‍മങ്ങളുടെ കഥ പറയുന്ന
 കഥകള്‍ ഭാസ കാളിദാസന്മാര്‍ രചിച്ചിട്ടുണ്ട്...
ആയിരത്തൊന്നു രാത്രിയിലെ ..
പ്രണയത്തിന്റെ ആ അലിഫ് ലൈലയിലെ 
കഥയുമായി നാളെ സായം സന്ധ്യയില്‍ 
ഇവിടെ നമുക്ക് സംഗമിക്കാം ...
നിന്‍റെ മാറില്‍ തല ചായിച്ചു
 ഉറങ്ങുന്ന ഒരു രാത്രിക്കായി 
ഞാന്‍ കാത്തിരിക്കാം ...
മറ്റൊരു പുതിയ ഒരു കഥയുമായി ...


വീണ്ടും കാണുന്നത് വരെ
ഓര്‍ത്തിരിക്കാന്‍ ഒത്തിരി 
മധുര സ്മരണകളുമായി ഇന്ന് വിട.


 നിന്റേത് മാത്രമായ ഞാന്‍...

Sunday, July 24, 2011

ആറാം രാവ്.....ചന്ദ്രിക ചര്‍ച്ചിതമായ    ഈ യാമത്തില്‍...
ചാന്ദ്ര ശോഭയുള്ള നിന്‍റെ വദനം ...
ഇങ്ങനെ ചാരത്തിരുന്നു കാണുന്നതാണ് 
ജീവിതത്തിന്‍റെ ഏറ്റവും വലിയ ഭാഗ്യം.....


ഞാന്‍ കുറച്ചു വരാന്‍ വൈകിയപ്പോള്‍ 
ഞാന്‍ പിണങ്ങി പോയി എന്ന് കരുതി അല്ലെ?
നിന്നെ മറന്നു കാണും എന്ന്...അല്ലെ?
എനിക്കതിനു കഴിയില്ലാന്നു നിനക്കറിയില്ലേ?

അന്നും ഞാന്‍ നിന്നോട് പറഞ്ഞിരുന്നു...
"ഞാന്‍ നിന്നെ മറക്കണമെങ്കില്‍ ഒന്നുകില്‍ ഞാന്‍ മരിക്കണം" 
അല്ലെങ്കില്‍ 
"എന്‍റെ ബോധ മണ്ഡലം അന്ധകാരം കൊണ്ട് നിറയണം".


നിന്‍റെ ഒരു കുറിപ്പില്‍ ഉണ്ടായിരുന്നല്ലോ...
ഓര്‍മയുടെ ആഴത്തില്‍  ഉള്ള ബഹിര്‍സ്പുരണങ്ങള്‍..
ഓര്‍മയുടെയും..ഓര്‍മതെറ്റ്ന്‍റെയും  പല രൂപങ്ങള്‍ 
കഥകളിലും..കവിതകളിലും ..പാട്ടിലും...പുരാണങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.

ഓര്‍മയുടെ ഏഴു വലിയ പാപങ്ങള്‍
 പ്രകൃതി മനുഷ്യന് നല്‍കിയത് എന്തിനു വേണ്ടി?
മനസിനെ ലോകവുമായി ബന്ധിപ്പിക്കുന്ന 
ഒരു പാലമാണ് ഓര്‍മ...
"നമ്മുടെ ഓര്‍മകള്‍ക്ക് എന്നും സുഗന്ധം ഉണ്ടാകട്ടെ.."
ഉണ്ടാകുന്നതിനായി...നമുക്ക് ആഗ്രഹിക്കാം..

നമുക്കത് പരസ്പരം മെയ്യോടു മെയ്യ് 
ചേര്‍ന്നിരുന്നു പറയുമ്പോള്‍ ലഭിക്കുന്ന
 നിര്‍വൃതിയോളം ആകില്ലല്ലോ മറ്റൊന്നും?


"നമ്മുടെ സ്നേഹവും ,വിശ്വാസവും ...ഒന്നും.... 
മനസ്സില്‍ നിന്നും മാഞ്ഞുപോകാതെയിരിക്കട്ടെ.."
"ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...."
"ഓര്‍ക്കുക...(വല്ല പ്പോഴും അല്ലാ) എല്ലായിപ്പോഴും...."

ഇന്നത്തെ കഥ മറവിയും..ഓര്‍മയും അമ്മാനമാടിയ 
ഒരു ജീവിതത്തെ കുറിച്ച് തന്നെ ആകാം.

ഓര്‍മയുടെയും..മറവിയുടെയും കാവ്യമാണ്
 അഭിജ്ഞാനശാകുന്തളം .
ഓര്‍മതെറ്റില്‍    നിന്ന് ഒരു മഹാകാവ്യം 
കാളിദാസന്‍ ഉണ്ടാക്കി.


മേനക തന്റെ കുഞ്ഞിനെ- 
ശകുന്തളയെ കൊണ്ട് വന്നു കാണിക്കുമ്പോള്‍
 വിശ്വാമിത്രന്‍ കൈ ഉയര്‍ത്തി വിലക്കുന്ന 
ചിത്രം നിനക്കൊര്‍മയില്ലേ.??? 
.പ്രസിദ്ധമായ ആ രവി വര്‍മ ചിത്രത്തില്‍
" ഞാന്‍ മഹര്‍ഷി ആണ് അച്ഛന്‍ അല്ല "
എന്ന വലിയ ദാരുണമായ പ്രഖാപനത്തില്‍ നിന്നും 
തുടങ്ങുന്നു മറവിയുടെ ഈ കാവ്യം.


ദുഷ്യന്തെന്റെ പ്രേയസിയായി 
രതി ക്രീഡകള്‍ക്ക്  ശേഷം ശകുന്തള 
ദുഷ്യന്ത വിരഹത്തില്‍ നേര്‍ത്ത വിഷാദത്തില്‍ 
ആശ്രമ മുറ്റത്ത്‌ സ്വയം മറന്നിരിക്കുന്ന 
ശകുന്തള ദുര്‍വാസാവിന്റെ വരവ് അറിയുന്നില്ല.
പുരാണത്തിലെ ഈ പ്രമേയം നിനക്ക്
 നന്നായി അറിയാം എന്ന് എനിക്കറിയാം
അതാണ്‌ ശാകുന്തളത്തിലെ രണ്ടാമത്തെ മറവി.
"നീ ആരെ ഓര്‍ത്തിരി ക്കുന്നുവോ  
അവന്‍ നിന്നെ മറന്നു പോകട്ടെ"
എന്ന ദുര്‍വാസാവിന്റെ ശാപം 
അടുത്ത മറവിയിലേക്ക് കാവ്യത്തെ നയിക്കുന്നു,,,


ആശ്രമത്തില്‍ നിന്നും കൊട്ടാരത്തില്‍
 എത്തുന്ന രാജാവ് ശകുന്തളയെ മറക്കുന്നു'...


"കൊണ്ടു ദര്‍ഭമുന കാലിലെന്നു...
എങ്കിലും വെറുതേ നടിച്ചു നിലകൊണ്ടിതെ" 
 എന്ന് രവിവര്‍മ ചിത്രത്തില്‍  
ആലേഖനം ചെയ്തിരിക്കുന്നത്
 പ്രണയത്തിന്‍റെ പാരമ്യതയില്‍ .....
അവര്‍ അനുഭവിക്കുന്ന 
തീവ്ര സ്നേഹത്തിന്‍റെ  പരിപ്രേക്ഷയാണ്.


യാ സുനാരി കവാബത്തയുടെ 
ഒരു ചെറുകഥ ഉണ്ട് .
യുമിയൂറ എന്ന പേരില്‍.. 
നോവലിസ്ത്നെ കാണാന്‍ 
ഒരു സ്ത്രീ വരുന്നു...
മുപ്പതു കൊല്ലം മുന്‍പ് യൂമിയൂറാ 
എന്ന തുറമുഖ നഗരത്തില്‍ 
ഉത്സവത്തിന്‌ ചെന്നപ്പോള്‍ 
അയാള്‍ അവരെ കണ്ടിരുന്നു.
അവളെ അയാള്‍ മറന്നു പോയി...
എന്നാല്‍ അന്ന് അയാള്‍ പറഞ്ഞ വാക്കുകള്‍ 
അവള്‍ അതെ പോലെ പറഞ്ഞു...
അങ്ങനെ....കഥ മുന്നേറുന്നു...


രാവേറെ ചെന്നു..
കഥ കേട്ടിരുന്നു...
 ദാ പൌര്‍ണമി പോലും മയങ്ങിപ്പോയി...


ഒരു പുതിയ പ്രഭാതത്തിനെ വരവേല്‍ക്കാന്‍....
നാളയുടെ സന്ധ്യയെ വരവേല്‍ക്കാന്‍ ഇന്ന് വിട വാങ്ങട്ടെ...
''ആ സൂര്യനെപോലെ തിളക്കമാര്‍ന്ന കണ്ണുകള്‍ക്ക്‌ 
പുഞ്ചിരിയുടെ ചുംബനങ്ങള്‍......''തന്നുകൊണ്ട്...

ഇന്ന് ഈ വേളയില്‍ വിട വാങ്ങി 
പിരിയുന്നത് മറ്റാരുമല്ല 


നിന്റേതു   മാത്രമായ ഞാന്‍....Saturday, July 23, 2011

അഞ്ചാം രാവ്...

ഈ രാവില്‍ എന്‍റെ ഹൃദയത്തെ സ്വാഗതം ചെയ്യുന്നു...
ഒത്തിരി സന്തോഷത്തോടെ...ഏറെ ആദരവോടെ...
വെള്ളി  പാദസരങ്ങളും ആയി ...
അതാ...ചന്ദ്രിക വന്നു
തുള്ളി കളിച്ചു നില്കുന്നു...  

തിങ്കള്‍ കലയുടെ ചാരുതയില്‍
ഈ മണ്ണും വിണ്ണും 
ശാലീനയായ വേണ്മലര്‍പ്രഭയില്‍ 

നോക്കൂ ...ഈ ഇരുളിമയിലും...
ചാന്ദിനി യുടെ ചിരി 
എത്ര ചാരുശോഭമാണ് എന്ന്...!!!

ഈ ചില്ല് ജാലകത്തിലൂടെ നോക്കുമ്പോള്‍...
അങ്ങ് ദൂരെ പൂത്തു നില്‍കുന്ന പൂവാടിയില്‍ 
കണ്ണുനീര്‍ പോലെ തെളിവാര്‍ന്ന 
പ്രകാശമാനമായ നിലാവില്‍ 
നീ എന്‍റെ അരികില്‍ നില്‍കുമ്പോള്‍ 
നിലാവ് വാരി വിതറുന്ന 
നിറങ്ങള്‍ക്ക് എന്ത് പ്രസക്തി?

 അധാര്‍മികമായ പ്രവര്‍ത്തിയും..
അസത്യ ഭാഷണവും കേട്ടും കണ്ടും
 പ്രകൃതി പോലും നിശ്ചലമാകുന്ന ഈ രാവില്‍...
നിന്‍റെ മാറില്‍ ചേര്‍ന്നിരുന്ന്..
കുന്തളതയുടെ ധാര്‍മിക രോഷവും..
ഇന്ദുലേഖയുടെ നര്‍മഭാഷണവും ..
പ്രകടിപ്പിക്കാന്‍ കഴിയുന്നതില്‍ പരം 
ഒരു വിനോദം എന്താണ് ഉള്ളത്?


ആയിരത്തൊന്നു രാത്രിയിലേതു പോലെ .....
കഥകളുടെ കാണാ കാഴ്ച്ചയിലുടെ...
സഞ്ചരിക്കാന്‍ ആയിരുന്നു നമ്മള്‍ 
ഇവിടെ ഈ സംഗമം പറഞ്ഞത്..

എന്നാല്‍ നിന്‍റെ സാമീപ്യത്തില്‍ 
എന്‍റെ കഥന വൈഭവം
 കാണാമറയത്ത് 
കണ്ണും പൊത്തി കളിക്കുന്നു.

നിന്‍റെ സുന്ദരമായ...
ആരെയും ആകര്‍ഷിക്കുന്ന സൂര്യനെ പോലെ ജ്വലിക്കുന്ന 
ആ മുഖ കമലം കണ്ടിരിക്കുമ്പോള്‍
എങ്ങനെ ഞാന്‍ ഒരു കഥ കഥ പൈങ്കിളിയാകും ??

ചരിത്രവും ചരിത്ര വേരുകളും  തേടുന്ന നിനക്ക് 
കിത്താബും,ബൈബിളും ,വേദവും,പുരാണവും ഇതിഹാസവും മിത്തുകളുംഎല്ലാം എന്നെക്കാള്‍ മന:പാഠം ആണെന്നിരിക്കെ 
പുരാണകഥകള്‍ നിന്നോട് പറയുന്നതില്‍ എനിക്കേറെ പരിമിതികള്‍ ഉണ്ട് .

ഏങ്കിലും ഈ രാവില്‍...
ഈ പുഷ്പതല്പത്തില്‍
നമുക്ക് പുരാണത്തിലെ കഥ പറയാം...

പേര്‍ഷ്യയിലെ രാജാവിന്‍റെ 
ഉറക്കം കെടുത്തിയ ആ അലിഫ് ലൈലയും...
ശാരോണിലെ വസന്തത്തില്‍ ശലോമിയും... 
സൂചിപ്പിച്ചതെ ഉള്ളു ഏങ്കിലും...
കഥയിലേക്ക് നാം കടന്നിരുന്നില്ല.. !!!

ഇനി ഒരു കഥ പറയാം...
ഒരു രഹസ്യം പോലെ..
ആ ചെവികളില്‍ മന്ത്രിക്കാം... 
വരൂ...അടുത്തേക്ക് ചേര്‍ന്നിരികൂ..
ആ കാല്‍പാദം തലോടി...
ആ കൈവിരലുകളില്‍ മുത്തമിട്ട്‌..
കഥയുടെ ലോകത്ത്..നമുക്ക് കഥാവശേഷമാകാം..
സീതാ കല്യാണവേള....വരണ മാലയുമായി സീത നില്കുന്നു..രാമനും..ലക്ഷ്മണനും ഉണ്ട് സമീപം...
രാമന് നല്ല ഉയരം ഉണ്ട്..സീതയ്ക്ക് പൊക്കം കുറവ്.
മാലയിടാന്‍ ഒരു രക്ഷയുമില്ല..
സ്ത്രീയുടെ മുന്‍പില്‍ തല കുനിക്കുന്നത് ആര്യന്റെ  ...
ആചാര പ്രകാരം തെറ്റ്.അതിനാല്‍ രാമന് തല കുനിക്കാന്‍ വയ്യ .
സീത എങ്ങനെ മാലയിടും?
ദേവിയുടെ വിഷമാവസ്ഥ മനസിലാക്കിയ രാമന്‍ ലക്ഷ്മണനെ നോക്കി.അതിനര്‍ഥം ലക്ഷ്മണന് പെട്ടന്ന് പിടി കിട്ടി.
ആദിശേഷന്റെ അവതാരം ആണല്ലോ ലക്ഷ്മണന്‍.
ആദിശേഷന്‍ ആണ് ഭൂമിയെ താങ്ങി നിര്‍ത്തുന്നത് എന്ന് സങ്കല്‍പം..
സീത നില്‍കുന്ന ഭാഗം മാത്രമായി ഒന്ന് ഉയര്തരുതോ എന്നാണ് ആ നോട്ടത്തിന്റെ അര്‍ഥം എന്ന് ലക്ഷ്മണന് പിടി കിട്ടി..
അത് അസാധ്യം എന്ന് ലക്ഷ്മണന്‍ നോട്ടത്തിലൂടെ മറുപടി കൊടുത്തു.
കാരണം സീത നില്‍കുന്ന ഭാഗം ഉയര്‍ത്തുമ്പോള്‍ മറ്റുള്ളവരും കൂടി ഉയരുമല്ലോ...


സമയം ഇഴഞ്ഞു നീങ്ങുന്നു..മുഹൂര്ത്തത്തിനു സമയം ആയി..
രാമന്‍ വീണ്ടും അനുജനെ നോക്കി.ലക്ഷ്മണന് അതിന്റെ അര്‍ഥം പിടി കിട്ടി..
ഉടന്‍ തന്നെ ലക്ഷ്മണ കുമാരന്‍ താഴെ വീണു ശ്രീരാമനെ നമസ്കരിച്ചു..അനുജനെ അനുഗ്രഹിച്ചു പിടിചെഴുന്നെല്പിക്കുന്നതിനായി രാമന്‍ കുനിഞ്ഞു..
അത് സീതക്കുള്ള അവസരമായിരുന്നു..രാമന്‍ തല കുനിച്ചപ്പോള്‍..സീത രാമനെ വരണ മാല്യം അണിയിക്കുകയും ചെയ്തു..അങ്ങനെ തല കുനിക്കാതെ തല കുനിച്ചു രാമന്‍ ആ പ്രതി സന്ധി തരണം ചെയ്തു വത്രെ .
.
എന്തേ നിന്റെ ചുണ്ടിലൊരു കള്ള ചിരി? 

ഹോ..ഇതാ ഇപ്പൊ വലിയ കഥ എന്ന് തോന്നുന്നുണ്ടാകും...
എന്നാല്‍ കേട്ടോളൂ മറ്റൊരു കഥ...

ചേര്‍ന്നിരിക്കണ്ട...ആ കഥ നാളെ പറയാം..

ഈ രാവില്‍  പരസ്പരം ഇറുകെ പുണര്‍ന്നു വിട പറയാന്‍ സമയമായി... കഥകളുടെ ..കേട്ടറിവുകളുടെ..കഥയില്ലായ്മയുടെ...

കഥയുമായി നിന്നോട് സംവദിക്കാന്‍ ഞാന്‍
വരും...ഈ രാത്രി വിട പറയട്ടെ....???  
ഒത്തിരി സ്നേഹത്തോടെ..


നിന്‍റെതു ..മാത്രമായ .....Friday, July 22, 2011

നാലാം രാവ്..കാത്തിരുന്നു മടുത്തുവോ ...?


ആ കണ്ണുകളിലെ പരിഭവം 
എനിക്കു വായിക്കാന്‍ കഴിയുന്നു..!


നീല  നിശീഥിനിയില്‍ ...
നാണത്താല്‍ നീരാടിയ...
ഈ കുളിര്‍ പൊഴിയുന്ന 
നാലാം രാവില്‍  നിനക്കായി മാത്രം എഴുതുന്നു...

രാഗ താള നിര്ഭരമല്ലെങ്കിലും...ഹൃദയത്തിന്‍റെ സ്പന്ദനം ആണത്...നീ അത് തിരിച്ചറിയണം...
സ്നേഹത്തിന്‍റെ...വിരഹത്തിന്‍റെ ...വേദനയില്‍ കുറിച്ചത്...


 പ്രണയത്തില്‍ നീ മജ്നുവിനെ പോലെ പലപ്പോഴും പ്രണയതീവ്രത പ്രകടിപ്പിച്ചില്ലെങ്കിലും, ലൈലയെപോലെ ഞാന്‍ ഏറെ തരളിതയായില്ലെങ്കിലും,നമ്മുടെ പ്രണയത്തിലും  എല്ലായിപ്പോഴും നമ്മള്‍ പോലും അറിയാതെ  അവരുടെ മൂകമായ സാമീപ്യം നമ്മള്‍ എപ്പോഴൊക്കെയോ അറിഞ്ഞിരുന്നു...സൂഫി പുരാണ ഇതിഹാസമായ ലൈലയുടെയും മജ്നുവിന്റേയും പ്രണയ നിബിഡമായ കഥ നിനക്കറിയാമല്ലോ...

ഇന്നീ രാവില്‍ ഇങ്ങനെ നിന്നോട് ചേര്‍ന്നിരിക്കുമ്പോള്‍ , അവരുടെ കഥയല്ലാതെ ഞാന്‍ എന്താണ് നിന്നോട് പറയേണ്ടത്?
അനശ്വരമായ ആ പ്രണയം കാലം എത്ര കഴിഞ്ഞിട്ടും അതേ നവീനതയോടെ നിഴലിച്ചു നില്‍ക്കുന്നു....തലമുറകളുടെ അകലം ഒന്നും പ്രണയത്തെ തെല്ലും ഉലച്ചിട്ടില്ലെന്നു ലൈലയും മജ്നുവും എന്നും നമ്മോടു മൌനത്തിന്റെ ഭാഷയില്‍ സംവദിക്കുന്നു. 
വരൂ....നമുക്കാ അറേബ്യന്‍ കുന്നുകളിലേക്ക്‌ കൈപിടിച്ച് കടന്നു ചെല്ലാം...കാരക്ക പൂത്ത വഴികളില്‍ ഇന്നും ആ കഥ കാറ്റുപോലും മൂളുന്നുണ്ടാകും... 

നോക്കൂ ഇന്നീ രാവില്‍ ആ അത്തറിന്റെ പരിമണം പറക്കുന്ന ആ കഥ തന്നെയാകട്ടെ ..
പ്രഭുവായ സർവ്വരിയുടെ മകൾ "ലൈലയും",കുട്ടികാലം മുതൽക്കേ കളിതോഴനായിരുന്ന സാധാരണക്കാരനായ ആമിരിയുടെ മകൻ " ഖയസ്സ് എന്ന മജ്നു " തമ്മില്‍ അഗാമായ പ്രണയത്തിലാണ്.
വെറുമൊരു തോൽകച്ചവടക്കാരനായിരുന്ന ആമെരിയുടെ മകനെ തന്‍റെ മരുമകനായി കാണാൻ പണക്കാരനായ സർവ്വരിക്കു കഴിയുന്നില്ല.
അയാൾ അവരെ അകറ്റാൻ പല വഴികളും ചിന്തിച്ച് അവസാനം ഖയസ്സിനെ ഭ്രാന്തൻ എന്നു മുദ്ര കുത്തുന്നു. എന്നിട്ടും ഖയസ്സിന്റെയും ലൈലയുടെയും പ്രണയം പതിന്‍ മടങ്ങ്‌ ശക്തമായി തഴച്ച് വളരുന്നു.ഗത്യന്തരമില്ലാതെ സർവ്വരി തന്റെ വസതി രഹസ്യമായി മക്കയുടെ സമീപത്തേക്കു മാറ്റുന്നു.അപ്രതീക്ഷിതമായി മരുഭൂമിയില്‍ നിന്നും യാത്ര പോലും പറയാതെ പിരിഞ്ഞു പോയ ലൈലയെ കുറിച്ചോര്‍ത്ത് ദിനങ്ങള്‍ പിന്തള്ളുന്നു.
ലൈലയുമായുള്ള വേർപാടു ഖയസ്സിനെ വല്ല്ലാതെ അലട്ടുന്നു.അന്വേഷിച്ചിറങ്ങിയ  പ്രണയ ജോടികള്‍ കാറ്റിനോടും,കിളികളോടും വരെ തന്‍റെ പ്രണയം പറഞ്ഞയക്കുന്നു...അവസാനം ഇനിയും പരസ്പരം കാണാതിരുന്നാല്‍ ഒരുപക്ഷെ ഭ്രാന്തു പിടിക്കും എന്ന അവസ്ഥയില്‍മരുഭൂമിയുടെ ഏകാന്തതയിൽ ലൈല ഖയസ്സിനെ കണ്ടുമുട്ടുന്നു.അവരുടെ പ്രണയം കെട്ടഴിഞ്ഞു പായുന്ന ഒരു കൊടുങ്കാറ്റായി.ഇതളുകള്‍ അടര്‍ത്തി മാറ്റുന്ന ഒരു പൂവിനെപോലെ  മാറില്‍ നിന്ന് അവളെ അടര്‍ത്തിയെടുത്തു വലിച്ചിഴച്ചു കൊണ്ടവര്‍ പോയപ്പോള്‍ പിന്നാലെ ഓടിചെന്ന ഖയസ്സിനെ സർവ്വരി തന്റെ ആളുകളെ കൊണ്ട് നിർദ്ധാക്ഷണ്യം മര്‍ദിക്കുന്നു .... 
ചുട്ടുപഴുത്ത മരുഭൂമിയിലെക്കു ഖയസ്സിനെ കൊണ്ട് തള്ളുന്നു. തന്റെ മകനെ തേടി മരുഭൂമിയിൽ എത്തുന്ന ആമേരി , ഖയസ്സിനെ അവിടെ പരിതാപകരമായ നിലയിൽ കാണുന്നു. അതിൽ മനം നൊന്ത പിതാവു ഖയസ്സിനെ സർവ്വരിയുടെ വസതിയിൽ എത്തിക്കുന്നു. ഖയസ്സിന്റെ ദുർദശ അകറ്റാൻ സർവ്വരിയോടു കാലു പിടിച്ചപേക്ഷിക്കുന്നു. നിവൃത്തിയില്ലാതെ സർവ്വരി വിവാഹത്തിനു സമ്മതിക്കുന്നു. പക്ഷെ അതിനു മുൻപു സ്ഥലത്തെ ജ്ഞാനികളെ കൊണ്ട് ഖയസ്സിനെ ഭ്രാന്തില്ലാത്തവൻ എന്നു ഉറപ്പിക്കണം എന്നൊരു വ്യവസ്തയും സർവ്വരി മുന്നോട്ടു വൈക്കുന്നു.
ഇതിനിടെ ഇറാക്കിന്റെ രാജകുമാരനായ് ബക്തും ലൈലയെ കാണാൻ ഇട വരുന്നു. ബക്തും ലൈലയിൽ അനുരക്തനാകുന്നു. തന്റെ അദ്യ കാമുകിയായ സറീനയെ വഞ്ചിച്ച് ലൈലയെ സ്വന്തമാക്കാൻ ബക്തും തയ്യാറാകുന്നു. ബക്തൂമിന്റെ ഇംഗിതമറിഞ്ഞ സർവ്വരി ആമെരിക്കു താൻ കൊടുത്ത വാക്കു തെറ്റിച്ച് ലൈലയെ ബക്തുമിനു വിവാഹം ചെയ്തു കൊടുക്കുന്നു.
ഇതറിഞ്ഞ ഖയസ്സ് മനം നൊന്ത് തികഞ്ഞ ഒരു ഭ്രാന്തനായി മാറുന്നു
തന്റെ ജീവന്റെ ജീവനായ ലൈലയെയും തേടി ഖയസ്സ് മരുഭൂമിയിൽ ഭ്രാന്തമായി അലയുന്നു. വിധിയുടെ വിളയാട്ടം പോലെ ലൈല ഖയസ്സിനെ മരുഭൂമിയിൽ വച്ച് കണ്ടു മുട്ടുന്നു.ആഞ്ഞടിച്ച മരുക്കാറ്റില്‍ ദാഹ ജലത്തിനായി കേണ അവനെ മാറോടുചേര്‍ത്തു ലൈല പൊട്ടിക്കരയുന്നു. ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നിച്ചു മരിക്കാനെങ്കിലും അനുവദിക്കൂ എന്ന് ദൈവത്തോട് അവള്‍ കേണു കരയുന്നു...അപ്പൊളുണ്ടാകുന്ന ഒരു മണൽ കാറ്റിൽ പെട്ട് ഇരുവരും ജീവൻ വെടിയുന്നു. ഒരു അനശ്വര പ്രേമത്തിനു മൂകസാക്ഷിയായി ആ മരുഭൂമിയിലെ മണൽത്തരികൾ മാത്രം  അവശേഷിക്കുന്നു.............
ഇത്രയേറെ പറഞ്ഞിട്ടും നിന്‍റെ ഒരു  മറു വാക്ക് കേള്‍ക്കാതെ പിരിയുന്ന ദിനങ്ങള്‍ എനിക്ക്  അത്യന്തം വേദനാജനകമാണ് എങ്കിലും  പ്രതീക്ഷകള്‍ ആണല്ലോ എന്നും നമ്മെ നാളിതു വരെ നയിച്ചത്..നാളേക്ക് നമ്മെ നയിക്കുന്നതും.
കണ്ണിനും വിണ്ണിനും വര്‍ണ്ണ കാഴ്ചകളുമായി ഉദിച്ചുയരുന്ന നാളെയുടെ സൂര്യനെ പ്രതീക്ഷിച്ചു കൊണ്ട് ...
ഒരു പുത്തന്‍ ദിനത്തിന്‍റെ...
പുതിയ സന്ധ്യയില്‍ ...
നാം വീണ്ടും സന്ധിക്കും...


എന്‍റെ പ്രണയം പറയാന്‍...
നിന്‍റെ സ്നേഹം നേടാന്‍.....

ഈ രാവില്‍ വിട പറയുന്നു... 
ചെന്താമര തളിര്‍ തണ്ടു തളര്‍ന്നൊരു  മനസോടെ...നിന്റേതു മാത്രമായ.......

Thursday, July 21, 2011

മൂന്നാം രാവ്..

ഈ നിശീഥിനിയില്‍..
ചാന്ദിനി പൊഴിയുന്ന ഈ രാവില്‍..
പൂനിലാവിന്റെ പട്ടുകൊണ്ട്
ഉത്തരീയം ചുറ്റി.., പൊന്‍ കിരീടവും ചൂടി
പൂര്‍ണ ചന്ദ്രന്‍ അതാ നമ്മളെ തന്നെ ഉറ്റു നോക്കുന്നു..

ആ ശശിമുഖന്റെ സൌന്ദര്യത്തില്‍
ആകൃഷ്ടരായ താരകസുന്ദരികള്‍
അവനെ ഒളികണ്ണിട്ടു നോക്കി
കളി പറഞ്ഞു ചിരിക്കുന്നു..
ഒരുവേള എനിക്കും സംശയം ഇല്ലാതില്ല..
അവര്‍ നിന്നെയും നോക്കുന്നുണ്ടോ?
സുസ്മിത വദനനായ നിന്നെ ആരാണ് മോഹിക്കാത്തത്?

നിശയുടെ താഴ്വരയില്‍..
പശ്ചിമ രത്നാകര സൈകതംപോലെ
ഉയര്‍ന്നു നില്‍ക്കുന്ന ശീതള തണലിങ്കല്‍
മൊട്ടിട്ടു നില്‍ക്കുന്ന മാതളപൂക്കളില്‍..
തേന്‍ നുകരാന്‍ വെമ്പല്‍ കൊള്ളുന്ന
വണ്ടുകളെ നോക്കി ഇരിക്കുമ്പോള്‍..
നിന്നിലെ പുരുഷന്‍റെ
സ്ഥായിയായ ഗൌരവത്തിന്
നീ നല്‍കുന്ന ഇടവേള എന്നില്‍ നിറക്കുന്നത്
നിര്‍വൃതിയുടെ പുളകപൂക്കള്‍ ആയിരുന്നു..

നീ കേള്‍കുന്നില്ലേ മണ്ണടരുകള്‍ക്കുള്ളിലെ...
രാപെണ്ണിന്റെ കൂട്ടുകാരിയായ
ചീവീടുകളുടെ ദില്‍രൂപ?
ശരത്കാല സുന്ദര ലതാഗേഹങ്ങളില്‍
ശോശന്ന പുഷ്പങ്ങള്‍ ചൂടി
ആദവും.. ഹവ്വയും ഒന്നിച്ചുറങ്ങിയ
ആ ഏദന്‍ തോട്ടത്തില്‍..
ശാരോണിലെ താഴ്‌വാരപൂവനങ്ങളില്‍
ശലോമോന്റെ ഗീതങ്ങള്‍ പാടി
യെരുശലേം പുത്രിമാര്‍ ദാഹിച്ചുറങ്ങുന്ന
ഹേമന്ത രാത്രിയില്‍
നിന്‍റെ വിരിഞ്ഞ മാറും..
ബലിഷ്ഠമായ കയ്യുകളും
ഞാനാകും കൈരളിയുടെ
കാവ്യാങ്കണങ്ങളില്‍
കേളീ വിലാസം നടത്തുന്ന
ആ രാവില്‍..
അങ്ങകലെ..
അതാ ആ കാണുന്ന ഇന്ദുമുഖി പോലും
നാണിച്ചു കോള്‍മയിര്‍ കൊള്ളും..തീര്‍ച്ച!!!

ഈ മൂന്നാം രാവില്‍
ഞാന്‍ എന്തേ പ്രണയത്തിന്‍റെ
അനശ്വര പാതയില്‍ നിന്ന്
വഴിവിട്ടു സഞ്ചരിച്ച്
നമ്മുടെ പ്രണയത്തിനു
പുത്തന്‍ പാഠഭേദങ്ങള്‍
തീര്‍കുന്നത് എന്ന് കരുതിയാണോ
ഈ മൌനം???

എനിക്കറിയാം..
കാമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം
നീ തൂങ്ങിയാടുന്ന ഒരു കയറിലും..
നിറവയറിലും.. എന്ന് അക്ഷരങ്ങളിലൂടെ
നീ എന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു..
"കാമത്തിന്‍റെ നൈമിഷിക തലങ്ങളില്‍ നിന്നുയര്‍ന്നു
നമ്മള്‍ അനശ്വരതയുടെ അമൂര്‍ത്ത ഭാവങ്ങള്‍
കൈവരിച്ചിരിക്കുന്നു എന്ന്."
അത് തന്നെ ആണ് തിരിച്ചു
എനിക്കും നിന്നോട് പറയാന്‍ ഉള്ളത്.
ആ വരികളിലൂടെ നീ എന്നിലെ
നിന്നോടുള്ള ആദരവിന്റെ
ഉച്ചസ്ഥായിയില്‍ എത്തിച്ചു
എന്ന് പറയേണ്ടിയിരിക്കുന്നു.

എങ്കിലും.. "പ്രണയത്തിന്‍റെ പാരമ്യതയില്‍
രതി അനിവാര്യമാണ് " എന്ന്
മഹാന്മാര്‍ തന്നെ പറഞ്ഞിട്ടില്ലേ?
ആരാണ് ആ മഹത്വപൂര്‍ണമായ
സംഞ്ജയെ പാപമാണെന്ന് പറഞ്ഞത്...?"

വിവിധ മതങ്ങള്‍ വിവിധതരം
അതിര്‍വരമ്പുകള്‍ തീര്‍ത്തത്
മനുഷ്യന് സാംസ്കാരികമായി
സംവദിക്കാന്‍ ലോകം
സജ്ജമാക്കാന്‍ വേണ്ടിയാണ് എന്ന്
“സംഗീതത്തെയും.. കലയെയും
ഏറെ സ്നേഹിക്കുന്ന നീ” പറഞ്ഞത്
ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.

ദൈവം മനുഷ്യന്‍റെ നന്മക്കു വേണ്ടി ചെയ്തതെല്ലാം
മനുഷ്യന്‍ മതങ്ങളുടെ പേരില്‍ തിന്മക്കായി കൂട്ട് നില്‍കുന്നു
എന്ന് നീ ഒരിക്കല്‍ പരിതപിച്ചു എഴുതിയിട്ടുണ്ട്.

ചരിത്രത്തിലോ.. മിത്തുകളിലോ.. മീമാംസകളിലോ..
എവിടെ തിരഞ്ഞാലും
"സ്നേഹത്തിനു നിര്‍വചനം സ്നേഹം മാത്രമേ ഉള്ളു "
എന്ന് എന്നെ പഠിപ്പിച്ചത് നിന്‍റെ അക്ഷര വെളിച്ചം ആണ്.

നീ എനിക്കായി എഴുതിയ ഓരോ വരികളും എനിക്കു ഹൃദിസ്ഥമാണ്.. അറിവിന്‍റെ മഹാ പ്രവാഹമായ കിത്താബും.. ബൈബിളും.. വേദവും കഴിഞ്ഞാല്‍ ഞാന്‍ ആദരിക്കുന്ന അക്ഷരങ്ങള്‍ ആണത്.

ഈ രാത്രി ഞാന്‍ ഏറെ വാചാലയായി.. പതിവുപോലെ നീ നിന്‍റെ മൌന വൃത്തത്തിലും..!!

നിന്‍റെ അക്ഷരങ്ങള്‍ എനിക്കു വല്ലാത്ത സമസ്യ തന്നെ ആണ്. ചിലപ്പോള്‍ നീ പതിവ് പ്രണയത്തിന്‍റെ മധുരഭാഷണങ്ങളില്‍ നിന്നും.. ബുദ്ധിജീവിയുടെ ഗൌരവകരമായ മൌനത്തിലേക്ക്‌...

മറ്റു ചിലപ്പോള്‍ നിന്‍റെ വരികള്‍ക്ക് തത്വചിന്തയുടെ ധാര്‍മ്മികതലങ്ങള്‍.. വരികള്‍ക്കിടയിലൂടെ നിന്നെ വായിച്ചെടുക്കുക എന്‍റെ എക്കാലത്തെയും ലഹരിയാണ്..

ചന്ദ്രിക വിരാജിതമായ്.. മന്ദമാരുതന്റെ സൌരഭ സരോവരമായ ഈ താഴ്‌വരയില്‍.. ഇങ്ങനെ നിന്‍റെ കണ്ണിലേക്കു ഉറ്റു നോക്കി ഇരിക്കാന്‍ കഴിയുന്നതിലും സുഖം മറ്റെന്താണ്???

നീല മേഖല പുല്‍കിയ രാവ്‌ വെന്‍പട്ടുടുത്ത പകലിനോട് ഇണ ചേരുന്ന ആ ഏഴര വെളുപ്പ്‌ വരെ നമുക്കിവിടെ പരസ്പരം ഇറുകെ പുണര്‍ന്നു കിടക്കാം..

തക്ബീര്‍ ധ്വനികളും അരമന മണികളും..അങ്ങകലെ അമ്പലത്തിലെ അഷ്ടപദിയും കേട്ട് ആലിംഗന ബദ്ധരായി നമ്മള്‍ മാത്രമുള്ള.. നമുക്ക് മാത്രമായി ഉദിക്കുന്ന ഒരു പകലിനായി നമുക്കീ രാവിനോട്‌ വിട ചൊല്ലാം..

വീണ്ടും ഉറക്കമില്ലാത്ത മറ്റൊരു രാവിന്‌ കാവലായി നമുക്ക് മാത്രമുള്ള നാളെയെ പ്രതീക്ഷിച്ചു കൊണ്ട്.. ഇന്നേക്ക് വിട..

നിന്‍റെതു മാത്രമായ ഞാന്‍."

..
ഹസീന


|||||||image courtesy 'google'|||||||