Friday, July 22, 2011

നാലാം രാവ്..കാത്തിരുന്നു മടുത്തുവോ ...?


ആ കണ്ണുകളിലെ പരിഭവം 
എനിക്കു വായിക്കാന്‍ കഴിയുന്നു..!


നീല  നിശീഥിനിയില്‍ ...
നാണത്താല്‍ നീരാടിയ...
ഈ കുളിര്‍ പൊഴിയുന്ന 
നാലാം രാവില്‍  നിനക്കായി മാത്രം എഴുതുന്നു...

രാഗ താള നിര്ഭരമല്ലെങ്കിലും...ഹൃദയത്തിന്‍റെ സ്പന്ദനം ആണത്...നീ അത് തിരിച്ചറിയണം...
സ്നേഹത്തിന്‍റെ...വിരഹത്തിന്‍റെ ...വേദനയില്‍ കുറിച്ചത്...


 പ്രണയത്തില്‍ നീ മജ്നുവിനെ പോലെ പലപ്പോഴും പ്രണയതീവ്രത പ്രകടിപ്പിച്ചില്ലെങ്കിലും, ലൈലയെപോലെ ഞാന്‍ ഏറെ തരളിതയായില്ലെങ്കിലും,നമ്മുടെ പ്രണയത്തിലും  എല്ലായിപ്പോഴും നമ്മള്‍ പോലും അറിയാതെ  അവരുടെ മൂകമായ സാമീപ്യം നമ്മള്‍ എപ്പോഴൊക്കെയോ അറിഞ്ഞിരുന്നു...സൂഫി പുരാണ ഇതിഹാസമായ ലൈലയുടെയും മജ്നുവിന്റേയും പ്രണയ നിബിഡമായ കഥ നിനക്കറിയാമല്ലോ...

ഇന്നീ രാവില്‍ ഇങ്ങനെ നിന്നോട് ചേര്‍ന്നിരിക്കുമ്പോള്‍ , അവരുടെ കഥയല്ലാതെ ഞാന്‍ എന്താണ് നിന്നോട് പറയേണ്ടത്?
അനശ്വരമായ ആ പ്രണയം കാലം എത്ര കഴിഞ്ഞിട്ടും അതേ നവീനതയോടെ നിഴലിച്ചു നില്‍ക്കുന്നു....തലമുറകളുടെ അകലം ഒന്നും പ്രണയത്തെ തെല്ലും ഉലച്ചിട്ടില്ലെന്നു ലൈലയും മജ്നുവും എന്നും നമ്മോടു മൌനത്തിന്റെ ഭാഷയില്‍ സംവദിക്കുന്നു. 
വരൂ....നമുക്കാ അറേബ്യന്‍ കുന്നുകളിലേക്ക്‌ കൈപിടിച്ച് കടന്നു ചെല്ലാം...കാരക്ക പൂത്ത വഴികളില്‍ ഇന്നും ആ കഥ കാറ്റുപോലും മൂളുന്നുണ്ടാകും... 

നോക്കൂ ഇന്നീ രാവില്‍ ആ അത്തറിന്റെ പരിമണം പറക്കുന്ന ആ കഥ തന്നെയാകട്ടെ ..
പ്രഭുവായ സർവ്വരിയുടെ മകൾ "ലൈലയും",കുട്ടികാലം മുതൽക്കേ കളിതോഴനായിരുന്ന സാധാരണക്കാരനായ ആമിരിയുടെ മകൻ " ഖയസ്സ് എന്ന മജ്നു " തമ്മില്‍ അഗാമായ പ്രണയത്തിലാണ്.
വെറുമൊരു തോൽകച്ചവടക്കാരനായിരുന്ന ആമെരിയുടെ മകനെ തന്‍റെ മരുമകനായി കാണാൻ പണക്കാരനായ സർവ്വരിക്കു കഴിയുന്നില്ല.
അയാൾ അവരെ അകറ്റാൻ പല വഴികളും ചിന്തിച്ച് അവസാനം ഖയസ്സിനെ ഭ്രാന്തൻ എന്നു മുദ്ര കുത്തുന്നു. എന്നിട്ടും ഖയസ്സിന്റെയും ലൈലയുടെയും പ്രണയം പതിന്‍ മടങ്ങ്‌ ശക്തമായി തഴച്ച് വളരുന്നു.ഗത്യന്തരമില്ലാതെ സർവ്വരി തന്റെ വസതി രഹസ്യമായി മക്കയുടെ സമീപത്തേക്കു മാറ്റുന്നു.അപ്രതീക്ഷിതമായി മരുഭൂമിയില്‍ നിന്നും യാത്ര പോലും പറയാതെ പിരിഞ്ഞു പോയ ലൈലയെ കുറിച്ചോര്‍ത്ത് ദിനങ്ങള്‍ പിന്തള്ളുന്നു.
ലൈലയുമായുള്ള വേർപാടു ഖയസ്സിനെ വല്ല്ലാതെ അലട്ടുന്നു.അന്വേഷിച്ചിറങ്ങിയ  പ്രണയ ജോടികള്‍ കാറ്റിനോടും,കിളികളോടും വരെ തന്‍റെ പ്രണയം പറഞ്ഞയക്കുന്നു...അവസാനം ഇനിയും പരസ്പരം കാണാതിരുന്നാല്‍ ഒരുപക്ഷെ ഭ്രാന്തു പിടിക്കും എന്ന അവസ്ഥയില്‍മരുഭൂമിയുടെ ഏകാന്തതയിൽ ലൈല ഖയസ്സിനെ കണ്ടുമുട്ടുന്നു.അവരുടെ പ്രണയം കെട്ടഴിഞ്ഞു പായുന്ന ഒരു കൊടുങ്കാറ്റായി.ഇതളുകള്‍ അടര്‍ത്തി മാറ്റുന്ന ഒരു പൂവിനെപോലെ  മാറില്‍ നിന്ന് അവളെ അടര്‍ത്തിയെടുത്തു വലിച്ചിഴച്ചു കൊണ്ടവര്‍ പോയപ്പോള്‍ പിന്നാലെ ഓടിചെന്ന ഖയസ്സിനെ സർവ്വരി തന്റെ ആളുകളെ കൊണ്ട് നിർദ്ധാക്ഷണ്യം മര്‍ദിക്കുന്നു .... 
ചുട്ടുപഴുത്ത മരുഭൂമിയിലെക്കു ഖയസ്സിനെ കൊണ്ട് തള്ളുന്നു. തന്റെ മകനെ തേടി മരുഭൂമിയിൽ എത്തുന്ന ആമേരി , ഖയസ്സിനെ അവിടെ പരിതാപകരമായ നിലയിൽ കാണുന്നു. അതിൽ മനം നൊന്ത പിതാവു ഖയസ്സിനെ സർവ്വരിയുടെ വസതിയിൽ എത്തിക്കുന്നു. ഖയസ്സിന്റെ ദുർദശ അകറ്റാൻ സർവ്വരിയോടു കാലു പിടിച്ചപേക്ഷിക്കുന്നു. നിവൃത്തിയില്ലാതെ സർവ്വരി വിവാഹത്തിനു സമ്മതിക്കുന്നു. പക്ഷെ അതിനു മുൻപു സ്ഥലത്തെ ജ്ഞാനികളെ കൊണ്ട് ഖയസ്സിനെ ഭ്രാന്തില്ലാത്തവൻ എന്നു ഉറപ്പിക്കണം എന്നൊരു വ്യവസ്തയും സർവ്വരി മുന്നോട്ടു വൈക്കുന്നു.
ഇതിനിടെ ഇറാക്കിന്റെ രാജകുമാരനായ് ബക്തും ലൈലയെ കാണാൻ ഇട വരുന്നു. ബക്തും ലൈലയിൽ അനുരക്തനാകുന്നു. തന്റെ അദ്യ കാമുകിയായ സറീനയെ വഞ്ചിച്ച് ലൈലയെ സ്വന്തമാക്കാൻ ബക്തും തയ്യാറാകുന്നു. ബക്തൂമിന്റെ ഇംഗിതമറിഞ്ഞ സർവ്വരി ആമെരിക്കു താൻ കൊടുത്ത വാക്കു തെറ്റിച്ച് ലൈലയെ ബക്തുമിനു വിവാഹം ചെയ്തു കൊടുക്കുന്നു.
ഇതറിഞ്ഞ ഖയസ്സ് മനം നൊന്ത് തികഞ്ഞ ഒരു ഭ്രാന്തനായി മാറുന്നു
തന്റെ ജീവന്റെ ജീവനായ ലൈലയെയും തേടി ഖയസ്സ് മരുഭൂമിയിൽ ഭ്രാന്തമായി അലയുന്നു. വിധിയുടെ വിളയാട്ടം പോലെ ലൈല ഖയസ്സിനെ മരുഭൂമിയിൽ വച്ച് കണ്ടു മുട്ടുന്നു.ആഞ്ഞടിച്ച മരുക്കാറ്റില്‍ ദാഹ ജലത്തിനായി കേണ അവനെ മാറോടുചേര്‍ത്തു ലൈല പൊട്ടിക്കരയുന്നു. ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നിച്ചു മരിക്കാനെങ്കിലും അനുവദിക്കൂ എന്ന് ദൈവത്തോട് അവള്‍ കേണു കരയുന്നു...അപ്പൊളുണ്ടാകുന്ന ഒരു മണൽ കാറ്റിൽ പെട്ട് ഇരുവരും ജീവൻ വെടിയുന്നു. ഒരു അനശ്വര പ്രേമത്തിനു മൂകസാക്ഷിയായി ആ മരുഭൂമിയിലെ മണൽത്തരികൾ മാത്രം  അവശേഷിക്കുന്നു.............
ഇത്രയേറെ പറഞ്ഞിട്ടും നിന്‍റെ ഒരു  മറു വാക്ക് കേള്‍ക്കാതെ പിരിയുന്ന ദിനങ്ങള്‍ എനിക്ക്  അത്യന്തം വേദനാജനകമാണ് എങ്കിലും  പ്രതീക്ഷകള്‍ ആണല്ലോ എന്നും നമ്മെ നാളിതു വരെ നയിച്ചത്..നാളേക്ക് നമ്മെ നയിക്കുന്നതും.
കണ്ണിനും വിണ്ണിനും വര്‍ണ്ണ കാഴ്ചകളുമായി ഉദിച്ചുയരുന്ന നാളെയുടെ സൂര്യനെ പ്രതീക്ഷിച്ചു കൊണ്ട് ...
ഒരു പുത്തന്‍ ദിനത്തിന്‍റെ...
പുതിയ സന്ധ്യയില്‍ ...
നാം വീണ്ടും സന്ധിക്കും...


എന്‍റെ പ്രണയം പറയാന്‍...
നിന്‍റെ സ്നേഹം നേടാന്‍.....

ഈ രാവില്‍ വിട പറയുന്നു... 
ചെന്താമര തളിര്‍ തണ്ടു തളര്‍ന്നൊരു  മനസോടെ...നിന്റേതു മാത്രമായ.......

1 comment:

  1. താളമുണ്ട്..അക്ഷരത്തെറ്റുകളുമുണ്ട്

    ReplyDelete