Thursday, July 21, 2011

മൂന്നാം രാവ്..

ഈ നിശീഥിനിയില്‍..
ചാന്ദിനി പൊഴിയുന്ന ഈ രാവില്‍..
പൂനിലാവിന്റെ പട്ടുകൊണ്ട്
ഉത്തരീയം ചുറ്റി.., പൊന്‍ കിരീടവും ചൂടി
പൂര്‍ണ ചന്ദ്രന്‍ അതാ നമ്മളെ തന്നെ ഉറ്റു നോക്കുന്നു..

ആ ശശിമുഖന്റെ സൌന്ദര്യത്തില്‍
ആകൃഷ്ടരായ താരകസുന്ദരികള്‍
അവനെ ഒളികണ്ണിട്ടു നോക്കി
കളി പറഞ്ഞു ചിരിക്കുന്നു..
ഒരുവേള എനിക്കും സംശയം ഇല്ലാതില്ല..
അവര്‍ നിന്നെയും നോക്കുന്നുണ്ടോ?
സുസ്മിത വദനനായ നിന്നെ ആരാണ് മോഹിക്കാത്തത്?

നിശയുടെ താഴ്വരയില്‍..
പശ്ചിമ രത്നാകര സൈകതംപോലെ
ഉയര്‍ന്നു നില്‍ക്കുന്ന ശീതള തണലിങ്കല്‍
മൊട്ടിട്ടു നില്‍ക്കുന്ന മാതളപൂക്കളില്‍..
തേന്‍ നുകരാന്‍ വെമ്പല്‍ കൊള്ളുന്ന
വണ്ടുകളെ നോക്കി ഇരിക്കുമ്പോള്‍..
നിന്നിലെ പുരുഷന്‍റെ
സ്ഥായിയായ ഗൌരവത്തിന്
നീ നല്‍കുന്ന ഇടവേള എന്നില്‍ നിറക്കുന്നത്
നിര്‍വൃതിയുടെ പുളകപൂക്കള്‍ ആയിരുന്നു..

നീ കേള്‍കുന്നില്ലേ മണ്ണടരുകള്‍ക്കുള്ളിലെ...
രാപെണ്ണിന്റെ കൂട്ടുകാരിയായ
ചീവീടുകളുടെ ദില്‍രൂപ?
ശരത്കാല സുന്ദര ലതാഗേഹങ്ങളില്‍
ശോശന്ന പുഷ്പങ്ങള്‍ ചൂടി
ആദവും.. ഹവ്വയും ഒന്നിച്ചുറങ്ങിയ
ആ ഏദന്‍ തോട്ടത്തില്‍..
ശാരോണിലെ താഴ്‌വാരപൂവനങ്ങളില്‍
ശലോമോന്റെ ഗീതങ്ങള്‍ പാടി
യെരുശലേം പുത്രിമാര്‍ ദാഹിച്ചുറങ്ങുന്ന
ഹേമന്ത രാത്രിയില്‍
നിന്‍റെ വിരിഞ്ഞ മാറും..
ബലിഷ്ഠമായ കയ്യുകളും
ഞാനാകും കൈരളിയുടെ
കാവ്യാങ്കണങ്ങളില്‍
കേളീ വിലാസം നടത്തുന്ന
ആ രാവില്‍..
അങ്ങകലെ..
അതാ ആ കാണുന്ന ഇന്ദുമുഖി പോലും
നാണിച്ചു കോള്‍മയിര്‍ കൊള്ളും..തീര്‍ച്ച!!!

ഈ മൂന്നാം രാവില്‍
ഞാന്‍ എന്തേ പ്രണയത്തിന്‍റെ
അനശ്വര പാതയില്‍ നിന്ന്
വഴിവിട്ടു സഞ്ചരിച്ച്
നമ്മുടെ പ്രണയത്തിനു
പുത്തന്‍ പാഠഭേദങ്ങള്‍
തീര്‍കുന്നത് എന്ന് കരുതിയാണോ
ഈ മൌനം???

എനിക്കറിയാം..
കാമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം
നീ തൂങ്ങിയാടുന്ന ഒരു കയറിലും..
നിറവയറിലും.. എന്ന് അക്ഷരങ്ങളിലൂടെ
നീ എന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു..
"കാമത്തിന്‍റെ നൈമിഷിക തലങ്ങളില്‍ നിന്നുയര്‍ന്നു
നമ്മള്‍ അനശ്വരതയുടെ അമൂര്‍ത്ത ഭാവങ്ങള്‍
കൈവരിച്ചിരിക്കുന്നു എന്ന്."
അത് തന്നെ ആണ് തിരിച്ചു
എനിക്കും നിന്നോട് പറയാന്‍ ഉള്ളത്.
ആ വരികളിലൂടെ നീ എന്നിലെ
നിന്നോടുള്ള ആദരവിന്റെ
ഉച്ചസ്ഥായിയില്‍ എത്തിച്ചു
എന്ന് പറയേണ്ടിയിരിക്കുന്നു.

എങ്കിലും.. "പ്രണയത്തിന്‍റെ പാരമ്യതയില്‍
രതി അനിവാര്യമാണ് " എന്ന്
മഹാന്മാര്‍ തന്നെ പറഞ്ഞിട്ടില്ലേ?
ആരാണ് ആ മഹത്വപൂര്‍ണമായ
സംഞ്ജയെ പാപമാണെന്ന് പറഞ്ഞത്...?"

വിവിധ മതങ്ങള്‍ വിവിധതരം
അതിര്‍വരമ്പുകള്‍ തീര്‍ത്തത്
മനുഷ്യന് സാംസ്കാരികമായി
സംവദിക്കാന്‍ ലോകം
സജ്ജമാക്കാന്‍ വേണ്ടിയാണ് എന്ന്
“സംഗീതത്തെയും.. കലയെയും
ഏറെ സ്നേഹിക്കുന്ന നീ” പറഞ്ഞത്
ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.

ദൈവം മനുഷ്യന്‍റെ നന്മക്കു വേണ്ടി ചെയ്തതെല്ലാം
മനുഷ്യന്‍ മതങ്ങളുടെ പേരില്‍ തിന്മക്കായി കൂട്ട് നില്‍കുന്നു
എന്ന് നീ ഒരിക്കല്‍ പരിതപിച്ചു എഴുതിയിട്ടുണ്ട്.

ചരിത്രത്തിലോ.. മിത്തുകളിലോ.. മീമാംസകളിലോ..
എവിടെ തിരഞ്ഞാലും
"സ്നേഹത്തിനു നിര്‍വചനം സ്നേഹം മാത്രമേ ഉള്ളു "
എന്ന് എന്നെ പഠിപ്പിച്ചത് നിന്‍റെ അക്ഷര വെളിച്ചം ആണ്.

നീ എനിക്കായി എഴുതിയ ഓരോ വരികളും എനിക്കു ഹൃദിസ്ഥമാണ്.. അറിവിന്‍റെ മഹാ പ്രവാഹമായ കിത്താബും.. ബൈബിളും.. വേദവും കഴിഞ്ഞാല്‍ ഞാന്‍ ആദരിക്കുന്ന അക്ഷരങ്ങള്‍ ആണത്.

ഈ രാത്രി ഞാന്‍ ഏറെ വാചാലയായി.. പതിവുപോലെ നീ നിന്‍റെ മൌന വൃത്തത്തിലും..!!

നിന്‍റെ അക്ഷരങ്ങള്‍ എനിക്കു വല്ലാത്ത സമസ്യ തന്നെ ആണ്. ചിലപ്പോള്‍ നീ പതിവ് പ്രണയത്തിന്‍റെ മധുരഭാഷണങ്ങളില്‍ നിന്നും.. ബുദ്ധിജീവിയുടെ ഗൌരവകരമായ മൌനത്തിലേക്ക്‌...

മറ്റു ചിലപ്പോള്‍ നിന്‍റെ വരികള്‍ക്ക് തത്വചിന്തയുടെ ധാര്‍മ്മികതലങ്ങള്‍.. വരികള്‍ക്കിടയിലൂടെ നിന്നെ വായിച്ചെടുക്കുക എന്‍റെ എക്കാലത്തെയും ലഹരിയാണ്..

ചന്ദ്രിക വിരാജിതമായ്.. മന്ദമാരുതന്റെ സൌരഭ സരോവരമായ ഈ താഴ്‌വരയില്‍.. ഇങ്ങനെ നിന്‍റെ കണ്ണിലേക്കു ഉറ്റു നോക്കി ഇരിക്കാന്‍ കഴിയുന്നതിലും സുഖം മറ്റെന്താണ്???

നീല മേഖല പുല്‍കിയ രാവ്‌ വെന്‍പട്ടുടുത്ത പകലിനോട് ഇണ ചേരുന്ന ആ ഏഴര വെളുപ്പ്‌ വരെ നമുക്കിവിടെ പരസ്പരം ഇറുകെ പുണര്‍ന്നു കിടക്കാം..

തക്ബീര്‍ ധ്വനികളും അരമന മണികളും..അങ്ങകലെ അമ്പലത്തിലെ അഷ്ടപദിയും കേട്ട് ആലിംഗന ബദ്ധരായി നമ്മള്‍ മാത്രമുള്ള.. നമുക്ക് മാത്രമായി ഉദിക്കുന്ന ഒരു പകലിനായി നമുക്കീ രാവിനോട്‌ വിട ചൊല്ലാം..

വീണ്ടും ഉറക്കമില്ലാത്ത മറ്റൊരു രാവിന്‌ കാവലായി നമുക്ക് മാത്രമുള്ള നാളെയെ പ്രതീക്ഷിച്ചു കൊണ്ട്.. ഇന്നേക്ക് വിട..

നിന്‍റെതു മാത്രമായ ഞാന്‍."

..
ഹസീന


|||||||image courtesy 'google'|||||||

2 comments:

 1. “വിവിധ മതങ്ങള് വിവിധതരം
  അതിര്വരമ്പുകള് തീര്ത്തത്
  മനുഷ്യന് സാംസ്കാരികമായി
  സംവദിക്കാന് ലോകം
  സജ്ജമാക്കാന് വേണ്ടിയാണ് എന്ന്
  "സംഗീതത്തെയും..കലയെയും
  ഏറെ സ്നേഹിക്കുന്ന നീ "പറഞ്ഞത്
  ഞാന് ഇന്നും ഓര്മിക്കുന്നു.”


  കുറെ സത്യങ്ങൾ…………..
  നല്ല രചന
  ആശംസകൾ………………..

  ReplyDelete
 2. ഇവിടെയും ഇത്തിരി ചരിത്രം പ്രതീക്ഷിച്ച ഞാന്‍ നിരാശപ്പെട്ടൊന്നുമില്ല. കാരണം അതിനെയും വെല്ലുന്ന എഴുത്ത്

  ReplyDelete