Tuesday, June 26, 2012

മുപ്പത്തി എട്ടാം രാവ്‌..

ആനന്ദാശ്രു....

അഷ്ട ദിക്കും കാലചക്രം തിരിച്ച് മുന്നേറുന്നു ചൈത്ര രഥത്തിലെ സൂര്യ ഭഗവാന്‍!ആ വേളയില്‍ തന്‍റെ തേരിന്റെ ചക്രത്തിനിടയില്‍ പെട്ട് ഒരു ഞാഞ്ഞൂള്‍ രണ്ടായി മുറിയുന്നു.
മുറിവേറ്റ വേദന വക വെക്കാതെ ആ രഥത്തിന് പിന്നാലെ ചെന്ന് ഇരു തലയും തല്ലി ആര്‍ദ്രമായി ചോദിച്ചു
ഞാന്‍ ആയിരുന്ന എന്നെ രണ്ടാക്കി മുറിച്ചു അങ്ങ്.ഇന്ന് ഞാനുമല്ല..ഞങ്ങളുമല്ല..ആരുമല്ലാതായി...

അത് കേട്ട് അതിലെ വന്ന ബ്രാഹ്മണ ശ്രേഷ്ഠന്‍ ഉത്തരം നല്‍കി...കരയാതെ ഞാഞ്ഞൂലെ...
..ചൈത്ര പുരുഷനായ സൂര്യനാല്‍ മുറിവേറ്റ പെട്ട നിങ്ങളില്‍ ഒരാള്‍ക്ക് പുണ്യവും,സുഖപ്രദമായ തുടര്‍ ജീവിതത്തിനു മോക്ഷവും ഉണ്ട്.ഈ വാനവും ഭൂമിയും ഉപേക്ഷിച്ച് സ്വര്‍ഗ്ഗ തുല്യമായ ഒരു ജീവിതം.

മറ്റൊരാള്‍ക്ക്‌ എല്ലാവരുടെയും ചവിട്ടും,ആക്ഷേപവും,വെറുപ്പും സമ്പാദിച്ച് മണ്ണിനടിയില്‍ ആരോരുമറിയാതെ ഒരു തുടര്‍ ജീവിതം.സൂര്യ സേവ ചെയ്തു,ആ പൊള്ളുന്ന സൂര്യ കാലടികളെ നോവിക്കുന്ന കൂര്‍ത്ത,കഠിനമായ,വരണ്ട മണ്ണിനെ ഈര്‍പ്പമാക്കി മാറ്റുന്ന ശ്രമകരമായ ദുരിത ജീവിതവും.
"നിങ്ങള്ക്ക് തന്നെ തിരഞ്ഞെടുക്കാം".ആര്‍ക്കാണ് ആ അനപത്യത വേണ്ടത് എന്ന്.

മറ്റൊന്നും ആലോചിക്കാതെ രണ്ടാമത്തെ സ്ഥാനം സ്വയം ഏറ്റെടുക്കുമ്പോള്‍...അത് വേട്ടക്കാരനെ പ്രണയിച്ച ഇരയെ പോലെ ചരിത്രത്തില്‍ ഇടം നേടുന്നു.
"ഞാൻ പലർക്കും മുൻപോ,കുറച്ചുപേർക്കു മാത്രം പിൻപോ,ഒരിടത്തും ഏറ്റവും മോശമല്ലാത്തവനും ആയിരുന്നിട്ടും, ഈ മൃത്യുവിന് എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കാനുണ്ടായിരിക്കാം"എന്ന നചികേതസ്സിന്റെ വാക്കുകള്‍ സ്മരിച്ച്‌ -അങ്ങനെ ആ കര്‍ത്ത്യവ്യത്തിന് മനസാ ഒരുങ്ങുമ്പോള്‍...സ്വയം പറഞ്ഞു അങ്ങനെ ഞാഞ്ഞൂളിനും ശനിദശയുടെ ഒടുക്കം സിദ്ധിച്ചു ആ സാക്ഷാല്‍ രാജയോഗം..:)

ആനന്ദാശ്രുക്കളോടെ...... മേഘ.

Sunday, June 24, 2012

മുപ്പത്തിയേഴാം രാവ്...

ഞെട്ടില്‍ നിന്നും വീഴ്ത്തിയതൊന്നും വട്ടയിലകളായിരുന്നില്ല ...
നട്ടു വളര്‍ത്തിയ മോഹത്തിന്റെ ഇല പച്ചകളായിരുന്നു!
പെയ്തു വീഴുന്നതൊന്നും മഴത്തുള്ളികളായിരുന്നില്ല...
കരള്‍ വിങ്ങി രൂപം കൊണ്ട ശ്യാമമേഘത്തിന്‍ കണ്ണീരായിരുന്നു!


പൊട്ടി തകര്‍ത്തതൊന്നും കുപ്പിവളകള്‍ ആയിരുന്നില്ല...
എന്‍റെ കിനാക്കളുടെ ചില്ലു കൊട്ടാരമായിരുന്നു!
(നീ പൊട്ടിച്ച ആ വളപ്പൊട്ടുകള്‍ പെറുക്കി
ഞാനെന്‍ ഹൃത്തിലൊരു ചിപ്പിയുണ്ടാക്കിയിട്ടുണ്ട്.
-ന്‍റെ മുത്താകും നിന്നെ ചേര്‍ത്ത് വെക്കാനായി...
പിന്നെ എന്നെ വിട്ട് നീ ഒരിടത്തും പോകില്ലല്ലോ?:)





(ചിലത് നഷ്ടപെടുത്താതെ ചിലത് നേടാനാവില്ലല്ലോ?
പ്രഭാത സൂര്യനതും പുഞ്ചിരി നല്‍കിയാല്‍
അതിലേറെ സന്തോഷം ഈപ്രപഞ്ചത്തിനു മറ്റെന്ത്?)

Saturday, June 23, 2012

മുപ്പത്താറാം രാവ്...




വിളര്‍ത്ത ഇടനാഴിയില്‍ ഉയര്‍ന്നു കേട്ടത്
മരുന്ന് മണക്കുന്ന നിറം മങ്ങിയ ബഞ്ചിലെ
അപരിചിതന്റെ നീണ്ട ചുമയെക്കാള്‍
ഒപ്പൊം ഇരിക്കുന്ന കെട്ടുപ്രായം കഴിഞ്ഞ
പെണ്‍കുട്ടിയുടെ വരണ്ട മൌന നിശ്വാസം.

നഖചിത്രങ്ങളും,ആ ശ്ലീല സാഹിത്യവും
ഭിത്തിയില്‍ കോറിയ ആശ്വാസത്തില്‍
കക്കൂസില്‍ നിന്നും പാട്ട് പാടി ഇറങ്ങിയ
സിബ്ബ് ഇടാന്‍ പോലും മറന്ന പയ്യന് മുന്നില്‍
വിളറിയ മുഖത്തോടെ ഭൂമിയിലെ മാലാഖമാര്‍.

ഇല്ലാത്ത നമ്പറില്‍ കേള്‍ക്കാത്ത ഭാഷയില്‍
ആഗലേയം കലര്‍ത്തി ഉച്ചത്തില്‍ സംസാരിക്കേ
അപ്രതീക്ഷിതമായി വന്ന മിസ്സ്ഡ് കോളില്‍
ആകെ വിയര്‍ത്ത പുതു ബിസിനസ്‌കാരന്‍
എ.സി. തിരയുന്നു തികച്ചും അക്ഷമയോടെ.

മുഷിഞ്ഞ ടോക്കണ്‍കള്‍ ഞെരിച്ച് ഊഴം കാത്ത
തെക്കേ അറ്റത്ത്‌ തൂണ് ചാരി ഇരുന്ന സ്ത്രീകളിലൂടെ
വിഗ്രഹം യഥേഷ്ടം പാല്‍ കുടിക്കുകയും,
വീണു കിട്ടിയ കുമ്പസാര രഹസ്യം ഒരു ഇടവകയിലെ
ചിലരെ ജീവനോടെ വിധവകള്‍ ആക്കുകയും ചെയ്തു.

തെരുവ് വാര്‍ത്തകള്‍ക്കു ക്ഷാമം നേരിട്ടപ്പോള്‍
പരദൂഷണങ്ങള്‍ക്ക് പഞ്ഞം നേരിട്ടപ്പോള്‍
മൂന്നു പേരില്‍ നിന്നും ആദ്യം ടോക്കണ്‍ കിട്ടി
അകത്തേക്ക് പോയതിന്‍റെ അസൂയയില്‍
അവളുടെ മുടി പുരാണമായി പിന്നെ അവരുടെ വിഷയം.

കണ്ടു മടുത്ത വിരസമായ കാഴ്ചകള്‍ കണ്ട്
കണ്ണേ മടങ്ങൂ എന്ന് ഉരുവിട്ട്
പിന്തിരിഞ്ഞപ്പോള്‍
കണ്ടതോ !കരള്‍ പറിച്ചു കൊണ്ട് കാലുറക്കാതെ
കടന്നുപോയ കാലത്തിന്‍കനല്‍(കാല്‍)പാടുകള്‍ മാത്രം...

Friday, June 22, 2012

മുപ്പത്തഞ്ചാം രാവ്...

പാഠം ഒന്ന് -: പ്രണയം ഒരു വിജയം.

യുദ്ധം ചെയ്യാതെയും
പ്രണയത്തില്‍
തോല്‍പിക്കപെടാം.

ആയുധമില്ലാതെയും
പരസ്പരം മുറിവേല്‍ക്കപെടാം.

മൌനത്തിന്‍ഭാഷയിലും
ചുണ്ടുകള്‍ വാചാലമാകാം.

സ്ഫുരിക്കുന്ന കണ്‍കോണിലും
ചാടി ആത്മഹത്യ ചെയ്യാം.

കാരണം അത്രക്കും ആഴത്തിലാണ്
നീ എന്നിലേക്ക്‌ പ്രണയം പെയ്യുന്നത്.

എനിക്കറിയാം നീണ്ട നിന്‍ കൈവിരല്‍ തുമ്പിലും
എനിക്ക് തൂങ്ങി മരിക്കാമെന്നു...

കാരണം അത്രക്കും ശക്തമായാണല്ലോ
നീ എന്നെ ആ കൈകളില്‍* ബന്ധിച്ചിരിക്കുന്നത്‌...






(*സ്പന്ദിക്കുന്ന കാലമാപിനിയിലൂടെ
നിലച്ച ഹൃദയം പുനര്‍ജ്ജീവിപ്പിക്കാം)

Thursday, June 21, 2012

വിടപറയും മുന്‍പേ...


ആര്യപുത്രന്‍ ഉപേക്ഷിച്ച വേദനയില്‍...
ദുഖത്തിന്റെ തീവ്രതയില്‍...
ഭൂമി രണ്ടായി പിളര്‍ന്നു
അമ്മയുടെ മടിത്തട്ടിലേക്ക്
എന്നേക്കുമായി താഴും മുന്‍പ്
ജനക പുത്രി അനിയന്‍ ലക്ഷ്മണനോട് പറഞ്ഞു-

"അടയാളപെടുത്തലുകളിലൂടെ നിന്‍റെ ജേഷ്ഠനെ (എന്‍റെ കാന്തന്റെ ഓര്‍മയെ)
തിരികെ വിളിക്കാന്‍ നീ ഈ മേഘസന്ദേശവുമായി ദൂതു പോകൂ...

"ഇരിപ്പലകയുടെ പിന്നില്‍ ഞാന്‍ പോലുമറിയാതെ വരച്ചിട്ടത്
മന്ധരചതിയുടെ കൈകേകി മുഖമെന്നു എല്ലാം അറിയുന്ന നീ സാക്ഷ്യം നല്‍കൂ!

മായാമോഹിതമായ പരീക്ഷണങ്ങളുടെ
മാരീച കാഴ്ചകളെ ഇന്ന് ഞാന്‍ ഏറെ
(ഭയക്കുന്നു) വെറുക്കുന്നുവെന്ന് നീ ഉണര്‍ത്തിക്കൂ....

അങ്ങനെ ആ "നഷ്ട സ്വപ്നങ്ങളെ" ഒരു മേഘ തുണ്ടില്‍ അടയാളപെടുത്തി
"അനിയനാകും അരയന്നതിന്‍ പ്രശോഭ " ചിറകില്‍
ചേര്‍ത്ത് വെച്ച് അയക്കാന്‍ വേണ്ടിയാണ്
ഒരു വേള ഈ ശ്യാമമേഘത്തിന്‍ താക്കോല്‍ തിരഞ്ഞത്...

അപ്പോഴേക്കും ആ ആര്യപുത്രന്റെ ഓര്‍മകളെ
ഒന്നാകെ തടവറയിലാക്കി....
വിരല്‍ പൊള്ളിച്ച്,
സ്വയം കയ്യാമം അണിഞ്ഞ്,
ഒരു പിന്‍വിളിയുടെ പ്രതീക്ഷക്കു കാത്തു നില്‍ക്കാതെ ....
ഒരു നിശ്വാസമായി പോലും പെയ്തൊഴിയാതെ ...
താഴിട്ടു പൂട്ടി- താക്കോല്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞിരുന്നു....!!!
നഗര ചേരി വളര്‍ത്തിയ ആ ദുര്‍ഗന്ധം പേറും ചുവന്ന തെരുവിലെ
ഏപ്രില്‍ പൂക്കളുടെ ഏതോ അലസിപ്പിച്ച ഇരുളിമയിലേക്ക്!

താക്കോല്‍ എന്ന ആ ശ്രെമം ഉപേക്ഷിക്കാന്‍ തുനിഞ്ഞപ്പോള്‍
ഈ പൂവനത്തിന്റെ സൂക്ഷിപ്പുകാരി*1 ഒരു ചോദ്യം ചോദിച്ചു...

"ആരാണ് നിനക്ക് ഏറെ പ്രിയപെട്ടവന്‍*2?"

അന്നും ഇന്നും രണ്ടാമതൊന്നു*3 ചിന്തിക്കാന്‍
മറ്റാരും ഉണ്ടായിരുന്നില്ലല്ലോ ഈ ജനകപുത്രിക്ക്?






*1 ഗൂഗിള്‍
*2 ഹു ഈസ്‌ യുവര്‍ ഫേവരിട്ട് പെര്‍സണ്‍?
*3 എന്‍ ആദ്യാനുരാഗവും,ആകെ ഉള്ള അനുരാഗവും.

Tuesday, May 8, 2012

ശ്യാമമേഘം...

ഇന്ന് ഞാന്‍ നിന്‍റെ ഓര്‍മ്മകളുടെ തടവിലാണ്!



നാളെ ഞാന്‍ നിന്നെ മറക്കും...:)

കിഴക്കുദിക്കാന്‍ സൂര്യന്‍ മറന്നാല്‍ ...!

സൌരഭ്യം പൊഴിക്കാന്‍ പൂക്കള്‍ മറന്നാല്‍...!

ഇല പൊഴിക്കാന്‍ മരങ്ങള്‍ മറന്നാല്‍ ...!

തിരി നാളത്തില്‍ വീണു മരിക്കാന്‍ നിശാശലഭങ്ങള്‍ മറന്നാല്‍ ...!

മഴ പൊഴിക്കാന്‍ ശ്യാമമേഘങ്ങള്‍ മറന്നാല്‍...!

അന്ന് ..അതെ ..അന്ന്...!

അന്ന് നിന്നെ ഞാന്‍ മറക്കാം...:)

അന്ന് വരെ എനിക്കു നിന്നെ വേണം...!!!

പ്രണയത്തിന്‍ അറ്റ വറുതിയുടെ തീച്ചൂളയില്‍

നിന്‍റെ മാറില്‍ ഒരു വേനലായി കത്തി പടരാന്‍..

പെയ്തു തോരാത്ത വിരഹത്തിന്‍ നോവില്‍

നിന്‍റെ കൈകളില്‍ വീണു ചിന്നിചിതറാനായി ....

ഈ ശ്യാമമേഘം വരും....

Saturday, March 31, 2012

മുപ്പത്തി രണ്ടാം രാവ്...

അവള്‍
ഒരു അപ്പൂപ്പന്‍താടി ...
കൂട്ടം കൂടി പറന്ന് പറന്ന് ....
ഒടുവില്‍കൂട്ട് വിട്ട് തനിച്ചുള്ള യാത്ര....
കാറ്റിന്റെ ഉന്മാദ കൈകളില്‍ ഊഞ്ഞാലയാടി
കാടിനോടും കിളികളോടും കിന്നാരം ചൊല്ലി
കഥ കേട്ടുറങ്ങുന്ന മലയും പുഴയും കടന്ന്.....
ആകാശത്തിനോട് ആശകള്‍ പങ്കു വെച്ച്
പൂമ്പാറ്റയോട് പിന്നെ വരാമെന്ന് പൊളി പറഞ്ഞ്
പറക്കാന്‍ കഴിയാത്ത പൂക്കളോട് പൊങ്ങച്ചം പറഞ്ഞ്
തുരുത്തിന്റെ ഏകാന്ത സ്വപ്നങ്ങളെ വകഞ്ഞു മാറ്റി
എത്തപെട്ടത് കണ്ണീര്‍ പോല്‍ തെളിഞ്ഞു പലവഴി ഒഴുകുന്ന
ഒരു പാവം പുഴയുടെ പിടക്കുന്ന മാറിലേക്ക്‌ ....
കൈ ചൂണ്ടി പുഴ പറഞ്ഞു അരുത് സാഹസം
അതിരുകള്‍ കൈവിട്ട അല്‍പ ജ്ഞാനിയുടെ അവിവേകം
വീഴാതെ കൈ നീട്ടി പുഴയുടെ കാരുണ്യം....
പുഴ ഒഴുകും വഴി പുഴയെ പുണര്‍ന്ന്
അവളുമൊഴുകി പുഴ പോലുമറിയാതെ...
പ്രണയ തീര്‍ഥത്താല്‍ ഒന്നാകെ നനഞ്ഞ്..
പിന്നീടെപ്പോഴോ പുഴ അറിയാതെ അവളെ പുണര്‍ന്നു
ഒരിക്കലും പിരിഞ്ഞു പറക്കാന്‍ കഴിയാത്ത വണ്ണം..
അപ്പോഴേക്കും അവള്‍ പുഴയെ വരിച്ചു കഴിഞ്ഞിരുന്നു....
വര്‍ണ്ണ കാഴ്ച്ചയുടെ മായാ ലോകത്തേക്കാള്‍
ഇന്നവളുടെ ലോകം പുഴയിലേക്കൊതുങ്ങി...
അവനിലലിഞ്ഞു അവനോടൊപ്പം ഒഴുകി ...
ആ പ്രണയ തുരുത്തിലെ ചുഴികളില്‍ വട്ടം കറങ്ങി
അവസാന നിമിഷം വരെ പുഴയെ പിരിയാതെ
പുഴയെല്ലാം ഒഴുകുന്നിടത്തേക്ക് ...
ആ സ്നേഹ സാഗരത്തിലേക്ക്.....
അവിടെന്നും ഒഴുകി ഒടുവില്‍..
ആ ത്രിവേണി സംഗമത്തിലേക്ക് !