Saturday, March 24, 2012

ഇരുപത്തി ആറാം രാവ്‌.......

ഇന്നലെ പുലര്‍കാലത്ത് നിന്നെ ഞാന്‍ കിനാവില്‍ കണ്ടു..
നമ്മള്‍ ഒത്തിരി സമയം ഒരു പുഴ കടവില്‍ സംസാരിച്ചിരുന്നു...
പുഴയോട് ഇണ ചേരാന്‍ വെമ്പി ഉടല്‍ വളച്ചു വളരുന്ന
ആ മരത്തില്‍ ചാരി കിടന്നു നീ നിന്‍റെ വലം കൈയ്യില്‍ നിറയെ വെള്ളമെടുത്തു -
ഒരു കുടുന്ത വെള്ളം.
ഞാന്‍ കരുതി സ്നേഹാര്‍ദ്രമായി അത് നീ എന്നില്‍ തളിക്കുമെന്ന്.

എന്നാല്‍ നീ ആ കൈ എന്‍റെ നേരെ നീട്ടി,
പിന്നീട് ആ കൈകള്‍ ചുരുട്ടി വെള്ളം വിരലുകള്‍ക്കിടയിലൂടെ ഒലിച്ചുപോയി .....

പിന്നെ പണ്ടത്തെപോലെ സ്വതസിദ്ധമായ നിന്‍റെ ആ ബുദ്ധി ജീവി ഭാഷ്യം ..
"കണ്ടോ ഇങ്ങനെയാണ് സ്നേഹവും".
എത്ര നേരം കൈത്തലം കുഴിച്ചു പിടിക്കുന്നോ
അത്രയും സമയം ആ ജലം നില നില്‍ക്കും...
എപ്പോള്‍ പിടി മുറുക്കുന്നുവോ,
സ്വന്തമാക്കാന്‍ ശ്രമിക്കുന്നോ അപ്പോള്‍
അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകും.

സ്വാര്‍ത്ഥത കൊണ്ട് നാം പരസ്പരം
വലയം ചെയ്യുമ്പോള്‍സ്നേഹം നഷ്ടപെടുന്നു.
ശരിയായ സ്നേഹം സ്വാതന്ത്ര്യമാണ്.
സ്നേഹം ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല
എന്നാല്‍ എല്ലാം നല്‍കാന്‍ ഒരുക്കമാണ്."

എന്നിങ്ങനെ നീ ഏറെ പറഞ്ഞു...
നിറ മിഴിയുമായി ഞാന്‍ അത് മൂളി കേട്ടു.
എന്തോ അരുതാത്ത തെറ്റ് ചെയ്തു പോയ കുട്ടിയെ പോലെ
ഞാന്‍ തല താഴ്ത്തി ഇരിക്കുമ്പോള്‍,
എന്റെ നിറമിഴിയില്‍ നിന്ന്
കണ്ണീര്‍ കണങ്ങള്‍ സുന്ദരമായ
നിന്‍റെ ആ കാല്‍ പാദത്തില്‍ വീണടരുമ്പോള്‍,
എന്നെ ഇറുകെ പുണര്‍ന്നു നീ എന്റെ ചെവിയില്‍ ഓതി

"ഡി പൊട്ടി പെണ്ണേ ഇത് എന്‍റെ വാക്കല്ല...
സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ്..."എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ചു
പുഴയിലെക്കോടിയപ്പോള്‍,
ഒന്ന് പിച്ചിയെങ്കിലും വേദനിപ്പിക്കാനായി
നിന്‍റെ പിന്നാലെ ഓടിയ ഞാന്‍ കല്ലില്‍ തട്ടി വീണത്‌ കിടക്കയില്‍ നിന്ന് താഴേക്ക്.....:)

പ്രണയം തരുന്ന സ്വപ്നവും..
സ്വപ്ന നഷ്ടവും,
വിരഹ ദുഖവും നോക്കണേ....

വീണ്ടും ആ സൂര്യതേജസായ മുഖം
ഒന്നൂടി കാണാന്‍ വേണ്ടി മിഴികള്‍ ഇറുകെ അടച്ചിട്ടും ....
ങ്ങുഹും...കണ്ടില്ല.:(

നാഴികക്ക് നാല്പതു വട്ടം
ഞാന്‍ നിന്നെ സ്മരിക്കുന്നത് കൊണ്ടാകണം
ഒരുപക്ഷെ നിദ്രയിലൂടെയെങ്കിലും എനിക്കു നിന്നെ കാണാന്‍ കഴിയുന്നത്‌......;.....

ഈ രാവും കനവുകള്‍ കണ്ടു ഉറങ്ങാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി.

1 comment:

  1. ഇരുപത്താറാം രാവിലെ ഈ കുറിപ്പ് ഏറെയിഷ്ടപ്പെട്ടു

    ReplyDelete