Thursday, March 8, 2012

പതിമൂന്നാം രാവ്..

എന്റെ മടിയിലായിരുന്നു ആതിര, മൂന്ന് പേര്‍ക്കിരിക്കാവുന്ന ബജാജ് ഓട്ടോയുടെ സീറ്റില്‍ അഞ്ച് പേര്‍. ഡ്രൈവര്‍ക്കിരുവശവുമായ് രണ്ട് പേര്‍, ആകെ എട്ട് പേരുമായ് ആ ചെറു കുടുകുടു വാഹനം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്..

“ഡീ, ഇങ്ങേരെന്നെ തോണ്ടുന്ന പോലെ..” ആതിര, എനിക്കടുത്തിരിക്കുന്നവന്റെ മുഖത്ത് നോക്കാതെ ഈര്‍ഷ തീര്‍ത്തത് ഒന്നിളകി ഇരുന്നിട്ടായിരുന്നു.

“ഹോ, ആകെ നാല്‍പ്പത്തഞ്ച് കിലോയേ ഉള്ളു, എന്നാ മുടിഞ്ഞ വെയിറ്റാടീ എന്റെ മടീലിരിക്കുമ്പോള്‍ നിനക്ക്?”
ഇറങ്ങിക്കഴിഞ്ഞപ്പോഴുള്ള എന്റെ പരാതിക്ക് ഒരു ഐസ്ക്രീം എക്സ്ട്രാ കിട്ടുക തന്നെ വേണ്ടതാണ്!

“ഹ്ഹഹഹ!! പേടിക്കേണ്ട ട്ടാ, പോക്കറ്റ് മണി ആവശ്യത്തിലധികമില്ലെങ്കിലും ആവശ്യത്തിനുണ്ട്, ഞാനേറ്റു” എന്റെ മനസ്സ് വായിച്ചതില്‍ എനിക്കേതും അത്ഭുതം തോന്നിയില്ലെ, ഇതെത്ര പ്രാവശ്യം നടന്നിരിക്കുന്നു എന്നതാണ് അതിലെ സത്യം!

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഒരേ ഹോസ്റ്റല്‍ റൂമിലൊരുമിച്ചുണ്ടുറങ്ങിയ ആതിരയുടെ മുഖം ഓര്‍ത്തെടുക്കുകയാണിന്ന് ഞാന്‍. അന്നൊരിക്കല്‍ പാര്‍ലറിലിരുന്ന് ഐസ്ക്രീം നുണയുന്നതിനിടയിലാണ് ആ പ്രൊപ്പോസല്‍ ഉറപ്പിച്ചതായി അവള്‍ പറയുന്നത്. നോര്‍ത്ത് ഇന്‍ഡ്യയില്‍ സെറ്റില്‍ ആയ മലയാളി യുവാവുമായ് അടുപ്പമുണ്ടായിരുന്നതിന് സാക്ഷ്യം ഞാന്‍ തന്നെയായിരുന്നു.

ഇന്നത്തെ അവളുടെ മെയില്‍, കല്യാണത്തിനുശേഷം ആദ്യമായ് വന്നതായിരുന്നു. എന്നതിനാല്‍ത്തന്നെ അത്രയും പ്രാധാന്യം അതിനുള്ളതായ് തോന്നി. തോന്നല്‍ സത്യവുമായിരുന്നു, കല്യാണം കഴിഞ്ഞ് ഒന്‍പത് മാസത്തെ കുടുംബജീവിതം വേര്‍പെടുത്തിയതും ശേഷം ജോലിയുമായ് തനിയെ ഒരു വര്‍ഷത്തോളമായി മണലാരണ്യത്തില്‍ പ്രവാസജീവിതം തുടരുന്നതുമൊക്കെയായിരുന്നു ഉള്ളടക്കം.

വൈകീട്ട് മക്ഡൊണാള്‍ഡില്‍ കാണാം എന്ന വാചകം എന്നെ അത്ഭുതപ്പെടുത്തിയത്, ഞാന്‍ ഇവള്‍ക്കടുത്തെന്നത് മുമ്പേ അറിഞ്ഞിരിക്കുന്നു എന്നതിനാലായിരുന്നു..

“എന്താടീ അപ്സെറ്റായിരിക്കുന്നത്? ഐസ്ക്രീമിനുള്ള കൊതിയാണോ? ഹ്ഹഹഹ!” ആതിര കിലുകിലെ ചിരിക്കുന്നു.
കണ്‍തടങ്ങളില്‍ കറുപ്പലയടിച്ചതൊഴികെ പ്രസന്നമായിരുന്നു അവളുടെ മുഖവും കണ്ണുകളും ചലനങ്ങളും..

“മ്, അറിഞ്ഞിട്ടും ഇതേവരെ..”

“നില്ലെടി, അതൊന്നുമല്ല, നിന്നേം കൂടി എന്തിനാ എന്റെ ഒറ്റപ്പെടലില്‍ ചേര്‍ക്കുന്നേ എന്ന് കരുതി”
എന്റെ സങ്കടം പറയുവാന്‍ അവള്‍ സമ്മതിച്ചില്ല..

“കാണണമെന്നേ ഉണ്ടായിരുന്നുള്ളു, ഇന്ന് ഞാനേറെ സന്തോഷിക്കുന്നു, ഈ ഒറ്റപ്പെടലിലും ഇത്രയും കാലത്തിനു ശേഷം അതാണ് കാണാന്‍ വന്നത്..” എന്റെ വിശേഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലായ ഞാന്‍ മൂകമായിരുന്നു, എല്ലാം കേട്ട് കൊണ്ട്..

ആതിര തുടര്‍ന്നു, “ഒരിക്കല്‍ ചൂട് പാല്‍ കുടിച്ച പൂച്ചയാണ് ഞാന്‍, എന്നിട്ടും എന്റെ ഹൃദയത്തിനെ അടക്കി നിര്‍ത്താന്‍ പറ്റുനില്ല, ഞാന്‍ സ്നേഹിക്കുകയാണ്, സ്നേഹിക്കപ്പെടുന്നതിനൊപ്പമായ്.. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.. ഓര്‍ക്കുന്നില്ലേ, അന്ന് നമ്മളൊന്നായ് വിഷുക്കണി കണ്ടത്, വീതിക്കരയുള്ള സ്വര്‍ണ്ണക്കസവുടുത്ത്..
ആ നല്‍ക്കണിപോലെ ഞാന്‍ കാണുകയാണ് ഒരു മുഖം..”

“ഇല്ല, എനിക്ക് കഴിയില്ല, ഒരു ജന്മം കൂടി പതറുവാന്‍..
ഒരിക്കല്‍ക്കൂടി വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക് നടന്ന് നീങ്ങുവാ‍ന്‍..
പേടിയാണിന്നെനിക്ക്,
ആത്മധൈര്യം ചോര്‍ന്നത് പത്മവ്യൂഹത്തിനുള്ളില്‍ വെച്ചായതിനാലാവും..
ഒറ്റയാക്കപ്പെട്ട്,
അതില്‍ നിന്ന് പുറത്തെറിയപ്പെട്ടതിനാലാവാം, ഞാന്‍ അധൈര്യപ്പെടുന്നത്..”

ആതിരയുടെ കൈത്തലം, മേശയില്‍ ഇറ്റുവീണ നീര്‍ത്തുള്ളിയെ തഴുകുമ്പോള്‍ എന്റെ കൈകള്‍ സംഞ്ജയേതുമില്ലാതെ ആ കരത്തലങ്ങളെ മൂടുകയായിരുന്നു..

“വരൂ, എഴുന്നേല്‍ക്കൂ.. നമുക്ക് നടക്കാം..”
ബില്ല് പേ ചെയ്ത് അവള്‍ക്കൊപ്പം നടക്കുമ്പോള്‍ എന്നെ ചിന്തകള്‍ മഥിച്ചിരുന്നു..

ചൂട് കാറ്റടിക്കുന്നെങ്കിലും ഇപ്പോള്‍ ഒരു ഊഷ്മളത പടരുന്നത് ഞാനറിഞ്ഞു..


നിശബ്ദപദചലനങ്ങളിലൂടെ നമ്മള്‍ രണ്ട് പേരും ആ വീഥിയിലൂടെ നടന്നു നീങ്ങി..

പാതി ചൊല്ലിയ കഥയെ മുഴുമിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചില്ല,
കേട്ടതിനും മീതെയാണ് ഒരു നീര്‍ക്കുമിള പോലെ ജീവിതമെന്ന ആകെത്തുക..
ഒഴുക്കിന്റെയൊപ്പം നീങ്ങിയ അതിന്റെ ചലനം കാറ്റിന്റെ ശ്വാസഗതി ആവേഗം കൂട്ടുന്നു..

ഒരു ദീര്‍ഘശ്വാസമാകാം നമുക്ക്..
പൊട്ടാന്‍ തുടങ്ങുന്ന നിമിഷത്തിനും ഇക്കരെ നിന്ന്..

..
മേഘമാത്യു


|||||||image courtesy 'google'|||||||

1 comment:

  1. പതിമൂന്നാം രാവില്‍ ഇത് കഥയാണോ...?

    ReplyDelete