Tuesday, March 13, 2012

പതിനെട്ടാം രാവ്....


ഇന്നീ രാവില്‍ നിന്റെ വരികള്‍ തന്നെ ഞാന്‍ കടമെടുക്കട്ടെ?...

"വിടപറഞ്ഞ ഈവേളയില്‍ പോലും,
എന്റെ ഓര്‍മ്മകള്‍ നിന്നില്‍ ഒരിക്കലും ദുഃഖസാഗരം തീര്‍ക്കരുത്.
നശ്വരമായ മനുഷ്യായുസിനെ ഓര്‍ത്ത് വിലപിക്കാതെ-
പങ്കിട്ട സുന്ദര മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത് നീ സന്തോഷിക്കുക.
എന്നില്‍ നിന്ന് നീ കവര്‍ന്ന സ്നേഹം നിന്നിലെ ഉണര്‍വ്വായി മാറട്ടെ."

എങ്ങനെ കഴിഞ്ഞൂ നിനക്ക് ഇങ്ങനെ കുറിക്കാന്‍!!!!!?!

ആര് പറഞ്ഞു നീ വിതച്ച വിത്ത് ഞാന്‍ കൊയ്തില്ലെന്ന്?

എന്‍റെ ഹൃദയത്തില്‍ നീ ആ രാവില്‍ പാകിയ വിത്ത് പടര്‍ന്നു പന്തലിച്ച് ഇന്നീ ശിരസിനെ പിളര്‍ത്തുന്നു.!
ആ വിത്തിന്‍റെ വേരുകള്‍ പാദങ്ങളുടെ വേലി അതിരുകള്‍ ഭേദിച്ച് നിന്നെയും തേടിയുള്ള ഒരിക്കലും അവസാനിക്കാത്ത യാത്രയിലാണ്.
നിന്നെ നീ അറിയാതെ എന്നും അനുധാവനം ചെയ്യാന്‍ മാത്രമായാണ് ഇന്നീ ജീവന്‍ നിലനില്‍ക്കുന്നത് തന്നെ.
നിന്‍റെ ഓര്‍മകള്‍ക്കും നീ കുറിച്ച അക്ഷരങ്ങള്‍ക്കും ഒരിക്കലും മരണമില്ല...ഒരിക്കലും...

നീല സാഗരം നിനക്കേറെ പ്രിയങ്കരമാണല്ലോ...?
ആ സാഗരം അഗ്നിയായി നിന്ന് കത്തുന്ന കാലം..
അങ്ങനെ ഒരു കാലമുണ്ടാകുമെങ്കില്‍ അന്ന് ഞാന്‍ നിന്നെ മറക്കാം...

കടല്‍ക്കരയില്‍ മലര്‍ന്നു കിടന്ന് നീലാകാശം നോക്കുന്നത് നിനക്കേറെ പ്രിയങ്കരമല്ലേ...?
സൂര്യ ചന്ദ്രന്മാര്‍ ഉദിക്കാത്ത രാപകലുകള്‍ ഈ വിണ്ണില്‍ ഉണ്ടാകുമെങ്കില്‍... ,,,അന്ന് ....
അന്ന് നിന്നെ ഞാന്‍ മറക്കാം...

മറക്കാന്‍ ശ്രെമിക്കുന്തോറും ഓര്‍മ്മയുടെ എല്ലാ സാധ്യതകളിലൂടെയും നിന്‍റെ മുഖം പൂര്‍ണ നിലാവായി എന്നില്‍ വന്നുദിക്കുന്നു...

ഇന്നലെ എങ്ങനെ ആയിരുന്നോ അതിലും വളരെ അടുത്ത്-
പ്രഭാതത്തില്‍ വിരിഞ്ഞു പുഞ്ചിരിക്കുന്ന പനിനീര്‍ പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്‍ന്നുയരുന്​ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന കിളികളുടെ കളകളമായി,
ചക്രവാളത്തിന്റെ മദിപ്പിക്കുന്ന അരുണ വര്‍ണമായി,
വെണ്‍‌തിങ്കള്‍ കല തീര്‍ക്കും വെള്ളി വെളിച്ചമായി,
അതിലോല വസ്ത്രങ്ങളെ തഴുക്കുന്ന നേര്‍ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന സ്വപ്ന നക്ഷത്രമായി,
മഴ മേഘത്തില്‍ വിരിയുന്ന സപ്തവര്‍ണ പ്രപഞ്ചമായി,
മനസ്സില്‍ കുളിര്‍മഴ പൊഴിയും മഞ്ഞിന്‍ കണങ്ങളായി,
ബഹുവര്‍ണ പെരുമ തീര്‍ക്കും ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില്‍ പോലും വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ വാത്സല്യ ചുഃബനങ്ങളായി,
നിന്റെ തൊട്ടടുത്ത്,
ഒരു നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്റെ കുറഞ്ഞ അകലത്തില്‍. നിനക്കൊപ്പം എന്നും ഞാനുണ്ടാവും...
മരണമില്ലാതെ...
ഇന്നീ രാവില്‍ നിന്‍ പിന്‍വിളി പ്രതീക്ഷിച്ച്...പടി ഇറങ്ങട്ടെ .....??

ഇത് കേട്ടപ്പോള്‍ നീ കരുതിയോ ഞാന്‍ വിട പറഞ്ഞു പോകുകയാണെന്ന്?? നിന്നേ പോലെ വെറും ലാഘവത്തോടെ വിട പറയാന്‍ അതിന് എനിക്കു കഴിയണ്ടേ?നീ തന്നെ പറയൂ...ഞാന്‍ നിന്നില്‍ നിന്നും എങ്ങനെ വിടപറയും? സ്വന്തം മനസാക്ഷിയോട് ചോദിക്കൂ ,ആര് ആരെയാണ് മറന്നതെന്ന്?

ആ യുദ്ധഭൂമിയില്‍ നിന്ന് ഏകനായി തെറ്റിദ്ധാരണയുടെ കരിമ്പടം എടുത്ത് പുതച്ച് ആ വാത്മീകത്തില്‍ കഴിഞ്ഞതാര്??
ഞാനോ അതോ നീയോ?
ഞാന്‍ എന്നും എന്‍റെ നയം വ്യകതമാക്കിയിരുന്നില്ലേ?
നീ തന്നെയല്ലേ മാമുനിയായി ഒരു മൌന വാത്മീകത്തില്‍ അടയിരിക്കുന്നത്‌?
നീയല്ലാതെ എന്‍റെ ജീവിതത്തിലൊരു പ്രണയമില്ലെന്ന് ഇനിയും നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നുണ്ടോ?
അന്നും ഇന്നും എന്നും നിന്‍ കാല്പാദങ്ങളില്‍ വീണലിയുന്ന ഒരു കൃഷ്ണ തുളസിയായോ ...
ആ പാദങ്ങള്‍ക്ക് സുഗന്ധമേകുന്ന ഒരു കര്പൂരമായെങ്കിലും ഞാന്‍ പിറന്നിരുന്നെങ്കില്‍. എന്ന ഏക പ്രാര്‍ഥനയായി,
അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങള്‍ക്ക്‌ മോക്ഷമേകാന്‍,
നിന്‍റെ പാദസ്പര്‍ശത്തിനായി..അതുവഴി ഒരു ശാപ മോക്ഷത്തിനായി കാത്തിരിക്കുന്ന ഒരു "അഹല്യ"യായി ഞാനിവിടെ .....

എത്ര നാള്‍ മര്യാദാ പുരുഷോത്തമനായ അങ്ങ് ഈ സ്നേഹം തൃണവല്ക്കരിക്കും???

2 comments:

  1. ഒറ്റച്ചവിട്ടിന് അഹല്യേടെ കഥ കഴിഞ്ഞു എന്ന് പുതിയ പുരാണം

    ReplyDelete
  2. :)
    കാത്തിരിപ്പിനുമൊരു സുഖമുണ്ട് :)

    ReplyDelete