Wednesday, July 20, 2011

രണ്ടാം രാവ്..

അങ്ങനെ. നമ്മുടെ രണ്ടാം രാവ്..

കര്‍ണികാരങ്ങള്‍ കഥകളിപ്പദമാടും
കാവുകളില്‍ നളദമയന്തിമാര്‍ക്ക്
ദൂതുമായി പോയ കളഹംസമേ..
പോകൂ ഈ മേഘദൂതുമായി..

ആയിരത്തൊന്നു രാവുകളില്‍
നിര്‍ത്താതെ കഥ പറഞ്ഞ ഷഹ്‌റസാദ്
കഥകള്‍ കൊണ്ട് മരണത്തെ തോല്പിക്കാമെന്ന്
കാണിച്ചുതരികയായിരുന്നൂ.

കഥ വായിക്കുന്നതും കേള്‍ക്കുന്നതും
ജീവിതത്തെ നീട്ടിക്കൊണ്ട് പോവുന്ന
കപ്പലുകളാണെന്ന് ആദ്യം പഠിപ്പിച്ച് തന്നത്
ഷഹറസാദ് ആയിരിക്കും.

"നീയില്ലാതെ ഞാന്‍ ഇല്ലാ "
എന്ന് നീ എന്നെ
മൌനത്തിന്റെ ഭാഷയില്‍
പഠിപ്പിച്ചത് പോലെ!!!

അതെ.. നിന്നെ പിരിയാന്‍ എനിക്കോ..
എന്നെപിരിയാന്‍ നിനക്കോ കഴിയില്ലാ എന്ന
ഉപബോധ മനസിന്റെ പ്രേരണയാണ്
വഴിപിരിഞ്ഞു ഒഴുകിയിട്ടുംവീണ്ടും
നമ്മളീ ത്രിവേണി സംഗമത്തില്‍ എത്തിയത്...

ആ പ്രകൃതിയുടെ
പ്രണയ ഭാവങ്ങളാണ്നമ്മെ
അറേബ്യന്‍ കെട്ടുകഥ പോലെ
നയിക്കുന്നത്.

നോക്കൂ...
കാറ്റത്ത്‌ കെട്ടുപിണയുന്ന
ഈ മുടിയിഴകള്‍ പോലും
നിന്‍റെ സാമീപ്യത്തില്‍ സര്‍പ്പങ്ങളെ പോലെ
പുളയുന്നത് നീ കാണുന്നില്ലേ?

നീ ഈ മുറിയില്‍
എന്‍റെ അരികില്‍ നില്കുന്നത്
ഞാന്‍ കാണുന്നുണ്ട്..
നിന്‍റെ അണിവിരലിന്റെ
സുവര്‍ണശോഭ എന്നെ
വലയം ചെയ്യുന്നത്
സൂര്യരശ്മികളെ പോലെ ആണ്..

നിന്നോടോപ്പമുള്ള രാവുകള്‍
എനിക്ക്എത്ര മധുരതരമാണ്!!!

നാം അലഞ്ഞ കടല്‍ത്തീരത്ത്‌ നിന്നും
നമ്മള്‍ ശേഖരിച്ച മുത്തും,ശംഖും,പവിഴവും..
പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ നമുക്ക് കഴിയില്ലല്ലോ..
അതിനാല്‍ഈ പ്രണയോപഹാരം
എന്‍റെ ഹൃദയചിപ്പിയിലേക്ക്
ആരും കാണാതെ എടുത്തു വെച്ചത്.

മഴ തോര്‍ന്ന മാനത്ത് മഴവില്ല്
വിരിയാറുള്ള നിന്‍റെ കണ്മുനകള്‍
എനിക്ക്സമ്മാനിക്കുന്നത്
ഉറക്കമില്ലാത്ത രാത്രികള്‍.

കുത്തി ഒഴുകുന്ന വെള്ളച്ചാട്ടം പോലെയുള്ള
നിന്‍റെ തീവ്രനോട്ടത്തിന്റെ ആഴങ്ങളിലേക്ക്പലപ്പോഴും
നീ എന്‍റെ പ്രാണനെ എടുത്തു കൊണ്ടാണല്ലോ
ഊളിയിടാറുള്ളത്‌..

കാണാകാഴ്ചയുടെ
ആ കാര്‍ത്തിക രാവുകള്‍
ഇനി എന്നാണ് നമ്മെ ആലിംഗനം ചെയ്യുക?

ആയിരത്തിയൊന്ന് രാവുകളാല്‍
ജീവിതം മാറ്റിമറിക്കപ്പെട്ട ഒട്ടനവധി
ഉദാഹരണങ്ങള്‍ ഉണ്ട്.

ആയിരത്തൊന്നു രാവുകള്‍ പത്തുവാള്യങ്ങളിലായി വിവര്‍ത്തനംചെയ്ത റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍ നൈല്‍നദിയുടെ ഈറ്റില്ലം കണ്ടുപിടിക്കാന്‍ ആഫ്രിക്കയില്‍ സോമാലിലാന്റിന്റെ അന്തരാളത്തിലേക്കുള്ള സാഹസസഞ്ചാരത്തില്‍ ബഡുവിന്‍ വര്‍ഗക്കാരെ മെരുക്കിയെടുത്തു സ്വന്തം ജീവന്‍ രക്ഷിച്ചത് ആ കഥകള്‍ പറഞ്ഞു രസിപ്പിച്ചിട്ടാണെന്ന് ഒരു ലേഖനത്തില്‍ ജോര്‍ജ്ജ് ക്രീല്‍ സവിസ്മയം അനുസ്മരിച്ചിട്ടുണ്ട്.

ലോകഭാഷകളിലെ മഹാരഥരായ പഴയ എഴുത്തുകാരെയും, പ്രൂസ്റ്റ്, ജോയ്‌സ്, ബോര്‍ഹസ് തുടങ്ങിയ ആധുനികരെയും ഒരുപോലെ സ്വാധീനിച്ച കഥാ സമുച്ചയമാണത്. വോള്‍ട്ടയര്‍ അത് പതിന്നാലുവട്ടം വായിച്ചു.

കോള്‍റിഡ്ജ് പറയുന്നു, ''ജനല്‍പ്പടിയിലിരിക്കുന്ന ആ ഗ്രന്ഥം ഞാന്‍ രാത്രി ഭയാശങ്കകളോടെയാണ് നോക്കുക. പുലരിയില്‍ ഇളവെയിലേറ്റുകൊണ്ടു വായിക്കും. എന്നില്‍ അതിനുള്ള വശീകരണശക്തികണ്ട് പിതാവ് ആ ഗ്രന്ഥം കത്തിച്ചുകളഞ്ഞു.''

ആയിരത്തൊന്നു രാവുകളിലെ കഥകള്‍ സത്യമായിരുന്നെങ്കില്‍ എന്ന് കാര്‍ഡിനല്‍ ന്യൂമാന്‍ ആഗ്രഹിച്ചു, അറബിക്കഥ ചലച്ചിത്രമാക്കി വിജയിച്ച ഏക സംവിധായകനായ പോളോ പബോലിനി ചിത്രാന്ത്യത്തില്‍ കുറിച്ചിട്ടത്

''ഒരു സ്വപ്‌നത്തില്‍ നിന്നു മാത്രം
സത്യത്തിലെത്തിച്ചേരാനാകില്ല;
ഒട്ടേറെ സ്വപ്‌നങ്ങളില്‍ കൂടിയേ
അതു സാധിക്കു'' എന്നാണ്.

അതെ...നമ്മുടെ സ്വപ്നവും...അങ്ങനെ പൂവണിയട്ടെ....

"വിരഹത്തിന്റെ വേനലില്‍ വറ്റിയ
നിന്റെ മിഴികള്‍ക്ക് മുന്‍പില്‍
തോല്കുക എന്നത്
എനിക്ക് നിന്നോടുള്ള ആദരവാണ്
എങ്കിലും.. പ്രണയത്തിന്‍റെ
കൊടുമുടിയിലേക്കുള്ള
നമ്മുടെ യാത്രയില്‍
നിന്നെ ഞാന്‍ പരാജയപെടുത്തും..
എന്ന് മാത്രം പറഞ്ഞു നിര്‍ത്തട്ടെ.."

..
ഹസീന

|||||||image courtesy 'google'|||||||

1 comment:

  1. ഭാവനയും ചരിത്രവും മിത്തും വിവരണങ്ങളും ചേര്‍ത്തെഴുതിയ ഈ പോസ്റ്റുകള്‍ നല്ലൊരുദ്യമം...അഭിനന്ദനങ്ങള്‍

    ReplyDelete