Tuesday, May 8, 2012

ശ്യാമമേഘം...

ഇന്ന് ഞാന്‍ നിന്‍റെ ഓര്‍മ്മകളുടെ തടവിലാണ്!



നാളെ ഞാന്‍ നിന്നെ മറക്കും...:)

കിഴക്കുദിക്കാന്‍ സൂര്യന്‍ മറന്നാല്‍ ...!

സൌരഭ്യം പൊഴിക്കാന്‍ പൂക്കള്‍ മറന്നാല്‍...!

ഇല പൊഴിക്കാന്‍ മരങ്ങള്‍ മറന്നാല്‍ ...!

തിരി നാളത്തില്‍ വീണു മരിക്കാന്‍ നിശാശലഭങ്ങള്‍ മറന്നാല്‍ ...!

മഴ പൊഴിക്കാന്‍ ശ്യാമമേഘങ്ങള്‍ മറന്നാല്‍...!

അന്ന് ..അതെ ..അന്ന്...!

അന്ന് നിന്നെ ഞാന്‍ മറക്കാം...:)

അന്ന് വരെ എനിക്കു നിന്നെ വേണം...!!!

പ്രണയത്തിന്‍ അറ്റ വറുതിയുടെ തീച്ചൂളയില്‍

നിന്‍റെ മാറില്‍ ഒരു വേനലായി കത്തി പടരാന്‍..

പെയ്തു തോരാത്ത വിരഹത്തിന്‍ നോവില്‍

നിന്‍റെ കൈകളില്‍ വീണു ചിന്നിചിതറാനായി ....

ഈ ശ്യാമമേഘം വരും....

Saturday, March 31, 2012

മുപ്പത്തി രണ്ടാം രാവ്...

അവള്‍
ഒരു അപ്പൂപ്പന്‍താടി ...
കൂട്ടം കൂടി പറന്ന് പറന്ന് ....
ഒടുവില്‍കൂട്ട് വിട്ട് തനിച്ചുള്ള യാത്ര....
കാറ്റിന്റെ ഉന്മാദ കൈകളില്‍ ഊഞ്ഞാലയാടി
കാടിനോടും കിളികളോടും കിന്നാരം ചൊല്ലി
കഥ കേട്ടുറങ്ങുന്ന മലയും പുഴയും കടന്ന്.....
ആകാശത്തിനോട് ആശകള്‍ പങ്കു വെച്ച്
പൂമ്പാറ്റയോട് പിന്നെ വരാമെന്ന് പൊളി പറഞ്ഞ്
പറക്കാന്‍ കഴിയാത്ത പൂക്കളോട് പൊങ്ങച്ചം പറഞ്ഞ്
തുരുത്തിന്റെ ഏകാന്ത സ്വപ്നങ്ങളെ വകഞ്ഞു മാറ്റി
എത്തപെട്ടത് കണ്ണീര്‍ പോല്‍ തെളിഞ്ഞു പലവഴി ഒഴുകുന്ന
ഒരു പാവം പുഴയുടെ പിടക്കുന്ന മാറിലേക്ക്‌ ....
കൈ ചൂണ്ടി പുഴ പറഞ്ഞു അരുത് സാഹസം
അതിരുകള്‍ കൈവിട്ട അല്‍പ ജ്ഞാനിയുടെ അവിവേകം
വീഴാതെ കൈ നീട്ടി പുഴയുടെ കാരുണ്യം....
പുഴ ഒഴുകും വഴി പുഴയെ പുണര്‍ന്ന്
അവളുമൊഴുകി പുഴ പോലുമറിയാതെ...
പ്രണയ തീര്‍ഥത്താല്‍ ഒന്നാകെ നനഞ്ഞ്..
പിന്നീടെപ്പോഴോ പുഴ അറിയാതെ അവളെ പുണര്‍ന്നു
ഒരിക്കലും പിരിഞ്ഞു പറക്കാന്‍ കഴിയാത്ത വണ്ണം..
അപ്പോഴേക്കും അവള്‍ പുഴയെ വരിച്ചു കഴിഞ്ഞിരുന്നു....
വര്‍ണ്ണ കാഴ്ച്ചയുടെ മായാ ലോകത്തേക്കാള്‍
ഇന്നവളുടെ ലോകം പുഴയിലേക്കൊതുങ്ങി...
അവനിലലിഞ്ഞു അവനോടൊപ്പം ഒഴുകി ...
ആ പ്രണയ തുരുത്തിലെ ചുഴികളില്‍ വട്ടം കറങ്ങി
അവസാന നിമിഷം വരെ പുഴയെ പിരിയാതെ
പുഴയെല്ലാം ഒഴുകുന്നിടത്തേക്ക് ...
ആ സ്നേഹ സാഗരത്തിലേക്ക്.....
അവിടെന്നും ഒഴുകി ഒടുവില്‍..
ആ ത്രിവേണി സംഗമത്തിലേക്ക് !

Friday, March 30, 2012

മുപ്പത്തി ഒന്നാം രാവ്...


പ്രിയമുള്ള മുല്ലേ....
ഈ രാവില്‍ വിരിഞ്ഞ
നിനക്കെത്ര സൌന്ദര്യം....!

ഈ വനിയില്‍
നീ പകര്‍ന്നു
അതിലേറെ സുഗന്ധവും....!

നാളേറെയായി...
നാം രണ്ടും പൂക്കുന്നു,
മിഴികള്‍ പൂട്ടാതെ....!

രാവേറെ ചെന്നും...
പ്രാണനെ പോല്‍ ഇന്നും,
പ്രണയത്തെ മറക്കാതെ....!

നിന്നെപോലെ...
കല്ലിന്‍റെ മാറിലാണ്;
ഞാനും കിടന്നത്....!

എന്നിട്ടും .....!!!

ആ "കല്ലിനു സൌരഭ്യം " ഉണ്ടായില്ലല്ലോ മുല്ലേ..???

Thursday, March 29, 2012

മുപ്പതാം രാവ്...


മനസ്സാകും സ്ലേറ്റില്‍ പതിഞ്ഞ
നിന്നെ കുറിച്ചുള്ള
മരിക്കാത്ത ഓര്‍മ്മകള്‍
മായ്ച്ചു കളയുന്നതിനായിട്ടാണ്
ഞാന്‍ ഒരു വേള
ഇല പച്ചയെ തേടിയത്...

തനിച്ചു നിന്ന നിന്‍റെ
മിനുസമുള്ള വിരസതക്ക്
നിറചാര്‍ത്ത് കിട്ടിയത്
തെന്നല്‍ വിരിച്ച പായയില്‍
വേനലിന്‍റെ മറവില്‍
എന്‍റെ സൂര്യനോട് നീ
ഇണ ചേര്‍ന്നിട്ടോ?

എങ്ങനെയാണ് നിന്നിലെ പച്ചക്ക്
ഇത്രമേല്‍ ചാരുത കൈവന്നത്?

എന്‍റെ സൂര്യനെ പങ്കിട്ട നീ
നിന്‍ നേര്‍ത്ത വള്ളികള്‍
എനിക്കു നേരെ നീട്ടണ്ട....

എനിക്കറിയാം...
പ്രണയത്തില്‍
എത്ര നേര്‍ത്ത വല്ലിയിലും
തൂങ്ങി മരിക്കാമെന്ന്...

കാരണം
അത്രയും
കഠിനമായ
ബലത്തിലാണ്
അത് നമ്മെ
കുരുക്കിയിടുക...

Wednesday, March 28, 2012

ഇരുപത്തി ഒന്‍പതാം രാവ്...

നിനക്കും എന്നെപോലെ പനിനീര്‍ പൂവ് ഒത്തിരി ഇഷ്ടമാണല്ലോ ....
ഓരോ പിണക്കത്തിനും ശേഷം പൂര്‍വാധികം ശക്തമായി രണ്ടു പ്രാണന്‍ തമ്മില്‍ ഒട്ടുമ്പോള്‍
അതിനടയാളമായി ഒരു ചുവന്ന പനിനീര്‍പൂവ് അയച്ചു തരണമെന്ന് കരുതി ...
പിന്നെ തോന്നി അതിലും നന്നാകും എന്‍റെ ഈ ഹൃദയം അയച്ചാല്‍ എന്ന്..
നിനക്ക് അര്‍പ്പിക്കാനായി തുനിഞ്ഞപ്പോഴാണ് ഞാന്‍ കാണുന്നത് പറിച്ചു മാറ്റാനാകാതെ
എന്‍റെ ഹൃത്തിലേക്ക് ചുറ്റി പിണഞ്ഞു കിടക്കുന്ന നിന്‍റെ ഹൃദയത്തെ.
പ്രണയത്തില്‍ വരുമ്പോള്‍ ചുകപ്പേ നിന്‍റെ നിറം മാറുമെങ്കിലും
എപ്പോഴും അപകടം പറയുന്ന നിന്നെ ഞങ്ങള്‍ക്ക് വേണ്ട...

തന്മൂലം ഇന്ന് നിനക്ക് ഞാന്‍ ഒരു "റോസ്" തന്നെ സമ്മാനിക്കട്ടെ ...?

Monday, March 26, 2012

ഇരുപത്തി എട്ടാം രാവ്...



ക(വി)ത
മുയല്‍ ഉറങ്ങിയത് മത്സരത്തിലെ പഴങ്കഥ.
ആമയില്‍ ഉത്തേജകം പുതു കഥ.

അത്തിമരത്തില്‍ കുരങ്ങന് ശസ്ത്രക്രിയ
ഹൃദയം മാറ്റിവെക്കല്‍ ഒരു സമ്പൂര്‍ണ വിജയം.

ചുവന്ന മഷിയാല്‍ വെട്ടല്‍ തിരുത്തല്‍
അടുക്കു തെറ്റിയ സമവാക്യങ്ങള്‍

പ്രലോഭനങ്ങളുടെ തുടര്താളുകള്‍
ശൂന്യതയുടെ അര്‍ധ വിരാമങ്ങള്‍

ഭൂതകാലം ചിതലരിച്ചടര്‍ന്ന ആദ്യ അദ്ധ്യായം
വര്‍ത്തമാനം കാക്ക കലമ്പലിന്‍ സായാഹ്നം

അവസാന പേജില്‍ വര്‍ണ്ണ ചിത്രങ്ങളാല്‍
തോറ്റു പോയവരുടെ പേരുകള്‍

പരാജിതരുടെ ചിത്ര പുസ്തകത്തില്‍
തൂങ്ങി ആടുന്ന കയറില്‍ എന്‍റെ ഒപ്പ്.

Sunday, March 25, 2012

ഇരുപത്തി ഏഴാം രാവ്...

സ്ത്രീയുടെ സ്നേഹത്തിനും ത്യാഗത്തിനും ഉദാഹരണമായി ഏറെ കഥകള്‍ ഉണ്ടെങ്കിലും,
കണ്ണകിയുടെ കഥ,അഥവാ ചിലപ്പതികാരത്തിന്റെ കഥ ആ ഗണത്തില്‍ ഏറെ പ്രകീര്‍ത്തിക്കപെടുന്നുണ്ട്.
അതെ ഗണത്തില്‍ ഉള്ള മണിമേഖല എന്ന കാവ്യം അധികമാരും പ്രകീര്‍ത്തിച്ചു കാണാറില്ല.
ആ കഥകള്‍ നിനക്കറിയാം എന്ന് എനിക്കറിയാം എങ്കിലും....
ചുരുക്കി പറയട്ടെ...


കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ
അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു.
കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ,
കോവലൻ, പുകാർ രാജസദസ്സിലെ മാധവി എന്ന നർത്തകിയെ രാജ സദസ്സില്‍ വെച്ച് കണ്ടുമുട്ടി.
അവരുടെ നൃത്തത്തില്‍ സന്തുഷ്ടനായ രാജാവ് വിലപിടിച്ച സമ്മാനങ്ങള്‍ അവൾക്ക് നല്‍കുക പതിവായിരുന്നു.സദസ്സിലുണ്ടായിരുന്ന കാവ്യോപാസകനും,കലാസ്നേഹിയുമായ കോവലന്‍ അവരിൽ ആകൃഷ്ടനാവുകയും അവരെ അനുഗമിക്കുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.

കുടുംബ മഹിമ അവകാശപെടാനില്ലെങ്കിലും,മാധവി തെറ്റിദ്ധരിക്കപെടുന്ന ഗണിക വംശജരില്‍ ഒരാളാണ് എന്നറിഞ്ഞ കോവലന്‍ നാട്ടു പ്രഭുവിന് മുന്നില്‍ ഗണിക വംശജയായ അവളെ വീട്ടുകാര്‍ കാഴ്ച്ചവെക്കാതിരിക്കാനും,ഉപഹാരമായി കിട്ടിയ അവരുടെ രത്നങ്ങള്‍ അടക്കം ചെയ്ത ചിലങ്കകള്‍ വില്‍ക്കാന്‍ അനുവദിക്കാതെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി.

പിന്നീട് നടന്ന സംഭവ ബഹുലമായ കഥകളില്‍ നിറയുന്നത് കണ്ണകിയുടെ കഥയാണ്.
കണ്ണകിക്ക് എവിടെന്നു കിട്ടി ആ ചിലങ്ക എന്നതുപോലും സൂചിപ്പിക്കാതെ സംഘകാല കവിതകളില്‍ നിന്നു വ്യത്യസ്തമായി പുതിയ ശൈലിയില്‍ ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരകഥ തികച്ചും ഏകപക്ഷീയമായി പോയി.

തീവ്രപ്രണയത്തിന്റെ രക്തസാക്ഷിയായി മാധവി ആര്‍ഷ ഭാരത സംസ്കൃതിയുടെ ഗൂഡ പ്രണയ രഹസ്യത്തിന്റെ അന്തിപുര വര്‍ത്തമാനം മാത്രമായി.

തുടര്‍ന്ന് നടക്കുന്ന നാടകീയ രംഗങ്ങള്‍ചിലപ്പതികാര കഥകള്‍ക്ക് ഇടയാക്കിയെങ്കില്‍ അതുപോലെ തന്നെ ശ്രദ്ധേയമായ കൃതി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് സാഹിത്യത്തിലെ രണ്ടാമത്തെ മഹാകാവ്യമായ മണിമേഖല അത്ര കണ്ടു വിജയിച്ചില്ല.

ചിലപ്പതികാര കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയുടെ കഥ.
കോവലന്റേയും നാട്യറാണി മാധവിയുടേയും മകളായി ജനിച്ച മണിമേഖലയുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം.
മണിമേഖലയ്ക്ക് യൌവനം വന്നുദിച്ചപ്പോള്‍ കുലാചാരമനുസരിച്ച് നൃത്തം അഭ്യസിപ്പിച്ച് കൊട്ടാര നര്‍ത്തകിയാക്കി മാറ്റണമെന്ന് അവളുടെ മുത്തശ്ശിയും മറ്റും ആഗ്രഹിച്ചു.

പക്ഷേ അവളുടെ അമ്മ മാധവി,കോവലന്‍ പിരിഞ്ഞുപോയി മധുരയില്‍വച്ചു കൊല്ലപ്പെട്ടെന്നറിഞ്ഞതു മുതല്‍ ദുഃഖം സഹിക്കവയ്യാതെ നര്‍ത്തകിയായുള്ള ജീവിതം മതിയാക്കുകയും ബുദ്ധമതത്തില്‍ ചേര്‍ന്ന് അരവണന്‍ എന്ന ഭിക്ഷുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.
കോവലന്റെ ബുദ്ധിയും,കാവ്യോപാസനയും,
മാധവിയുടെ നൃത്തവും,സൌന്ദര്യവും ചേര്‍ന്ന സുന്ദരിയായ മകളും,
മാധവിയെ പോലെ ശിരസ്സ് മുണ്ഡനം ചെയ്ത് ഭിക്ഷുകിയാകുന്നു.(Courtesy-Google)

ആര്‍ഷ ഭാരത സംസ്കൃതിയുടെ ഏടുകള്‍ ഏറെ ആണെന്നിരിക്കെ,ഗ്രാമങ്ങള്‍ തോറും പഞ്ച പരമേശ്വരന്മാര്‍ സാന്മാര്‍ഗിക കഥ പറഞ്ഞ് ഒരു നാടിനെ സംസ്കാര സമ്പന്നമാക്കിയ കഥകള്‍ വരെ ഏറെ പ്രസിദ്ധം ആണെന്നിരിക്കെ ഇന്നീ രാവില്‍ ഈ കഥയില്ലായ്മക്ക് തിരശീല ചാര്‍ത്തട്ടെ...

ചിലപ്പതികാരമാണോ,മണിമേഖലയാണോ കൂടുതല്‍ സ്നേഹപരീക്ഷണങ്ങള്‍ നേരിട്ടത് എന്നത് മിഥ്യയായി അവശേഷിക്കെ,തര്‍ക്കമില്ല രണ്ടുപേരും പ്രദാനം ചെയ്യുന്നത് ത്യാഗോജ്വലമായ സ്നേഹസ്മരണകള്‍ തന്നെയാണ്.