Thursday, July 21, 2011

മൂന്നാം രാവ്..

ഈ നിശീഥിനിയില്‍..
ചാന്ദിനി പൊഴിയുന്ന ഈ രാവില്‍..
പൂനിലാവിന്റെ പട്ടുകൊണ്ട്
ഉത്തരീയം ചുറ്റി.., പൊന്‍ കിരീടവും ചൂടി
പൂര്‍ണ ചന്ദ്രന്‍ അതാ നമ്മളെ തന്നെ ഉറ്റു നോക്കുന്നു..

ആ ശശിമുഖന്റെ സൌന്ദര്യത്തില്‍
ആകൃഷ്ടരായ താരകസുന്ദരികള്‍
അവനെ ഒളികണ്ണിട്ടു നോക്കി
കളി പറഞ്ഞു ചിരിക്കുന്നു..
ഒരുവേള എനിക്കും സംശയം ഇല്ലാതില്ല..
അവര്‍ നിന്നെയും നോക്കുന്നുണ്ടോ?
സുസ്മിത വദനനായ നിന്നെ ആരാണ് മോഹിക്കാത്തത്?

നിശയുടെ താഴ്വരയില്‍..
പശ്ചിമ രത്നാകര സൈകതംപോലെ
ഉയര്‍ന്നു നില്‍ക്കുന്ന ശീതള തണലിങ്കല്‍
മൊട്ടിട്ടു നില്‍ക്കുന്ന മാതളപൂക്കളില്‍..
തേന്‍ നുകരാന്‍ വെമ്പല്‍ കൊള്ളുന്ന
വണ്ടുകളെ നോക്കി ഇരിക്കുമ്പോള്‍..
നിന്നിലെ പുരുഷന്‍റെ
സ്ഥായിയായ ഗൌരവത്തിന്
നീ നല്‍കുന്ന ഇടവേള എന്നില്‍ നിറക്കുന്നത്
നിര്‍വൃതിയുടെ പുളകപൂക്കള്‍ ആയിരുന്നു..

നീ കേള്‍കുന്നില്ലേ മണ്ണടരുകള്‍ക്കുള്ളിലെ...
രാപെണ്ണിന്റെ കൂട്ടുകാരിയായ
ചീവീടുകളുടെ ദില്‍രൂപ?
ശരത്കാല സുന്ദര ലതാഗേഹങ്ങളില്‍
ശോശന്ന പുഷ്പങ്ങള്‍ ചൂടി
ആദവും.. ഹവ്വയും ഒന്നിച്ചുറങ്ങിയ
ആ ഏദന്‍ തോട്ടത്തില്‍..
ശാരോണിലെ താഴ്‌വാരപൂവനങ്ങളില്‍
ശലോമോന്റെ ഗീതങ്ങള്‍ പാടി
യെരുശലേം പുത്രിമാര്‍ ദാഹിച്ചുറങ്ങുന്ന
ഹേമന്ത രാത്രിയില്‍
നിന്‍റെ വിരിഞ്ഞ മാറും..
ബലിഷ്ഠമായ കയ്യുകളും
ഞാനാകും കൈരളിയുടെ
കാവ്യാങ്കണങ്ങളില്‍
കേളീ വിലാസം നടത്തുന്ന
ആ രാവില്‍..
അങ്ങകലെ..
അതാ ആ കാണുന്ന ഇന്ദുമുഖി പോലും
നാണിച്ചു കോള്‍മയിര്‍ കൊള്ളും..തീര്‍ച്ച!!!

ഈ മൂന്നാം രാവില്‍
ഞാന്‍ എന്തേ പ്രണയത്തിന്‍റെ
അനശ്വര പാതയില്‍ നിന്ന്
വഴിവിട്ടു സഞ്ചരിച്ച്
നമ്മുടെ പ്രണയത്തിനു
പുത്തന്‍ പാഠഭേദങ്ങള്‍
തീര്‍കുന്നത് എന്ന് കരുതിയാണോ
ഈ മൌനം???

എനിക്കറിയാം..
കാമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം
നീ തൂങ്ങിയാടുന്ന ഒരു കയറിലും..
നിറവയറിലും.. എന്ന് അക്ഷരങ്ങളിലൂടെ
നീ എന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു..
"കാമത്തിന്‍റെ നൈമിഷിക തലങ്ങളില്‍ നിന്നുയര്‍ന്നു
നമ്മള്‍ അനശ്വരതയുടെ അമൂര്‍ത്ത ഭാവങ്ങള്‍
കൈവരിച്ചിരിക്കുന്നു എന്ന്."
അത് തന്നെ ആണ് തിരിച്ചു
എനിക്കും നിന്നോട് പറയാന്‍ ഉള്ളത്.
ആ വരികളിലൂടെ നീ എന്നിലെ
നിന്നോടുള്ള ആദരവിന്റെ
ഉച്ചസ്ഥായിയില്‍ എത്തിച്ചു
എന്ന് പറയേണ്ടിയിരിക്കുന്നു.

എങ്കിലും.. "പ്രണയത്തിന്‍റെ പാരമ്യതയില്‍
രതി അനിവാര്യമാണ് " എന്ന്
മഹാന്മാര്‍ തന്നെ പറഞ്ഞിട്ടില്ലേ?
ആരാണ് ആ മഹത്വപൂര്‍ണമായ
സംഞ്ജയെ പാപമാണെന്ന് പറഞ്ഞത്...?"

വിവിധ മതങ്ങള്‍ വിവിധതരം
അതിര്‍വരമ്പുകള്‍ തീര്‍ത്തത്
മനുഷ്യന് സാംസ്കാരികമായി
സംവദിക്കാന്‍ ലോകം
സജ്ജമാക്കാന്‍ വേണ്ടിയാണ് എന്ന്
“സംഗീതത്തെയും.. കലയെയും
ഏറെ സ്നേഹിക്കുന്ന നീ” പറഞ്ഞത്
ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.

ദൈവം മനുഷ്യന്‍റെ നന്മക്കു വേണ്ടി ചെയ്തതെല്ലാം
മനുഷ്യന്‍ മതങ്ങളുടെ പേരില്‍ തിന്മക്കായി കൂട്ട് നില്‍കുന്നു
എന്ന് നീ ഒരിക്കല്‍ പരിതപിച്ചു എഴുതിയിട്ടുണ്ട്.

ചരിത്രത്തിലോ.. മിത്തുകളിലോ.. മീമാംസകളിലോ..
എവിടെ തിരഞ്ഞാലും
"സ്നേഹത്തിനു നിര്‍വചനം സ്നേഹം മാത്രമേ ഉള്ളു "
എന്ന് എന്നെ പഠിപ്പിച്ചത് നിന്‍റെ അക്ഷര വെളിച്ചം ആണ്.

നീ എനിക്കായി എഴുതിയ ഓരോ വരികളും എനിക്കു ഹൃദിസ്ഥമാണ്.. അറിവിന്‍റെ മഹാ പ്രവാഹമായ കിത്താബും.. ബൈബിളും.. വേദവും കഴിഞ്ഞാല്‍ ഞാന്‍ ആദരിക്കുന്ന അക്ഷരങ്ങള്‍ ആണത്.

ഈ രാത്രി ഞാന്‍ ഏറെ വാചാലയായി.. പതിവുപോലെ നീ നിന്‍റെ മൌന വൃത്തത്തിലും..!!

നിന്‍റെ അക്ഷരങ്ങള്‍ എനിക്കു വല്ലാത്ത സമസ്യ തന്നെ ആണ്. ചിലപ്പോള്‍ നീ പതിവ് പ്രണയത്തിന്‍റെ മധുരഭാഷണങ്ങളില്‍ നിന്നും.. ബുദ്ധിജീവിയുടെ ഗൌരവകരമായ മൌനത്തിലേക്ക്‌...

മറ്റു ചിലപ്പോള്‍ നിന്‍റെ വരികള്‍ക്ക് തത്വചിന്തയുടെ ധാര്‍മ്മികതലങ്ങള്‍.. വരികള്‍ക്കിടയിലൂടെ നിന്നെ വായിച്ചെടുക്കുക എന്‍റെ എക്കാലത്തെയും ലഹരിയാണ്..

ചന്ദ്രിക വിരാജിതമായ്.. മന്ദമാരുതന്റെ സൌരഭ സരോവരമായ ഈ താഴ്‌വരയില്‍.. ഇങ്ങനെ നിന്‍റെ കണ്ണിലേക്കു ഉറ്റു നോക്കി ഇരിക്കാന്‍ കഴിയുന്നതിലും സുഖം മറ്റെന്താണ്???

നീല മേഖല പുല്‍കിയ രാവ്‌ വെന്‍പട്ടുടുത്ത പകലിനോട് ഇണ ചേരുന്ന ആ ഏഴര വെളുപ്പ്‌ വരെ നമുക്കിവിടെ പരസ്പരം ഇറുകെ പുണര്‍ന്നു കിടക്കാം..

തക്ബീര്‍ ധ്വനികളും അരമന മണികളും..അങ്ങകലെ അമ്പലത്തിലെ അഷ്ടപദിയും കേട്ട് ആലിംഗന ബദ്ധരായി നമ്മള്‍ മാത്രമുള്ള.. നമുക്ക് മാത്രമായി ഉദിക്കുന്ന ഒരു പകലിനായി നമുക്കീ രാവിനോട്‌ വിട ചൊല്ലാം..

വീണ്ടും ഉറക്കമില്ലാത്ത മറ്റൊരു രാവിന്‌ കാവലായി നമുക്ക് മാത്രമുള്ള നാളെയെ പ്രതീക്ഷിച്ചു കൊണ്ട്.. ഇന്നേക്ക് വിട..

നിന്‍റെതു മാത്രമായ ഞാന്‍."

..
ഹസീന


|||||||image courtesy 'google'|||||||

Wednesday, July 20, 2011

രണ്ടാം രാവ്..

അങ്ങനെ. നമ്മുടെ രണ്ടാം രാവ്..

കര്‍ണികാരങ്ങള്‍ കഥകളിപ്പദമാടും
കാവുകളില്‍ നളദമയന്തിമാര്‍ക്ക്
ദൂതുമായി പോയ കളഹംസമേ..
പോകൂ ഈ മേഘദൂതുമായി..

ആയിരത്തൊന്നു രാവുകളില്‍
നിര്‍ത്താതെ കഥ പറഞ്ഞ ഷഹ്‌റസാദ്
കഥകള്‍ കൊണ്ട് മരണത്തെ തോല്പിക്കാമെന്ന്
കാണിച്ചുതരികയായിരുന്നൂ.

കഥ വായിക്കുന്നതും കേള്‍ക്കുന്നതും
ജീവിതത്തെ നീട്ടിക്കൊണ്ട് പോവുന്ന
കപ്പലുകളാണെന്ന് ആദ്യം പഠിപ്പിച്ച് തന്നത്
ഷഹറസാദ് ആയിരിക്കും.

"നീയില്ലാതെ ഞാന്‍ ഇല്ലാ "
എന്ന് നീ എന്നെ
മൌനത്തിന്റെ ഭാഷയില്‍
പഠിപ്പിച്ചത് പോലെ!!!

അതെ.. നിന്നെ പിരിയാന്‍ എനിക്കോ..
എന്നെപിരിയാന്‍ നിനക്കോ കഴിയില്ലാ എന്ന
ഉപബോധ മനസിന്റെ പ്രേരണയാണ്
വഴിപിരിഞ്ഞു ഒഴുകിയിട്ടുംവീണ്ടും
നമ്മളീ ത്രിവേണി സംഗമത്തില്‍ എത്തിയത്...

ആ പ്രകൃതിയുടെ
പ്രണയ ഭാവങ്ങളാണ്നമ്മെ
അറേബ്യന്‍ കെട്ടുകഥ പോലെ
നയിക്കുന്നത്.

നോക്കൂ...
കാറ്റത്ത്‌ കെട്ടുപിണയുന്ന
ഈ മുടിയിഴകള്‍ പോലും
നിന്‍റെ സാമീപ്യത്തില്‍ സര്‍പ്പങ്ങളെ പോലെ
പുളയുന്നത് നീ കാണുന്നില്ലേ?

നീ ഈ മുറിയില്‍
എന്‍റെ അരികില്‍ നില്കുന്നത്
ഞാന്‍ കാണുന്നുണ്ട്..
നിന്‍റെ അണിവിരലിന്റെ
സുവര്‍ണശോഭ എന്നെ
വലയം ചെയ്യുന്നത്
സൂര്യരശ്മികളെ പോലെ ആണ്..

നിന്നോടോപ്പമുള്ള രാവുകള്‍
എനിക്ക്എത്ര മധുരതരമാണ്!!!

നാം അലഞ്ഞ കടല്‍ത്തീരത്ത്‌ നിന്നും
നമ്മള്‍ ശേഖരിച്ച മുത്തും,ശംഖും,പവിഴവും..
പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ നമുക്ക് കഴിയില്ലല്ലോ..
അതിനാല്‍ഈ പ്രണയോപഹാരം
എന്‍റെ ഹൃദയചിപ്പിയിലേക്ക്
ആരും കാണാതെ എടുത്തു വെച്ചത്.

മഴ തോര്‍ന്ന മാനത്ത് മഴവില്ല്
വിരിയാറുള്ള നിന്‍റെ കണ്മുനകള്‍
എനിക്ക്സമ്മാനിക്കുന്നത്
ഉറക്കമില്ലാത്ത രാത്രികള്‍.

കുത്തി ഒഴുകുന്ന വെള്ളച്ചാട്ടം പോലെയുള്ള
നിന്‍റെ തീവ്രനോട്ടത്തിന്റെ ആഴങ്ങളിലേക്ക്പലപ്പോഴും
നീ എന്‍റെ പ്രാണനെ എടുത്തു കൊണ്ടാണല്ലോ
ഊളിയിടാറുള്ളത്‌..

കാണാകാഴ്ചയുടെ
ആ കാര്‍ത്തിക രാവുകള്‍
ഇനി എന്നാണ് നമ്മെ ആലിംഗനം ചെയ്യുക?

ആയിരത്തിയൊന്ന് രാവുകളാല്‍
ജീവിതം മാറ്റിമറിക്കപ്പെട്ട ഒട്ടനവധി
ഉദാഹരണങ്ങള്‍ ഉണ്ട്.

ആയിരത്തൊന്നു രാവുകള്‍ പത്തുവാള്യങ്ങളിലായി വിവര്‍ത്തനംചെയ്ത റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍ നൈല്‍നദിയുടെ ഈറ്റില്ലം കണ്ടുപിടിക്കാന്‍ ആഫ്രിക്കയില്‍ സോമാലിലാന്റിന്റെ അന്തരാളത്തിലേക്കുള്ള സാഹസസഞ്ചാരത്തില്‍ ബഡുവിന്‍ വര്‍ഗക്കാരെ മെരുക്കിയെടുത്തു സ്വന്തം ജീവന്‍ രക്ഷിച്ചത് ആ കഥകള്‍ പറഞ്ഞു രസിപ്പിച്ചിട്ടാണെന്ന് ഒരു ലേഖനത്തില്‍ ജോര്‍ജ്ജ് ക്രീല്‍ സവിസ്മയം അനുസ്മരിച്ചിട്ടുണ്ട്.

ലോകഭാഷകളിലെ മഹാരഥരായ പഴയ എഴുത്തുകാരെയും, പ്രൂസ്റ്റ്, ജോയ്‌സ്, ബോര്‍ഹസ് തുടങ്ങിയ ആധുനികരെയും ഒരുപോലെ സ്വാധീനിച്ച കഥാ സമുച്ചയമാണത്. വോള്‍ട്ടയര്‍ അത് പതിന്നാലുവട്ടം വായിച്ചു.

കോള്‍റിഡ്ജ് പറയുന്നു, ''ജനല്‍പ്പടിയിലിരിക്കുന്ന ആ ഗ്രന്ഥം ഞാന്‍ രാത്രി ഭയാശങ്കകളോടെയാണ് നോക്കുക. പുലരിയില്‍ ഇളവെയിലേറ്റുകൊണ്ടു വായിക്കും. എന്നില്‍ അതിനുള്ള വശീകരണശക്തികണ്ട് പിതാവ് ആ ഗ്രന്ഥം കത്തിച്ചുകളഞ്ഞു.''

ആയിരത്തൊന്നു രാവുകളിലെ കഥകള്‍ സത്യമായിരുന്നെങ്കില്‍ എന്ന് കാര്‍ഡിനല്‍ ന്യൂമാന്‍ ആഗ്രഹിച്ചു, അറബിക്കഥ ചലച്ചിത്രമാക്കി വിജയിച്ച ഏക സംവിധായകനായ പോളോ പബോലിനി ചിത്രാന്ത്യത്തില്‍ കുറിച്ചിട്ടത്

''ഒരു സ്വപ്‌നത്തില്‍ നിന്നു മാത്രം
സത്യത്തിലെത്തിച്ചേരാനാകില്ല;
ഒട്ടേറെ സ്വപ്‌നങ്ങളില്‍ കൂടിയേ
അതു സാധിക്കു'' എന്നാണ്.

അതെ...നമ്മുടെ സ്വപ്നവും...അങ്ങനെ പൂവണിയട്ടെ....

"വിരഹത്തിന്റെ വേനലില്‍ വറ്റിയ
നിന്റെ മിഴികള്‍ക്ക് മുന്‍പില്‍
തോല്കുക എന്നത്
എനിക്ക് നിന്നോടുള്ള ആദരവാണ്
എങ്കിലും.. പ്രണയത്തിന്‍റെ
കൊടുമുടിയിലേക്കുള്ള
നമ്മുടെ യാത്രയില്‍
നിന്നെ ഞാന്‍ പരാജയപെടുത്തും..
എന്ന് മാത്രം പറഞ്ഞു നിര്‍ത്തട്ടെ.."

..
ഹസീന

|||||||image courtesy 'google'|||||||

Tuesday, July 19, 2011

സ്നേഹോപഹാരം..

നിനക്കറിയാം ഞാന്‍ ആരാണെന്ന്..
എന്നിലേക്ക്‌ നീളുന്ന നിന്‍റെ കണ്മുനയില്‍ തെളിയുന്നത്
നിന്‍റെ ചിത്രം തന്നെ! അല്ലെ? അതല്ലേ നിന്‍റെ മിഴികളില്‍ ഇത്ര അസ്വസ്ഥത!!!
അരുത്.. പേടിക്കരുത്..! ഞാന്‍ നിന്നെ അന്നും.. ഇന്നും.. സ്നേഹിച്ചിട്ടേ ഉള്ളു.
പ്രണയത്തിന്‍റെ പാരമ്യതയിലാണ് നാം ഉപഹാരങ്ങള്‍ നല്‍കുക എന്ന് പറഞ്ഞതും നീ തന്നെ.
"ഇത് ഞാന്‍ നിനക്കായ് അക്ഷരങ്ങളാല്‍ തീര്‍ക്കുന്ന സ്നേഹോപഹാരം"!!!

രാത്രിയുടെ നിഗൂഡതയില്‍..
കര്‍ക്കിടകത്തിന്റെ ഇരുള്‍ മറവില്‍..
മഴയുടെ ആര്‍ഭാടത്തില്‍..
പ്രകൃതി പോലും കുളിര്‍ കോരുമ്പോഴും..
കാടിന് തീ പിടിച്ച പോലെ "നിന്നാല്‍ ഞാന്‍ വിയര്‍ത്ത" ആ രാത്രി..!

എന്‍റെ മുടിയിഴകളില്‍ പ്രണയത്തോടെ തലോടി..
എന്‍റെ കടമിഴിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട്..
അടക്കി പിടിച്ച ശബ്ദത്തോടെ.. വിറയ്ക്കുന്ന അധരത്തില്‍ നിന്ന്
ചിതറി വീണ നിന്‍റെ ചിലമ്പിച്ച വാക്കുകളില്‍
അന്ന്നിനക്ക് ഞാന്‍ ആരായിരുന്നു...???

കണ്ണന്‍റെ രാധ..
റോമിയോ യുടെ ജൂലിയറ്റ്..
രാമന്‍റെ സീത..
ആന്റണി യുടെ ക്ലീയോപാട്ര..
നളന്റെ ദമയന്തി..
നെപോളിയന്ന്റെ ജോസെഫിന്‍..
സലീമിന്‍റെ അനാര്‍ക്കലി..
മജ്നുവിന്റെ ലൈല..
സോളമന്റെ സോഫിയ..
ഷാജഹാന്റെ മുംതസ്..
അങ്ങനെ എന്തെല്ലാം പേരിട്ടു
നീ ആ നിമിഷത്തെ ധന്യമാക്കി??

അന്നും നീ പറയാന്‍ മറന്ന പദസമൂഹങ്ങളില്‍
ബദറുല്‍ മുനീറിന്‍റെ ഹുസ്നുല്‍ ജമാലോ..
ദുഷ്യന്തന്റെ .. ശകുന്തളയോ..
ഋഷ്യശൃംഗന്റെ വൈശാലിയോ..
ഞാന്‍ വായിച്ചെടുത്തിരുന്നില്ല..
അത് നീ പറയാന്‍ മറന്നതോ..
അതോ.. നിന്നെ വിധി പറയിപ്പിക്കാതിരുന്നതോ?
അറിയില്ല..അത് മാത്രം എനിക്കറിയില്ല.

"എനിക്കു കവിതയാണ് നിന്‍റെ വാക്കുകളെന്നോ..
ഗസലുകളുടെ മധുശാലയില്‍
നീ ഒരു ശ്യാമമേഘമായി
എന്നില്‍ പെയ്തൊഴിയുന്നു..”
എന്നോ കവികളെ പോലെ
നീ വാചാലനായില്ല...
"ആയിരത്തൊന്നു രാത്രി നിര്‍ത്താതെ
ഓരോ കഥ പറഞ്ഞതിന്‍ വിസ്മയത്തെ
നിസ്സാരവല്‍കരിക്കുന്നതാണ്
നിന്‍റെ സംസ്കാരമെന്ന്"
ബുദ്ധി ജീവിയെപോലെ നീ വിലപിച്ചില്ല..
എങ്കിലും.. പിരിയാന്‍ നേരം നീ ആ സത്യം തുറന്നു പറഞ്ഞു..
"ചൂടിയ പൂവ് പോലെ നിന്‍റെ മുഖം വാടിയിരികുന്നു.."
ഒന്ന് കൂടി നീ സൂചിപിച്ചു ..
"നിന്നിലെ നന്മ തിരിച്ചറിയാത്ത ഈ ലോകത്ത് നീ ഇനി ജനിക്കരുതെന്നും..!!!”

നിന്‍റെ ഓര്‍മകള്‍ക്ക് മങ്ങല്‍ ഇല്ലയെന്നറിയാം...
എങ്കിലും.. എനിക്കും നിനക്കും ഏറെ ഇഷ്ടമാണല്ലോ കഥകള്‍.
നീ ഇഷ്ടപെടുന്ന, ഇനിയും വായിക്കാന്‍ മാറ്റി വെച്ചിരിക്കുന്ന
ആ "അലിഫ് ലൈല”യില്‍ നിന്ന്(വിശ്വവിഖ്യാതമായ അറബിക്കഥാസമാഹാരം. ഈജിപ്തില്‍ മാമലൂക് രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 1249-1382) പൂര്‍ണരൂപം പ്രാപിച്ച ഈ കഥാസമാഹാരത്തിന്റെ മൂലനാമം ആല്‍ഫ് ലെയ്ലാ-വാ ലെയ്ലാ (ആയിരത്തൊന്നു രാവുകള്‍) എന്നാണ്. പേര്‍ഷ്യന്‍ ഭാഷയിലെ ഹസാര്‍ ആഫ്സാനാ (ആയിരം കഥകള്‍) എന്ന പ്രാചീന കൃതിയാണ് അറബിക്കഥകളുടെ മൂലം-;

(വിവരങ്ങള്‍ക്ക് കടപ്പാട് "നിന്‍റെ വിരലുകളോട് മാത്രം” കാരണം എന്നെ "ഇങ്ങനെ" അക്ഷരലോകത്തു എഴുതാന്‍ പഠിപ്പിച്ചത് "നീ "ആയിരുന്നല്ലോ? )

(ആ കഥ ചുരുക്കി പറയാം.. അറബികള്‍ പേര്‍ഷ്യ കീഴടക്കുന്നതിനുമുന്‍പ് അവിടെ ഷാരിയര്‍ എന്ന പ്രസിദ്ധനായ ഒരു ചക്രവര്‍ത്തി വാണിരുന്നു. ഒരിക്കല്‍ അദ്ദേഹം നായാട്ടിനായി പരിവാരസമേതം രാജധാനി വിട്ടു. ചക്രവര്‍ത്തിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പട്ടമഹിഷിയും മറ്റ് അന്തഃപുരവനിതകളും താന്താങ്ങളുടെ രഹസ്യവേഴ്ചക്കാരുമായി കാമകേളിയില്‍ ഏര്‍പ്പെട്ടിരുന്നു; ഈ വസ്തുത അക്കാലത്ത് അവിടെ തന്റെ വിശിഷ്ടാതിഥിയായി പാര്‍ത്തിരുന്ന സ്വസഹോദരനായ ഷാജമാന്‍ രാജാവില്‍നിന്ന് ചക്രവര്‍ത്തി മനസ്സിലാക്കുകയും ഉപരിപരീക്ഷണങ്ങളിലൂടെ അതു സ്വയം ബോധ്യപ്പെടുകയും ചെയ്തു. ക്രോധാവിഷ്ടനായ ചക്രവര്‍ത്തി തന്റെ പത്നിയുള്‍പ്പെടെയുള്ള എല്ലാ കുറ്റവാളികളെയും വാളിന്നിരയാക്കുക മാത്രമല്ല, സ്ത്രീവര്‍ഗം ഒന്നടങ്കം ചാരിത്രവിഹീനകളാണെന്നു നിശ്ചയിച്ച് അവരെ മുഴുവന്‍ ഉന്‍മൂലനം ചെയ്യാനുള്ള പരിപാടി ആവിഷ്കരിക്കുകയും ചെയ്തു. തനിക്കു വിവാഹം ചെയ്യാന്‍ ഓരോ ദിവസവും ഓരോ നവവധുവിനെ കൊണ്ടുവരാന്‍ ഷാരിയര്‍ തന്റെ മന്ത്രിയോടാജ്ഞാപിച്ചു. അതനുസരിച്ച് കൊട്ടാരത്തില്‍ കൊണ്ടുവരപ്പെട്ട ഓരോ യുവതിയും ആദ്യരാത്രിക്കുശേഷം വധിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ മൂന്നുവര്‍ഷംകൊണ്ട് നാട്ടില്‍ കന്യകമാര്‍ ബാക്കിയില്ലെന്ന നിലയായിത്തുടങ്ങി. പരിഭ്രാന്തരായ പ്രജകള്‍ രാജാവിനെ ശപിച്ചുകൊണ്ട് പ്രാണരക്ഷാര്‍ഥം നാടുവിടാന്‍ തുടങ്ങി. ഒടുവില്‍ മന്ത്രികുമാരിയായ ഷേരാസാദ് സ്ത്രീവര്‍ഗത്തെ രക്ഷിക്കാനുറച്ചുകൊണ്ട് രാജപത്നിയാകാന്‍ മുന്നോട്ടുവന്നു. ഈ ഉദ്യമം മന്ത്രിയെ ദുഃഖനിമഗ്നനാക്കിയെങ്കിലും ഒടുവില്‍ അദ്ദേഹം സ്വപുത്രിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. അങ്ങനെ ഷേരാസാദ് ഷാരിയറുടെ ശയനമുറിയിലെത്തി. ചക്രവര്‍ത്തിയോട് അവള്‍ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളു; തന്റെ കൊച്ചനുജത്തി ദുനിയാസാദിനെക്കൂടി ആ രാത്രിയില്‍ തൊട്ടടുത്ത മുറിയില്‍ കിടക്കാന്‍ അനുവദിക്കണമെന്ന്; തന്റെ മരണത്തിനു മുന്‍പ് അവളെ ഒരുനോക്കു കാണാന്‍ മാത്രം. ചക്രവര്‍ത്തി സമ്മതിച്ചു. പുലരാന്‍ രണ്ടുനാഴികയുള്ളപ്പോള്‍, മുന്‍ധാരണയനുസരിച്ച് ദുനിയാസാദ് ഷേരാസാദിനെ വിളിച്ചുണര്‍ത്തി, ചേച്ചി ജീവാര്‍പ്പണം ചെയ്യുംമുന്‍പ് തനിക്ക് ഒരു കഥ പറഞ്ഞുതരണമെന്ന് അപേക്ഷിച്ചു. ചക്രവര്‍ത്തിയുടെ അനുവാദത്തോടെ ഷേരാസാദ് അനുജത്തിയെ കട്ടിലിന്നരികെ ഇരുത്തി ചക്രവര്‍ത്തി കേള്‍ക്കെ കഥ പറയാന്‍ തുടങ്ങി. പക്ഷേ കഥ മുഴുമിക്കുംമുന്‍പ് നേരം പുലര്‍ന്നു. കഥയുടെ ബാക്കി കേള്‍ക്കാന്‍ ദുനിയാസാദിനോടൊപ്പം ചക്രവര്‍ത്തിക്കും ഔത്സുക്യം ഉണ്ടായതിനാല്‍ ഷേരാസാദിന്റെ വധം പിറ്റേദിവസത്തേക്കു നീട്ടിവയ്ക്കപ്പെട്ടു. ആ രാത്രിയുടെ അന്ത്യയാമത്തിലും ഷേരാസാദിന്റെ കഥാകഥനമവസാനിച്ചത് മറ്റൊരു രസികന്‍കഥയുടെ ആരംഭത്തോടെയായിരുന്നു. വീണ്ടും ഷാരിയറുടെ കഥാശ്രവണകൌതുകം മുറ്റിത്തഴച്ചു. അങ്ങനെ ഷേരാസാദിന്റെ കഥാസരിത്പ്രവാഹത്തില്‍ ആയിരത്തൊന്നു രാവുകള്‍ അനുസ്യൂതം ഒലിച്ചുപോയി...).

ഇന്ന്...
നിന്‍റെ വിട്ടു പോയ വാക്കിനും
എന്‍റെ കൃഷ്ണമണിക്കും
ഇടയിലുള്ള ദൂരം.
അതാണ്‌ നമ്മള്‍ സൃഷ്‌ടിച്ച
നമ്മിലേക്കുള്ള അകലം..
അതെ.. നമ്മള്‍ യാത്രയിലാണ്..
സ്നേഹത്തിന്റെ ഒരു ആഴകടല്‍ ദൂരം താണ്ടി
അനുഭവങ്ങളുടെ വന്‍കരയിലേക്ക്!!!

തമ്മില്‍ പുണര്‍ന്നു കിടന്ന മുല്ലവള്ളികള്‍കിടയിലൂടെ..
തളര്‍ന്നു വീണ തളിര്‍ വെറ്റില കണ്ട്...
നമ്മളെ നോക്കി നാണിച്ചു ചിരിച്ച
ആ നക്ഷത്രത്തെ സാക്ഷിയാക്കി അന്ന്
നീ എനിക്കായ് എഴുതിയ വാക്കുകള്‍
ഞാന്‍ തിരിച്ചെഴുതുന്നു..

"ഇനി നീ എന്റെത്‌....
നിനക്കെന്നെ മറക്കാന്‍ കഴിയില്ല..
എനിക്കു നിന്നെയും...!!!"

നിന്നെ എന്‍റെ മടിയില്‍ കിടത്തി ഇനി വരുന്ന രാവുകളില്‍
നിര്‍ത്താതെ നിന്നോട് ഞാന്‍ എന്‍റെ പ്രണയം പറയും..
എല്ലാ രാത്രിയിലും ഞാന്‍ നിനക്കായി ഉണര്‍ന്നിരിക്കും..

നീ വരില്ലേ?
..
ഹസീന

|||||||image courtesy 'google'|||||||