Sunday, March 11, 2012

പതിനാറാം രാവ്...

ഞാന്‍ നീയാകും സൂര്യനെ സ്നേഹിച്ച സൌഗന്ധികപൂവ്..

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകിയായത്..

നീ എന്നെ കള്ളീ എന്ന് വിളിച്ചപ്പോഴാണ്
ഞാന്‍ ആദ്യമായി നിന്‍റെ ഹൃദയം കവരുന്നത്...

നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എ​ന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.

നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.

നിന്നോടൊപ്പം ആ പുഴയോരത്തിരുന്നതു കിനാവ്‌ കണ്ടപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.

നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്ന സ്വപ്നത്തിലാണ്
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.

നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്നതു കിനാവ്‌ കണ്ട രാത്രിയിലാണ്
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.

നിന്നെ കെട്ടിപുണര്‍ന്നു നനയുന്ന മഴയുടെ കിനാക്കളാണ്
എന്നെ മഴയെ പ്രണയിക്കാന്‍ പഠിപ്പിച്ചത്...

നിന്നില്‍ നിന്ന് കേട്ട വൈവിധ്യമൂറും കഥകളാണ്
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.

ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.

പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.

മറ്റൊരു കൈ പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.

വീണ്ടും ഞാനേകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍റെ ചിറകുകള്‍ തളര്‍ന്നത്.

ഇന്നീ രാവില്‍ ഞാനിവിടെ ഏകയായി...
നാളെയുടെ പ്രതീക്ഷയുമായി ഞാനീ മഴയില്‍ നിന്നെ കാത്തിരിക്കട്ടെ..

Saturday, March 10, 2012

പതിനഞ്ചാം രാവ്..


എനിക്ക് മുന്നിലൊരു കടലുണ്ട്..
സ്നേഹത്തിന്റെ നീലനിറവായ് നിറഞ്ഞ്,

കൊതിയേറെ, നിമിഷങ്ങവേഗത്തില്‍
എന്‍ ദാഹം തീര്‍ക്കുവാന്‍..

എവിടെയായ് ഞാനിരിക്കണം
എവിടെ നിന്ന് തൊട്ടെടുക്കണം..?

ദേവശിലാതീര്‍ത്ഥത്തിനരികില്‍
ഞാനിരിക്കാം, ഒരിറ്റിനായ്..

ജനിയുടെ ചക്രവാളം തൊടുന്ന തീരത്ത്
നീട്ടിടാം, കൈകുമ്പിള്‍ ഒഴിയേ എന്നും നിറച്ചീടാന്‍.. ..

..
ഹസീന

|||||||image courtesy 'google'|||||||

Friday, March 9, 2012

പതിനാലാം രാവ്...

പതിനാലാം രാവുദിച്ചത് മാനത്തോ...കല്ലായി കടവത്തോ.....?അതോ...
ദീപ്തമായ നിന്‍റെ മുഖത്തോ?

ഇന്നീ രാവില്‍ നിന്നെ ഒന്ന് നന്നായി കാണട്ടെ...ഒട്ടേറെ പറയട്ടെ...

ഒരു കുറിപ്പില്‍ നീ എനിക്കെഴുതി..
ബുദ്ധിമാനായ മനുഷ്യന് എപ്പോളും കരുതിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
ആദ്യത്തേത് സമയത്തിന്റെ ആനുകൂല്യത്തെപ്പറ്റിയാണ്.
രണ്ടാമത്തേത് സുഹൃത്തുക്കളുടെ ആനുകൂല്യത്തെപ്പറ്റി.
മൂന്നാമത്തേത് വാസസ്ഥലത്തിന്റെ ആനുകൂല്യത്തേയുമാണ്.
നാലമത്തേത് വരുമാനം കോണ്ടുള്ള ആനുകൂലാഭാവമാണ്.
ഒടുക്കം തന്നെപ്പറ്റിയും തന്റെ കഴിവുകളെപ്പറ്റിയും ഇടക്കിടക്ക് എല്ലാവരും സ്വയം പരിശോധിക്കേണ്ടതാണ്എന്ന്.

അതെ എനിക്കും ഈ രാവില്‍ പറയാനുള്ളത് ഇത് മാത്രമേ ഉള്ളു...
ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.....

മറ്റൊരിക്കല്‍ നീ സൂചിപ്പിച്ചു ഒരു താത്വികന്റെ എല്ല പരിവേഷവും എടുത്തു അണിഞ്ഞു കൊണ്ട്

സ്ത്രീ സഹജമായ ചപലതയെ കണക്കിന് കളിയാക്കി കൊണ്ട് നീ മൊഴിഞ്ഞു..

മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സൌന്ദര്യത്തില്‍ അല്ല കാര്യമെന്നോതി നീ അന്നെഴുതി സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. എന്ന്.

കലുഷിതമായ മനസോടെ ഞാന്‍ നിന്നെ കാണുന്നുവെന്ന മനോചിന്തയില്‍ നിന്നുരുത്തിരിഞ്ഞ വേപഥ്‌വില്‍ അന്ന് നീ കുറിച്ചിട്ടു " മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും".എന്ന്.

ഇന്ന് ഈ രാവില്‍ ഇങ്ങനെ നിന്റെ മിഴിയിലേക്ക് കണ്ണും നട്ടിരിന്നു പുലരും വരെ കഥ പറയണം എന്നുണ്ട്..എങ്കിലും ....

സമയത്തിന്റെ അപര്യാപതത മൂലം ഒരു ചെറു കഥ പറയട്ടെ...

അങ്ങ് ഗ്രീസില്‍ യവന രാജകുമാരിയുടെ മട്ടുപാവിനു താഴെ ഉദ്യാനത്തില്‍ എന്നും തണുത്ത വെളുപ്പാന്‍ കാലത്ത് ഒരു സുന്ദരിയായ ഒരു വാനമ്പാടി പറന്നു വരിക പതിവാണ്..
രാത്രി ഏറെ വൈകിയും മട്ടുപാവിന്റെ ജനല്പാളികളില്‍ പിടിച്ചു നിന്ന് രാജകുമാരി ആ വാനമ്പാടിയുടെ തേനൂറും സ്വരം എന്നും കേള്‍ക്കുകയും പതിവ്.

ആ വാനമ്പാടിക്ക് ഒരിക്കല്‍ ആ ഉദ്യാനത്തില്‍ വിരിഞ്ഞു നിന്ന വെളുത്ത പനിനീര്‍ പൂവിനോട് വല്ലാത്ത പ്രണയം തോന്നി.ഒരു തണുത്ത പ്രഭാതത്തില്‍ ആ വാനമ്പാടി തന്റെ പ്രണയം പൂവിനെ അറിയിച്ചു...അപ്പോള്‍ ആ പൂവ് പറഞ്ഞു എന്റെ നിറം എന്ന് ചുകപ്പാകുന്നുവോ അന്ന് നിന്നെ ഞാന്‍ പ്രണയിക്കാം.അത് കേട്ട് ആ വാനമ്പാടി തന്റെ ശരീരം പനിനീര്ചെടിയുടെ മുള്ളില്‍ കീറി രക്തം പൂവിന്മേല്‍ ഒഴിച്ചുകൊണ്ടിരുന്നു ... പൂവിന്റെ നിറം ചുകപ്പാകും വരെ അത് തുടര്‍ന്നു.അങ്ങിനെ പനിനീര്‍ പൂവിന്റെ നിറം ചുകപ്പായപ്പോഴേക്കും പൂവിനു വാനമ്പാടിയോട് പ്രണയം തോന്നി...പൂവ് തന്‍റെ ഇഷ്ടം വാനമ്പാടിയോട് പറയുമ്പോഴേക്കും
വാനമ്പാടി തന്‍റെ ജീവന്‍ വെടിഞ്ഞിരുന്നു...

നിറഞ്ഞ കണ്ണുകളോടെ നിന്നോട് വിട പറയുന്നു..ഈ രാവില്‍......

അടുത്ത രാവില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ മാത്രം ബാക്കിവെച്ചു കൊണ്ട്...

Thursday, March 8, 2012

പതിമൂന്നാം രാവ്..

എന്റെ മടിയിലായിരുന്നു ആതിര, മൂന്ന് പേര്‍ക്കിരിക്കാവുന്ന ബജാജ് ഓട്ടോയുടെ സീറ്റില്‍ അഞ്ച് പേര്‍. ഡ്രൈവര്‍ക്കിരുവശവുമായ് രണ്ട് പേര്‍, ആകെ എട്ട് പേരുമായ് ആ ചെറു കുടുകുടു വാഹനം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്..

“ഡീ, ഇങ്ങേരെന്നെ തോണ്ടുന്ന പോലെ..” ആതിര, എനിക്കടുത്തിരിക്കുന്നവന്റെ മുഖത്ത് നോക്കാതെ ഈര്‍ഷ തീര്‍ത്തത് ഒന്നിളകി ഇരുന്നിട്ടായിരുന്നു.

“ഹോ, ആകെ നാല്‍പ്പത്തഞ്ച് കിലോയേ ഉള്ളു, എന്നാ മുടിഞ്ഞ വെയിറ്റാടീ എന്റെ മടീലിരിക്കുമ്പോള്‍ നിനക്ക്?”
ഇറങ്ങിക്കഴിഞ്ഞപ്പോഴുള്ള എന്റെ പരാതിക്ക് ഒരു ഐസ്ക്രീം എക്സ്ട്രാ കിട്ടുക തന്നെ വേണ്ടതാണ്!

“ഹ്ഹഹഹ!! പേടിക്കേണ്ട ട്ടാ, പോക്കറ്റ് മണി ആവശ്യത്തിലധികമില്ലെങ്കിലും ആവശ്യത്തിനുണ്ട്, ഞാനേറ്റു” എന്റെ മനസ്സ് വായിച്ചതില്‍ എനിക്കേതും അത്ഭുതം തോന്നിയില്ലെ, ഇതെത്ര പ്രാവശ്യം നടന്നിരിക്കുന്നു എന്നതാണ് അതിലെ സത്യം!

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഒരേ ഹോസ്റ്റല്‍ റൂമിലൊരുമിച്ചുണ്ടുറങ്ങിയ ആതിരയുടെ മുഖം ഓര്‍ത്തെടുക്കുകയാണിന്ന് ഞാന്‍. അന്നൊരിക്കല്‍ പാര്‍ലറിലിരുന്ന് ഐസ്ക്രീം നുണയുന്നതിനിടയിലാണ് ആ പ്രൊപ്പോസല്‍ ഉറപ്പിച്ചതായി അവള്‍ പറയുന്നത്. നോര്‍ത്ത് ഇന്‍ഡ്യയില്‍ സെറ്റില്‍ ആയ മലയാളി യുവാവുമായ് അടുപ്പമുണ്ടായിരുന്നതിന് സാക്ഷ്യം ഞാന്‍ തന്നെയായിരുന്നു.

ഇന്നത്തെ അവളുടെ മെയില്‍, കല്യാണത്തിനുശേഷം ആദ്യമായ് വന്നതായിരുന്നു. എന്നതിനാല്‍ത്തന്നെ അത്രയും പ്രാധാന്യം അതിനുള്ളതായ് തോന്നി. തോന്നല്‍ സത്യവുമായിരുന്നു, കല്യാണം കഴിഞ്ഞ് ഒന്‍പത് മാസത്തെ കുടുംബജീവിതം വേര്‍പെടുത്തിയതും ശേഷം ജോലിയുമായ് തനിയെ ഒരു വര്‍ഷത്തോളമായി മണലാരണ്യത്തില്‍ പ്രവാസജീവിതം തുടരുന്നതുമൊക്കെയായിരുന്നു ഉള്ളടക്കം.

വൈകീട്ട് മക്ഡൊണാള്‍ഡില്‍ കാണാം എന്ന വാചകം എന്നെ അത്ഭുതപ്പെടുത്തിയത്, ഞാന്‍ ഇവള്‍ക്കടുത്തെന്നത് മുമ്പേ അറിഞ്ഞിരിക്കുന്നു എന്നതിനാലായിരുന്നു..

“എന്താടീ അപ്സെറ്റായിരിക്കുന്നത്? ഐസ്ക്രീമിനുള്ള കൊതിയാണോ? ഹ്ഹഹഹ!” ആതിര കിലുകിലെ ചിരിക്കുന്നു.
കണ്‍തടങ്ങളില്‍ കറുപ്പലയടിച്ചതൊഴികെ പ്രസന്നമായിരുന്നു അവളുടെ മുഖവും കണ്ണുകളും ചലനങ്ങളും..

“മ്, അറിഞ്ഞിട്ടും ഇതേവരെ..”

“നില്ലെടി, അതൊന്നുമല്ല, നിന്നേം കൂടി എന്തിനാ എന്റെ ഒറ്റപ്പെടലില്‍ ചേര്‍ക്കുന്നേ എന്ന് കരുതി”
എന്റെ സങ്കടം പറയുവാന്‍ അവള്‍ സമ്മതിച്ചില്ല..

“കാണണമെന്നേ ഉണ്ടായിരുന്നുള്ളു, ഇന്ന് ഞാനേറെ സന്തോഷിക്കുന്നു, ഈ ഒറ്റപ്പെടലിലും ഇത്രയും കാലത്തിനു ശേഷം അതാണ് കാണാന്‍ വന്നത്..” എന്റെ വിശേഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലായ ഞാന്‍ മൂകമായിരുന്നു, എല്ലാം കേട്ട് കൊണ്ട്..

ആതിര തുടര്‍ന്നു, “ഒരിക്കല്‍ ചൂട് പാല്‍ കുടിച്ച പൂച്ചയാണ് ഞാന്‍, എന്നിട്ടും എന്റെ ഹൃദയത്തിനെ അടക്കി നിര്‍ത്താന്‍ പറ്റുനില്ല, ഞാന്‍ സ്നേഹിക്കുകയാണ്, സ്നേഹിക്കപ്പെടുന്നതിനൊപ്പമായ്.. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.. ഓര്‍ക്കുന്നില്ലേ, അന്ന് നമ്മളൊന്നായ് വിഷുക്കണി കണ്ടത്, വീതിക്കരയുള്ള സ്വര്‍ണ്ണക്കസവുടുത്ത്..
ആ നല്‍ക്കണിപോലെ ഞാന്‍ കാണുകയാണ് ഒരു മുഖം..”

“ഇല്ല, എനിക്ക് കഴിയില്ല, ഒരു ജന്മം കൂടി പതറുവാന്‍..
ഒരിക്കല്‍ക്കൂടി വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക് നടന്ന് നീങ്ങുവാ‍ന്‍..
പേടിയാണിന്നെനിക്ക്,
ആത്മധൈര്യം ചോര്‍ന്നത് പത്മവ്യൂഹത്തിനുള്ളില്‍ വെച്ചായതിനാലാവും..
ഒറ്റയാക്കപ്പെട്ട്,
അതില്‍ നിന്ന് പുറത്തെറിയപ്പെട്ടതിനാലാവാം, ഞാന്‍ അധൈര്യപ്പെടുന്നത്..”

ആതിരയുടെ കൈത്തലം, മേശയില്‍ ഇറ്റുവീണ നീര്‍ത്തുള്ളിയെ തഴുകുമ്പോള്‍ എന്റെ കൈകള്‍ സംഞ്ജയേതുമില്ലാതെ ആ കരത്തലങ്ങളെ മൂടുകയായിരുന്നു..

“വരൂ, എഴുന്നേല്‍ക്കൂ.. നമുക്ക് നടക്കാം..”
ബില്ല് പേ ചെയ്ത് അവള്‍ക്കൊപ്പം നടക്കുമ്പോള്‍ എന്നെ ചിന്തകള്‍ മഥിച്ചിരുന്നു..

ചൂട് കാറ്റടിക്കുന്നെങ്കിലും ഇപ്പോള്‍ ഒരു ഊഷ്മളത പടരുന്നത് ഞാനറിഞ്ഞു..


നിശബ്ദപദചലനങ്ങളിലൂടെ നമ്മള്‍ രണ്ട് പേരും ആ വീഥിയിലൂടെ നടന്നു നീങ്ങി..

പാതി ചൊല്ലിയ കഥയെ മുഴുമിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചില്ല,
കേട്ടതിനും മീതെയാണ് ഒരു നീര്‍ക്കുമിള പോലെ ജീവിതമെന്ന ആകെത്തുക..
ഒഴുക്കിന്റെയൊപ്പം നീങ്ങിയ അതിന്റെ ചലനം കാറ്റിന്റെ ശ്വാസഗതി ആവേഗം കൂട്ടുന്നു..

ഒരു ദീര്‍ഘശ്വാസമാകാം നമുക്ക്..
പൊട്ടാന്‍ തുടങ്ങുന്ന നിമിഷത്തിനും ഇക്കരെ നിന്ന്..

..
മേഘമാത്യു


|||||||image courtesy 'google'|||||||

Wednesday, March 7, 2012

പന്ത്രണ്ടാം രാവ്

ഫ്രഞ്ചധീന മയ്യഴി മാഹിയാവുന്നത്, സ്വതന്ത്രമാകുന്നത് വളരെ വൈകിയാണ്, ചരിത്ര വസ്തുതകളെ ചികയാതെ ഞാന്‍ നീങ്ങുകയാണ്.. ഡെല്‍ഹിയിലേക്കുള്ള പറിച്ച് നടല്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ന് ഈ വരവിനെ ഇത്ര ഗൃഹാതുരത്വമുള്ളതാക്കില്ലായിരുന്നു.

പണ്ട് നടന്ന് പിന്നിട്ട ഇടവഴികളെല്ലാം മാഞ്ഞിരിക്കുന്നു, ടാറിട്ട ചെറുറോഡുകളും ഗ്രില്ലിട്ട ചെറുതും വലുതുമായ വീടുകളും കോണ്ട് നിറങ്ങിരിക്കുന്നു ഈ കുഞ്ഞു ദേശം.

യാദൃശ്ചികതയെന്ന് പറയാം, മയ്യഴിയെ ഹൃദയത്തിലേറ്റിയ എഴുത്തുകാരനെ ആദ്യമായി വായിക്കുന്നത് ഡെല്‍ഹി എന്ന നോവലിലൂടെയാണ്, അതും ഡെല്‍ഹിയില്‍ വെച്ച്, പിന്നീട് എന്നോ കണ്ടു, ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം. മാഹി എന്ന പഴയ മയ്യഴിയുടെ വൈകാരികത ഇത്ര നിറയുന്ന ദൃശ്യത എന്നില്‍ നിറഞ്ഞത് ആ നോവല്‍ തേടിപ്പിടിച്ച് വായിക്കുന്നതില്‍ എത്തിച്ചിരുന്നു.

മാന്തികനും ദയാലുവുമായ എല്ലാത്തിലുമുപരി നിസ്സഹായനുമായ അല്‍ഫോണ്‍സച്ചന്റെ ഇടറി വീഴ്ചയില്‍ വായന അവസാനിച്ചിരുന്നെങ്കിലും അതിന്റെ ആഴം എന്നും ഉറക്കത്തിനെ സ്വപ്നശകലമായ് തൊട്ടുണര്‍ത്തിയിരുന്നു..

ഓഹ്.. നിശബ്ദചിന്തയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുന്നു, മാഹി പള്ളിയുടെ സാന്നിദ്ധ്യം.. പ്രാര്‍ത്ഥനയ്ക്കിനിയും സമയമുണ്ട്, ഇത്തിരി കൂടി കഴിഞ്ഞാവട്ടെ, അതുവരെക്കും ഇവിടമൊക്കെ ചുറ്റി നടക്കാം..

പള്ളി മണി ഉയരുന്നത് ആസ്വദിച്ച് നടന്ന് പടികളിറങ്ങുവാന്‍ തുടങ്ങി..


“അയ്യോ‍ാ..” ഒരടി തെറ്റി താഴേക്ക് പതിക്കാന്‍ തുടങ്ങിയ എന്നെ താങ്ങിയത് ആരാണ്.. മുഖം തിരിഞ്ഞ് നോക്കി ഞാന്‍..

“എന്താഡീ, ദിവാ സ്വപ്നം കാണുകാണോ?”
‘ദൈവത്തിന്റെ വികൃതികള്‍’ പുസ്തകവും മാറിലേക്കമര്‍ത്തി കസേരയില്‍ കഴുത്തൊടിഞ്ഞുറക്കം തൂങ്ങിയ എന്നെ തട്ടിയുണര്‍ത്തിയ മമ്മയുടെ ചോദ്യം..

“മമ്മാ, ഇങ്ങനെ പേടിപ്പിക്കരുത്” എന്റെ ദയനീയ ഭാവം മമ്മയില്‍ ചിരിയുണര്‍ത്തി..

“മമ്മാ, മമ്മാ, നമുക്കൊരിക്കല്‍ മാഹിയില്‍ പോകണം, എന്റെ ഒരു ആഗ്രഹമാ, ദാ ഇപ്പോള്‍ തോന്നിയത്, ഞാനെന്തൊക്കെയോ സ്വപ്നം കണ്ട് ആകെ വല്ലാതായി..”

പോകാമെന്നോ ഇല്ലെന്നോ എന്നൊന്നും പറയാതെ, ഒരു പുഞ്ചിരി വിടര്‍ത്തി അപ്പോഴേക്കും മമ്മ അടുക്കളയിലേക്ക് നിങ്ങിയിരുന്നു..

ഞാന്‍ സ്വയം തലയ്ക്ക് ഒരു കിഴുക്ക് കിഴുക്കി കണ്‍പോളകള്‍ പിടിച്ച് വിടര്‍ത്തി വാഷ് ബേസിനരികിലേക്കും നടന്നു..

..
മേഘമാത്യു


|||||||image courtesy 'google'|||||||

Tuesday, March 6, 2012

പതിനൊന്നാം രാവ്..

രാവണന് സീത ആരായിരുന്നു..?

കഥകള്‍ ചൊല്ലാതെ ചൊല്ലുന്നത് പോലെയെന്തെങ്കിലും വികാരങ്ങളോ?


അതോ, ഏതോ ഒരു ശാപഗ്രസ്ഥമാം കഥ ചൊല്ലുന്ന പോലെ സ്വന്തം മകള്‍..?

മറവിയാണ് മനുഷ്യന് കിട്ടിയ ഏറ്റവും നല്ല വരമെന്ന് പറയുന്നവരുണ്ട്.


കഥകള്‍ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞ് പോകുന്നത് നല്ലതാണോ? അല്ല തന്നെ..

രാമായണം ഇന്ത്യയ്ക്ക് വെളിയില്‍ പലയിടങ്ങളിലും പാഠ്യപുസ്തകമാണ് അല്ലെങ്കില്‍ പല രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് രാമായണത്തില്‍ അറിവുണ്ട്. ഇന്തോനേഷ്യ, ടിബറ്റ്, തായ് ലാന്‍ഡ് (പഴയ സയാം) തുടങ്ങിയവ അവയില്‍ പ്രധാനമാണ്.

ഇവിടങ്ങളിലെ പല ടൂറിസ്റ്റ് പ്രദേശങ്ങളിലും രാമായണം ബാലെയായ് അവതരിപ്പിക്കാറുണ്ട്, അതിലേറ്റവും പ്രധാനം ലങ്കാദഹനം തന്നെ എന്നതില്‍ തര്‍ക്കമേതുമില്ല. സ്റ്റേജിലെ അവതരണവും വേഷഭൂഷാദികള്‍ ഇന്ത്യയിലേതിലും അപേക്ഷിച്ച് വ്യത്യാസപ്പെട്ടത് തന്നെ.

ഇവിടങ്ങളില്‍ പലയിടത്തും കഥയില്‍ സീതാദേവി ജനകപുത്രിയായ് പ്രകീര്‍ത്തിക്കപ്പെടുന്നില്ല, മറിച്ച് അവള്‍ രാവണപുത്രിയാണ്. ഈ കഥ ഭാരതത്തിലും നിലവിലുണ്ടെന്ന് തോന്നുന്നു, എന്തെന്നാല്‍ ഈ കഥയെ മറക്കുമെന്ന ഒരു ശാപവും ഉണ്ടെന്ന് ഒരു ഓര്‍മ്മ മനസ്സില്‍ തെളിയാറുണ്ട്..

രാവണപുത്രി കഥയിങ്ങനെ, “മണ്ഡോദരിയില്‍ പിറക്കുന്ന ആദ്യസന്താനം പെണ്ണായിരിക്കുമെന്നും അവള്‍ കാരണം രാജ്യവും കുലവും നശിപ്പിക്കപ്പെടുമെന്നും ഉള്ള മഹര്‍ഷിമാരുടെ മുന്നറിയിപ്പ് വകവെക്കാതെ രാവണന്‍ മണ്ഡോദരിയെ വിവാഹം കഴിക്കുന്നു. അനന്തരം അപകടത്തെപ്പറ്റിയുള്ള മുന്നറിയിപ്പോര്‍ത്ത രാവണന്‍ ആദ്യസന്താനമായ പെണ്‍കുഞ്ഞിനെ പേടകത്തിനകത്താക്കി ജനകമഹാരാജാവിന്റെ വയലില്‍ ഉപേക്ഷിക്കുന്നു, തദനന്തരം കുഞ്ഞിനെ ജനകന് ലഭിക്കുകയും ജാനകിയായ് വളരുന്നു..”

സീത എന്നും ദുഖപുത്രിയാണ്..
അഴലായലിയാനൊരു കടല്‍ ബാക്കിയുണ്ട്..


സീതായനങ്ങള്‍ അവസാനിക്കാതെ,
ജന്മജന്മാന്തരങ്ങളായ്..

രാമനുപേക്ഷിച്ച വീഥിയില്‍ നിന്ന്
രാമജന്മകാലടികള്‍
രാമനറിയാതെ പിന്തുടര്‍ന്ന്
രാമപാദം ചേര്‍ന്നീടാനായ്..

ഇന്നും
എന്നും
ഈ ശ്യാമമേഘവും
മറ്റൊരു സീതയായ്..
..
ശ്യാമവിജയന്‍

|||||||image courtesy 'google'|||||||

Monday, March 5, 2012

പത്താം രാവ്..


ഒരു പാട്ട്
ഏത് വരിയെന്നില്‍ നിറഞ്ഞെതെന്ന്
പകുത്തെടുക്കാന്‍

ഒരു സംഗീതം
ഏത് താളം എന്നെത്തഴുകിയതെന്ന്
നിനച്ചെടുക്കാന്‍..

നിന്റെ പാദമുദ്രകള്‍ക്കലം കുറച്ച്
ഞാനും ഈ വഴിയില്‍..
നിന്നില്‍ നിന്നൊരു തൊട്ടുവിളിക്ക-
കലെയായ്.. ഒരു വിരല്‍ത്തുമ്പിനടുത്തായ്..

..
ഹസീന

|||||||image courtesy 'google'|||||||